ടൈറ്റാനിക് ഒന്നിന്‍റെ ദുരന്ത സ്മരണകള്‍ ഓര്‍ക്കുന്നതനിടയില്‍ ഇതാ അതിനൊരു രണ്ടാമന്‍ വരുന്നു. അതേരൂപത്തിലും ഭാവത്തിലുമാണ് രണ്ടാമനും വരുന്നത്. ഓസ്‌ട്രേലിയന്‍ കോടീശ്വരനായ ക്ലൈവ് പാമര്‍ ആണ് ടൈറ്റാനിക്കിന് ഒരു രണ്ടാമനെ ഒരുക്കുന്നത്. ലോകത്തിലെ കപ്പല്‍ ദുരന്തങ്ങളിലെ ഏറ്റവും ഭീതിപ്പെടുത്തുന്ന ഓര്‍മ്മയാണ് ടൈറ്റാനിക്കിന്‍റെ തകര്‍ച്ച. 21-ാം നൂറ്റാണ്ടിലെ ടൈറ്റാനിക്-2 രൂപകല്പന അധികം വൈകാതെ തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്.
ഖനി വ്യവസായി കൂടിയാണ് കപ്പല്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന പാമര്‍. അടുത്ത വര്‍ഷം അവസാനത്തോടെ കപ്പല്‍ നിര്‍മാണം ആരംഭിക്കുമെന്ന് അദ്ദേഹം ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏതാണ്ട് നാലുവര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കി 2016 ഓടു കൂടി കപ്പല്‍ നീറ്റിലിറക്കാമെന്നാണ് കരുതപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആകൃതി, പ്രത്യേകതകള്‍ എന്നിവ കൊണ്ട് ടൈറ്റാനിക് കപ്പല്‍ യഥാര്‍ഥ ടൈറ്റാനിക്കിന് സമാനമായിരിക്കും. എന്നാല്‍, പുതിയ സാങ്കേതികവിദ്യകള്‍ ആയിരിക്കും ടൈറ്റാനിക്-2 നെ മുന്നോട്ടു നയിക്കുകയെന്ന് പാമര്‍ പറയുന്നു. ചൈനീസ് കമ്പനിയായ സി.എസ്.സി. ജിന്‍ലിങ് ഷിപ്പ്‌യാര്‍ഡുമായി കപ്പല്‍ നിര്‍മാണം സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടതായും അദ്ദേഹം അറിയിച്ചു. ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കായിരിക്കും പ്രഥമയാത്ര.
ക്യൂന്‍സ്‌ലന്‍ഡ് സ്വദേശിയായ ഈ ഖനി വ്യവസായിക്ക് ചൈനയുമായി ശക്തമായ വ്യവസായ ബന്ധമാണുള്ളത്. അടുത്ത തിരഞ്ഞെടുപ്പില്‍ ലിബറല്‍ നാഷണല്‍ പാര്‍ട്ടി (എല്‍.എന്‍.പി.) സ്ഥാനാര്‍ഥിയായി മത്സരിക്കാനും അദ്ദേഹത്തിനു പദ്ധതിയുണ്ട്. ടൈറ്റാനിക് ദുരന്തത്തിന്റെ നൂറാം വാര്‍ഷികം ഏപ്രില്‍ 15ന് ആചരിച്ചതിനു തൊട്ടുപിന്നാലെയാണ് ടൈറ്റാനിക് -2 നിര്‍മിക്കുന്ന കാര്യം പാമര്‍ വെളിപ്പെടുത്തിയത്. അതിന് ചെലവെത്രയാകുമെന്ന് അദ്ദേഹം പറഞ്ഞില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല