അടിച്ച് പൂസായി തീം പാര്‍ക്കില്‍ നിന്ന് പെന്‍ഗിനെ മോഷ്ടിക്കാന്‍ ശ്രമിച്ച യു കെ പൌരന്മാരായ രണ്ട് യുവാക്കള്‍ പിടിയില്‍. ഓസ്ട്രേലിയയിലെ തീം പാര്‍ക്കിലാണ് സംഭവം. വോഡ്ക അടിച്ച് ലഹരിയിലായ റീസ് ഒവെന്‍ ജോണ്‍സ്, 21,കേരി മല്‍സ്, 20 എന്നീ ബ്രിട്ടീഷ് യുവാക്കളാണ് ഡിര്‍ക് എന്ന പെന്‍ഗിനെ മോഷ്ടിക്കാന്‍ ശ്രമിച്ചതിന് പിടിയിലായത്. ഓസ്ട്രേലിയയില്‍ അവധി ആഘോഷിക്കാന്‍ എത്തിയതാണ് ഇരുവരും.
ബ്രിസ്ബെയ്ന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുപ്രതികളും കുറ്റം സമ്മതിച്ചു. തുടര്‍ന്നു മജിസ്ട്രേറ്റ് കോടതി, ഈ യുവാക്കള്‍ക്ക് 1000 ഓസ്ട്രേലിയന്‍ ഡോളര്‍ (637 പൌണ്ട്) പിഴ ശിക്ഷ വിധിച്ചു. പാര്‍ക്കിലെ
ഡോള്‍ഫിനുകളെ സംരക്ഷിക്കുന്ന ഭാഗത്തേക്ക് അതിക്രമിച്ചു കടന്നു, പാര്‍ക്കിലെ സംരക്ഷിത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പെന്‍ഗിനെ മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് യുവാക്കള്‍ക്ക് പിഴ ശിക്ഷ വിധിച്ചത്. സൌത്ത് വെയ്ല്‍സ് സ്വദേശികളാണ് ഇരുവരും.
ജോണ്‍സ് മുന്‍ കപ്പല്‍ ജീവനക്കാരനാണ്, മള്‍സ് ബില്‍ഡിങ്ങ് ജോലികള്‍ ചെയ്തു വരികയായിരുന്നു. സന്ദര്‍ശക വിസയില്‍ യു കെയില്‍ എത്തിയ ഇരുവരും കഴിഞ്ഞ മാസം 14 നാണ് മദ്യലഹരിയില്‍ പാര്‍ക്കിലെത്തി ഈ വിക്രിയകള്‍ കാണിച്ചു കൂട്ടിയത്. ബീച്ച് പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം ഒരു ഓസ്ട്രേലിയന്‍ യുവാവുമായാണ് ഇവര്‍ പാര്‍ക്കിലെത്തിയത്.
മദ്യലഹരിയിലായിരുന്ന ഈ യുവാക്കള്‍ പാര്‍ക്കില്‍ നിന്നു പെന്‍ഗിനെ കടത്തി കൊണ്ട് പോയി. പിന്നീട് ലഹരി വിട്ടപ്പോള്‍ പെന്‍ഗിനെ വഴിയരുകിലെ ഓടയില്‍ ഉപേക്ഷിച്ചു. തുടര്‍ന്നു ഓടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പെന്‍ഗിനെ കണ്ടെത്തിയ വിവരം പരിസരവാസികള്‍ തീം പാര്‍ക്ക് അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു പാര്‍ക്ക് അധികൃതര്‍ എത്തി പെന്‍ഗിനെ പാര്‍ക്കില്‍ എത്തിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല