1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2012

റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ രണ്ട് സി.പി.എം ജില്ലാ നേതാക്കളുടെ പങ്ക് വ്യക്തമായതായി പൊലീസ്. കൊലക്കു പിന്നില്‍ കണ്ണൂരിലെയും കോഴിക്കോട്ടെയും രണ്ട് ജില്ലാ നേതാക്കളുടെ പങ്ക് പല തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

സംശയം ചില സംസ്ഥാന നേതാക്കളിലേക്കുകൂടി തിരിയുന്നതിനാല്‍, ക്വട്ടേഷന്‍ ഏറ്റെടുത്ത കൊടി സുനിയും വായപ്പടിച്ചി റഫീഖും ഏതു നിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന ആശങ്കയിലാണ് പൊലീസ്. ജയിലില്‍കിടന്ന് അറപ്പുതീര്‍ന്ന ഇരുവര്‍ക്കും ജയില്‍വാസത്തില്‍ പേടിയുണ്ടാവില്ല. ഇവരുടെ വായ മൂടുകയാവും ഗൂഢാലോചന നടത്തിയവരുടെ അടുത്ത ലക്ഷ്യം -പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

കൊലക്കു പിന്നില്‍ ഒരു വിവാദ വ്യവസായിയുടെ പങ്ക് വെളിവാക്കുന്ന ചില സൂചനകള്‍കൂടി അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തിനുള്ള വന്‍ തുക വ്യവസായി നല്‍കിയതാണെന്നാണ് സൂചനകളിലൊന്ന്. ഇക്കാര്യം തള്ളിക്കളയാനാവില്ലെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 13 പേരടങ്ങുന്ന പ്രഥമ പ്രതിപ്പട്ടിക തയാറാക്കിയിട്ടുണ്ട്. ഇത് അമ്പതില്‍ കവിയുമെന്ന് പൊലീസ് സൂചിപ്പിച്ചു.

ക്വട്ടേഷന്‍ സംഘത്തില്‍പെട്ടവരും ചന്ദ്രശേഖരന്‍ വധത്തില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവരുമായ ആറുപേരെ കൂടി പൊലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തു. ഇവരെ രഹസ്യകേന്ദ്രങ്ങളില്‍ പാര്‍പ്പിച്ച് ചോദ്യംചെയ്യല്‍ തുടരുകയാണ്. ക്വട്ടേഷന്‍ നല്‍കിയതാര്, പണം നല്‍കിയവര്‍, ആയുധവും വാഹനവും ഏര്‍പ്പാടാക്കിയവര്‍ തുടങ്ങിയ വിവരങ്ങള്‍ ക്വട്ടേഷന്‍ സംഘത്തലവനായ കൊടി സുനിക്കും റഫീഖിനും മാത്രമേ അറിയാവൂ എന്നതിനാലാണ് ഇവരെ ആരെങ്കിലും അപായപ്പെടുത്തുമോ എന്ന് പൊലീസ് ആശങ്കപ്പെടുന്നത്. നാദാപുരം ഭാഗത്തെ ചിലരുടെ പൂര്‍ണ ഒത്താശയും കൊലയാളി സംഘത്തിന് ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. വളയത്തെ ‘എല്‍.ടി.ടി.ഇ’ ടീമിനെ വളര്‍ത്തിക്കൊണ്ടുവന്ന പ്രമുഖ ജില്ലാ നേതാവിനെതിരെ കൊല സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ തിരച്ചിലിന് പോയ രണ്ട് പൊലീസ് ടീമുകള്‍കൂടി വ്യാഴാഴ്ച വെറുംകൈയോടെ തിരിച്ചെത്തി. കൊലയാളി സംഘത്തിലെ ഏതാനും പേര്‍ ജില്ലയില്‍തന്നെയുണ്ടെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് പല ടീമുകളായി തിരിഞ്ഞ് ചൊക്ളി, കരിയാട്, പാനൂര്‍ മേഖലകളില്‍ റെയ്ഡ് നടത്തി. പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് ഇവര്‍ രക്ഷപ്പെട്ടതായി പ്രചരിക്കുന്നുണ്ടെങ്കിലും പൊലീസ് അത് നിഷേധിച്ചു. പ്രതികളെ സംരക്ഷിക്കുന്നവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പൊലീസ് തീരുമാനം. സി.പി.എമ്മിലെ ചില നേതാക്കള്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ക്വട്ടേഷന്‍ നല്‍കിയതില്‍ വിവാദ വ്യവസായിക്കുകൂടി പങ്കുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പൊലീസ് അഴിയൂര്‍ മേഖലയില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അഴിയൂരില്‍ വിവിധ വ്യവസായങ്ങള്‍ ആരംഭിക്കുമെന്ന് മുന്‍കൂട്ടി കണ്ട ചിലര്‍ ഈ മേഖലയില്‍ വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ബിനാമി പേരിലുള്ള ഇടപാടുകള്‍ വിവാദ വ്യവസായിയുടെ താല്‍പര്യപ്രകാരമാണെന്നാണ് നിഗമനം.

വിവാദ വ്യവസായിയെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്‍റലിജന്‍സ് എ.ഡി.ജി.പി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. വളയത്തുനിന്ന് കസ്റ്റഡിയിലെടുത്ത കൊടും ക്രിമിനലുകളടക്കം അഞ്ചുപേര്‍ കൊലയാളി സംഘത്തിന് ഒത്താശ ചെയ്തതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വ്യാജ മറുപടി മെനയാതിരിക്കാന്‍ ഇവരെ വെവ്വേറെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.കൊലക്ക് ഉപയോഗിച്ച ആയുധങ്ങള്‍ ജില്ലക്ക് പുറത്തേക്ക് മാറ്റാന്‍ സാധ്യതയില്ലാത്തതിനാല്‍ മാഹിയിലും പരിസരത്തും പൊലീസ് റെയ്ഡ് തുടരുകയാണ്. ആയുധങ്ങള്‍ ചൊക്ളിയിലെ ഏതെങ്കിലും രഹസ്യകേന്ദ്രത്തിലോ മാഹിപ്പുഴയിലോ ഒളിപ്പിച്ചിട്ടുണ്ടാവുമെന്ന നിഗമനത്തിലാണ് പൊലീസ്. കൊലക്കു പിന്നില്‍ ആരായാലും അവര്‍ക്ക് സി.പി.എമ്മിലെ ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും ഇതിന് ആവശ്യമായ തെളിവ് ഉണ്ടെന്നും ഉന്നത പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.