ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിന് സമനിലയോടെ തുടക്കം. ഇസ്രായേലിന്റെ ബോറിസ് ഗെല്‍ഫാന്‍ഡുമായുള്ള ആദ്യ മത്സരത്തില്‍ ഇരുവരും അര പോയന്റ് പങ്കിട്ടു. മത്സരത്തിന് മുമ്പ് ജയസാധ്യത കല്പിക്കപ്പെട്ടിരുന്നെങ്കിലും പ്രവചനങ്ങള്‍ക്കൊത്ത് കരുനീക്കാന്‍ ആനന്ദിന് കഴിഞ്ഞില്ല. 24 നീക്കങ്ങള്‍ക്കൊടുവിലാണ് ആനന്ദ് സമനിലക്ക് സമ്മതിച്ചത്.
ആദ്യ മത്സരത്തിലെ പ്രകടനം 12 റൗണ്ടുകളുള്ള ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഗെല്‍ഫാന്‍ഡിന് പ്രചോദനമേകും. രണ്ടാം മത്സരത്തില്‍ ശനിയാഴ്ച വെള്ളക്കരുക്കളുമായണ് ഗെല്‍ഫാന്‍ഡ് കളി തുടങ്ങുക.സ്റ്റേറ്റ് ട്രിറ്റ്യാക്കോവ് ഗാലറിയില്‍ വെള്ളക്കരുക്കളുമായി ആദ്യമത്സരം കളിക്കാനിറങ്ങിയ ഇന്ത്യന്‍ താരത്തിന് മികച്ച തുടക്കത്തിലേക്ക് അത് മുതലെടുക്കാനായില്ല. ആദ്യ നീക്കങ്ങളില്‍ ആനന്ദ് കരുത്തുകാട്ടിയെങ്കിലും ഇടക്ക് തിരിച്ചുവന്ന ഗെല്‍ഫാന്‍ഡ് അപ്രതീക്ഷിത നീക്കങ്ങളിലൂടെ ശക്തനായ എതിരാളിയെ തളക്കുകയായിരുന്നു.
പതിവില്‍നിന്ന് വിപരീതമായി സാവകാശ നീക്കങ്ങളിലൂടെയാണ് മത്സരം പുരോഗമിച്ചത്. ഗ്രുവെന്‍ഫെല്‍ഡ് ഡിഫന്‍സുമായി ആനന്ദിനെ ചെറുക്കാനിറങ്ങിയ ഗെല്‍ഫാന്‍ഡ് ഒമ്പതാം നീക്കത്തില്‍ ആനന്ദിനെ വെല്ലുന്ന മികവ് പുറത്തെടുത്തു. ഇതോടെയാണ് മത്സരത്തില്‍ ആനന്ദിന് മേല്‍ക്കൈ നഷ്ടമായത്. 12ാം നീക്കത്തില്‍ രാജ്ഞിയെ മുന്‍നിര്‍ത്തി എതിരാളിയുടെ കാലാളിനെ വെട്ടിമാറ്റിയ ഗെല്‍ഫാന്‍ഡിനെതിരെ ആക്രമണാത്മകമായ നീക്കവുമായാണ് ആനന്ദ്് പിടിച്ചുനിന്നത്.
13.5 കോടി രൂപ സമ്മാനത്തുകയുള്ള ലോക പോരാട്ടത്തില്‍ തുടര്‍ച്ചയായ നാലാം കിരീടം തേടിയാണ് ആനന്ദ് ഇറങ്ങിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല