ചൈനയില്‍ തന്റെയും കുടുംബത്തിന്റെയും സുരക്ഷ അപകടത്തിലാണെന്നും അമേരിക്ക അഭയം നല്കണമെന്നും അന്ധനായ വിമതന്‍ ചെന്‍ ഗുവാങ്ചെന്‍. ചൈനാ സന്ദര്‍ശനത്തിനെത്തിയിരിക്കുന്ന വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ളിന്റന്റെ വിമാനത്തില്‍ത്തന്നെ അമേരിക്കയ്ക്കു പോകണമെന്നാണ് തന്റെ അഭിലാഷമെന്ന് കഴിഞ്ഞദിവസം യുഎസ് എംബസി വിട്ടു പുറത്തുവന്ന ചെന്‍ വ്യക്തമാക്കി. ആറു ദിവസം യുഎസ് എംബസിയില്‍ കഴിഞ്ഞശേഷം ചെന്‍ എംബസി വിട്ടത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കിയെങ്കിലും താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നാണ് ചെന്‍ നല്‍കുന്ന സൂചന.
ചെന്‍ പ്രശ്നം പ്രസിഡന്റ് ഒബാമയ്ക്കെതിരേ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കാന്‍ എതിരാളികള്‍ മുതിര്‍ന്നേക്കാമെന്നും ആശങ്കയുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകനായ ചെന്നിനെ അമേരിക്ക കൈയൊഴിഞ്ഞെന്ന പ്രചാരണത്തിനായിരിക്കും അവര്‍ മുതിരുക. ഇതിനിടെ ചെന്‍ പ്രശ്നം ബെയ്ജിംഗില്‍ ഇന്നലെ ആരംഭിച്ച യുഎസ്-ചൈന ചര്‍ച്ചയ്ക്കുമേല്‍ കരിനിഴലായി. തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ടതിന് യുഎസ് മാപ്പു പറയണമെന്ന് ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, യുഎസ് എംബസി വിടാന്‍ ചെന്നിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണം യുഎസ് അധികൃതര്‍ നിഷേധിച്ചു.
കുടുംബാസൂത്രണത്തിനും നിര്‍ബന്ധിത വന്ധ്യംകരണത്തിനുമെതിരേ പോരാടിയതിനാണ് ചൈനീസ് അധികൃതര്‍ ചെന്നിനെ തടവിലാക്കിയത്. നാലുവര്‍ഷത്തെ തടവിനുശേഷം മോചിതനായെങ്കിലും പിന്നീട് വീട്ടുതടങ്കലിലാക്കുകയായിരുന്നു. അവിടെനി ന്നു രക്ഷപ്പെട്ട് യുഎസ് എംബസിയില്‍ അഭയംതേടി. ആറു ദിവസം എംബസിയിലായിരുന്ന ചെന്നിനെ യുഎസ് സ്ഥാനപതി ഗാരി ലോക് ബുധനാഴ്ച ബെയ്ജിംഗിലെ ആശുപത്രിയില്‍ എത്തിച്ചു. ചെന്നിന്റെ സുരക്ഷയുടെ കാര്യത്തില്‍ ചൈന ഉറപ്പുനല്കിയിട്ടുണ്െടന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
ആശുപത്രിയിലെത്തി ഭാര്യയെയും കുട്ടികളെയും സന്ദര്‍ശിച്ചതുമുതല്‍ താന്‍ ആപത്തിലാണെന്നു ഭയപ്പെടുന്നതായി ചെന്‍ പറഞ്ഞതായി ഒരു വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയിലെത്തിച്ചയുടന്‍ യുഎസ് ഉദ്യോഗസ്ഥര്‍ തന്നെയും കുടുംബത്തെയും ഒറ്റയ്ക്കാക്കി മടങ്ങി. തങ്ങള്‍ക്ക് ഇതുവരെ ഭക്ഷണം തന്നിട്ടില്ല. കുട്ടികള്‍ വിശന്നുവലഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീട്ടുതടങ്കലില്‍നിന്നു രക്ഷപ്പെടുന്നതിനിടെ കാലിനേറ്റ പരിക്കിനാണ് ചെന്നിനെ ആശുപത്രിയിലാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല