കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഘത്തിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കൊടിസുനി എന്ന സുനില്‍ കുമാര്‍ പോലീസ് പിടിയിലായതായി സൂചന. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരോളിലിറങ്ങിയവരുടെയും ഇവര്‍ക്ക് പരോള്‍ സംഘടിപ്പിച്ചു കൊടുത്തവരുടെയും വിശദമായ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് നടന്ന ഗൂഢാലോചനയെക്കുറിച്ചും അന്വേഷണസംഘത്തിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വടകര ചെക്യാട്ട് സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ അന്തേരി സുര എന്ന സുരേന്ദ്രന്റെ വീട്ടില്‍ വിവാഹചടങ്ങില്‍ കൊലപാതകവുമായി ബന്ധപ്പെട്ടവര്‍ കൂടിയാലോചന നടത്തിയതായി വിവരം ലഭിച്ചു. സി.പി.എമ്മിന്റെ സംസ്ഥാന ജില്ലാ നേതാക്കള്‍ വിവാഹത്തിനെത്തിയിരുന്നു ഏപ്രില്‍ 22 നായിരുന്നു വിവാഹം.
സുരേന്ദ്രന്റെ മകളുടെ വിവാഹ സിഡി സ്റ്റുഡിയോയില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് കേസില്സുപ്രധാന തെളിവായിമാറും. സുരേന്ദ്രന് വളയം, വാണിമേല്‍ ഭാഗങ്ങളില്‍ ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചതിലും വധിച്ചതിലുമായി നിരവധികേസുകളില് പ്രതിയാണ്. ജയിലില്‍ നിന്നും ജയിലിലേക്ക് പോയ ഫോണ്‍വിളികളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പല തടവുകാരും രഹസ്യമായി മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. ജയിലിലെ മൊബെയില്‍ ജാമറുകള്‍ പ്രവര്‍ത്തനരഹിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
വടകര മേഖലയിലെ ജില്ലാസെക്രട്ടറിയേറ്റ് അംഗവും രണ്ട് ഏരിയാസെക്രട്ടറിമാരും ഗൂഢാലോചനയില്‍ നേരിട്ട് പങ്കെടുത്തതായാണ് അന്വേഷണസംഘത്തിന് ലഭിച്ചവിവരം. അക്രമിസംഘം ഉപയോഗിച്ച കാര്‍ കൂടാതെ മറ്റൊരു സ്വിഫ്റ്റ് കാറും ഉപയോഗിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇന്നോവ കാര്‍ ഒരു മാസം മുമ്പ്തന്നെ വാടകക്കെടുത്തിരുന്നു. വളരെ നേരത്തെ തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പോലീസ് നിഗമനം.
ഇതിനിടെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന പ്രമുഖനായ ഉദ്യോഗസ്ഥനെ സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സിപിഎമ്മിന്റെ സംസ്ഥാനതല നേതാവിന്റെ ഉപഗ്രഹമായി പ്രവര്‍ത്തിക്കുന്ന ഈ മുതിര്‍ന്ന ഉദ്യോഗസ്ഥനെ അന്വേഷണസംഘത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ തീരുമാനമായിട്ടുണ്ട്. വടകര മേഖലയിലെ മൂന്ന് സ്റ്റേഷനുകളിലെ എ.എസ്.ഐ മാരും സിപിഎമ്മുകാരാണെന്ന് ആര്‍എംപി നേതാക്കള്‍ നേരത്തെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇവരില്‍ ചിലരെ ഇപ്പോള്‍ സ്ഥലം മാറ്റിയിട്ടുണ്ട്. കൊലപാതകം നടന്നയുടനെ എല്ലാ റോഡുകളും നിരീക്ഷണത്തിലാണെന്നാണ് ഈ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞത്. അങ്ങിനെയെങ്കില്‍ പ്രധാന പ്രതികള്‍ കര്‍ണ്ണാടകയിലേക്ക് കടന്നതെങ്ങനെയെന്നാണ് ആര്.എം.പി. നേതാക്കള്‍ ചോദിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല