മോളിവുഡിലെ ഹാപ്പനിങ് സ്റ്റാറായി മാറുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്റ് ഷോയെന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്റെ സാന്നിധ്യം രേഖപ്പെടുത്താന്‍ മമ്മൂട്ടി പുത്രന് കഴിഞ്ഞുവെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍. ഇപ്പോള്‍ മെഗാസ്റ്റാറിന്റെ പുത്രനെന്ന ഇമേജില്‍ നിന്നും പുറത്തുകടന്ന് സ്വന്തമായൊരു ഇടംകണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ താരം.
ദുല്‍ഖറിനെ നായകനാക്കി ഒരുപിടി വമ്പന്‍ പ്രൊജക്ടുകളാണ് അണിയറയിലൊരുങ്ങുന്നത്. റിലീസ് കാത്തിരിയ്ക്കുന്ന അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടലിന് പിന്നാലെ നവാഗതനായ കണ്ണന്‍ സംവിധാനം ചെയ്യുന്ന ജൂണ്‍, പ്രിയദര്‍ശന്‍ ചിത്രം, മാര്‍ട്ടിന്‍ പ്രാക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം എന്നീ പ്രൊജക്ടുകളാണ് ദുല്‍ഖറിനെ തേടിയെത്തിയിരിക്കുന്നത്. ഇതില്‍ പ്രിയന്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായാണ് ദുല്‍ഖര്‍ അഭിനയിക്കുന്നതെന്നും വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. രണ്ട് താരങ്ങളും ഈ വാര്‍ത്ത സ്ഥിരീകരിച്ചിരുന്നില്ല.
എന്തായാലും മലയാള സിനിമാപ്രേമികളും മമ്മൂട്ടി ആരാധകരും കാത്തിരുന്ന ഒരു കൂട്ടുകെട്ടിന്റെ വിശേഷവും ഇപ്പോള്‍ പുറത്തുവരികയാണ്. മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഒന്നിയ്ക്കുന്നുവെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.
വൈക്കം മുഹമ്മദ് ബഷീറന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാല്യകാലസഖിയിലെ നായകകഥാപാത്രമായ മജീദായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല