പാര്‍ലമെന്റ് ബഹിഷ്കരണം അവസാനിപ്പിച്ച് നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി(എന്‍എല്‍ഡി) നേതാവ് ഓങ് സാന്‍ സ്യൂ കിയും പാര്‍ട്ടിയിലെ 33 എംപിമാരും സത്യപ്രതിജ്ഞ ചെയ്തു. സൈന്യത്തിന്റെ പിന്തുണയുള്ള തെയിന്‍സീന്‍ സര്‍ക്കാരും സ്യൂകിയുടെ ജനാധിപത്യപാര്‍ട്ടിയും തമ്മിലുള്ള വെടിനിര്‍ത്തല്‍ മ്യാന്‍മര്‍ രാഷ്ട്രീയത്തില്‍ പുതുയുഗത്തിനു തുടക്കംകുറിച്ചിരിക്കുകയാണെന്നു രാഷ്ട്രീയ വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിക്കുന്ന ഒരു വാക്കിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. ഭരണഘടനയെ പരിരക്ഷിക്കാം എന്നതിനു പകരം മാനിക്കാം എന്ന വാക്ക് പ്രതിജ്ഞയ്ക്കുള്ള ഫോര്‍മുലയില്‍ ഉപയോഗിക്കണമെന്ന് സ്യൂ കി ആവശ്യപ്പെട്ടു. തെയിന്‍ സീന്‍ സര്‍ക്കാര്‍ സമ്മതിച്ചില്ല. അവസാനം സ്യൂ കി വിട്ടുവീഴ്ചയ്ക്കു തയാറായി. തിങ്കളാഴ്ച അവസാനിക്കേണ്ടിയിരുന്ന പാര്‍ലമെന്റ് സമ്മേളനം സ്യൂ കിയുടെ സത്യപ്രതിജ്ഞയ്ക്കായി ഇന്നലത്തേക്കുകൂടി നീട്ടുകയായിരുന്നു. മുന്‍ സൈനിക ഭരണകൂടം നിര്‍മിച്ച പുതിയ തലസ്ഥാനനഗരമായ നയ്പിറ്റോയിലെത്തിയാണ് സ്യൂ കിയും കൂട്ടരും സത്യപ്രതിജ്ഞ നടത്തിയത്.
സൈനിക പ്രതിനിധികളോടൊപ്പം പാര്‍ലമെന്റില്‍ ഇരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്േടാ എന്ന ചോദ്യത്തിനു സൈന്യത്തോട് എന്നും തനിക്ക് സൌഹൃദവും ബഹുമാനവുമാണുള്ളതെന്ന് അവര്‍ പറഞ്ഞു. മ്യാന്‍മര്‍ പാര്‍ലമെന്റില്‍ 25% സീറ്റ് സൈന്യത്തിനു സംവരണം ചെയ്തിരിക്കുകയാണ്. ഭരണകക്ഷിക്കും സൈന്യത്തിന്റെ പിന്തുണയുണ്ട്. സ്യൂ കിയുടെ പാര്‍ട്ടി എത്തിയതോടെയാണ് പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിനു റോള്‍ കിട്ടുന്നത്.വിട്ടുവീഴ്ച ചെയ്യാതെ ലക്ഷ്യം സാധിക്കാനാവില്ലെന്ന് ചൊവ്വാഴ്ച വാണിജ്യതലസ്ഥാനമായ യാങ്കോണില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സ്യൂ കി ചൂണ്ടിക്കാട്ടി.
ബ്രിട്ടനില്‍നിന്നു മ്യാന്‍മറിനു സ്വാതന്ത്യ്രം നേടിയെടുക്കുന്നതിനുവേണ്ടി മുന്നിട്ടിറങ്ങിയ ഓങ് സാന്റെ മകളായ സ്യൂ കി 1988ലാണ് ബ്രിട്ടനില്‍നിന്ന് മ്യാന്‍മറിലെത്തിയത്. രോഗിയായ അമ്മയെ ശുശ്രൂഷിക്കാനെത്തിയ സ്യൂ കി രാഷ്ട്രീയത്തിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. സൈനിക ഭരണകൂടത്തിനെതിരേനടന്ന സമ രത്തില്‍ അവര്‍ സജീവമായി പങ്കെടുത്തു. 1989ല്‍ അറസ്റിലായ സ്യൂ കി പിന്നീട് മിക്കവാറും വീട്ടുതടങ്കലിലായിരുന്നു. ഓക്സ്ഫര്‍ഡില്‍ അധ്യാപകനായ ഭര്‍ത്താവ് ബ്രിട്ടീഷുകാരനായ മൈക്കല്‍ ആരീസിന് ഇതിനിടെ രോഗം ബാധിച്ചു. ഭര്‍ത്താവിനെ കാണാന്‍ പോയാല്‍ തിരിച്ചുവരാന്‍ സൈന്യം അനുവദിക്കില്ലെന്നു വ്യക്തമായതിനാല്‍ സ്യൂ കി നാട്ടില്‍ത്തന്നെ തങ്ങി. 1999ല്‍ മൈക്കല്‍ മരിച്ചു. ഇതിനിടെ, 1991ല്‍ സ്യൂ കിക്ക് നൊബേല്‍ പുരസ്കാരം ലഭിച്ചു.
ജനാധിപത്യത്തിനു വേണ്ടിയുള്ള സമരത്തില്‍ ഏറെ കഷ്ടത സഹിച്ച സ്യൂ കി 2010ല്‍ സൈനിക ഭരണകൂടം നടത്തിയ പൊതുതെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. എന്നാല്‍ തെയിന്‍സീന്‍ സര്‍ക്കാര്‍ ഭരണപരിഷ്കാരങ്ങള്‍ക്കു മുതിര്‍ന്ന സാഹചര്യത്തില്‍ ഒരു മാസം മുമ്പു നടന്ന ഉപതെരഞ്ഞെടുപ്പില്‍ അവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല