1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2012

‘കര്‍ണഭാരം’ എന്ന നാടകത്തിനു ശേഷം മോഹന്‍ലാല്‍ വീണ്ടും സംസ്‌കൃതത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കുന്നു; ‘സംസ്‌കൃതഭാരതി’ യൊരുക്കുന്ന ആല്‍ബത്തിലൂടെ. ഇതിലെ ഗാനങ്ങളെ സംസ്‌കൃതത്തില്‍ തന്നെ പരിചയപ്പെടുത്തുന്നത് ലാലാണ്. ഡബ്ബിംഗ് വെള്ളിയാഴ്ച വിസ്മയ സ്റ്റുഡിയോയില്‍ നടന്നു. ജോഷി സംവിധാനം ചെയ്യുന്ന ‘റണ്‍ ബേബി റണ്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നിന്നാണ് ലാല്‍ സംസ്‌കൃതത്തിനു വേണ്ടി സമയം കണ്ടെത്തിയത്. ഉച്ചയ്ക്കുശേഷം തിയേറ്ററിലെത്തിയ അദ്ദേഹം രാത്രിവരെ ഡബ്ബിംഗില്‍ സഹകരിച്ചു.

മുഴുവന്‍ സമയവും മൈക്കിനു മുന്നില്‍ നില്‍ക്കുകയായിരുന്നു ലാല്‍. ”സംസ്‌കൃതം പറയുമ്പോള്‍ നില്‍ക്കുന്നതാണ് നല്ലത്”, വാക്കുകളില്‍ മരിച്ചിട്ടില്ലാത്ത ഭാഷയോടുള്ള ബഹുമാനം. സംസ്‌കൃതത്തിലുള്ള ഏഴു ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്. ഈ ഗാനങ്ങളെ ദീര്‍ഘമായ ആമുഖത്തോടെ പരിചയപ്പെടുത്തുകയെന്നതായിരുന്നു ലാലിന്റെ ദൗത്യം. പെട്ടെന്ന് പിടിതരാത്ത വാചകങ്ങള്‍ ലാലിന് മുന്നില്‍ മെരുങ്ങി. ഓരോ വാക്കിന്റെയും അര്‍ഥം ചോദിച്ചു മനസ്സിലാക്കി വാചകങ്ങളുടെ ആത്മാവറിഞ്ഞായിരുന്നു സംസാരിച്ചത്. അത്ഭുതപ്പെടുത്തുന്ന മികവു കണ്ട്, ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ ബി.ആര്‍. ശങ്കരനാരായണനും സംസ്‌കൃതഭാരതി ജനറല്‍ സെക്രട്ടറി ഡോ. പി. നന്ദകുമാറും ഒരേ സ്വരത്തില്‍ പറഞ്ഞു: ”താങ്കള്‍ സംസ്‌കൃതം പഠിച്ചിട്ടില്ലെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല” . ”കര്‍ണഭാരം എന്ന നാടകത്തിലെ പ്രകടനം, സംസ്‌കൃത സര്‍വകലാശാലയുടെ ഡിലിറ്റ് ബിരുദം സ്വീകരിച്ചപ്പോള്‍ പറഞ്ഞ വാക്കുകള്‍ ഇതൊക്കെയാണ് ഞങ്ങളെ മോഹന്‍ലാലിനരികിലെത്തിച്ചത്” – അവര്‍ പറഞ്ഞു.

”നമ്മള്‍ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുമ്പോഴല്ലേ സന്തോഷം” – സംസ്‌കൃതത്തിനു വേണ്ടിയുള്ള പുതിയ സംരംഭത്തെക്കുറിച്ച് ലാലിന്റെ വാക്കുകള്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് അഭിനയിച്ച ‘കര്‍ണഭാര’ത്തിലെ ദീര്‍ഘസംഭാഷണങ്ങള്‍ ഡബ്ബിംഗിനിടെ ആല്‍ബത്തിന്റെ അണിയറ പ്രവര്‍ത്തകരെ അതിശയപ്പെടുത്തിക്കൊണ്ട് ഓര്‍ത്തെടുത്തു ലാല്‍. സംസ്‌കൃതത്തെ സാധാരണക്കാരിലെത്തിക്കുക, ഈ ഭാഷയുടെ പ്രതാപത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക തുടങ്ങിയവയാണ് ആല്‍ബത്തിലൂടെ സംസ്‌കൃതഭാരതി ലക്ഷ്യം വെയ്ക്കുന്നത്. പ്രകൃതി, മാതൃത്വം, ദേശസ്‌നേഹം എന്നിവയാണ് വിഷയങ്ങള്‍. ശങ്കര്‍ മഹാദേവന്‍, സുജാത, അരുണ സായിറാം, ഹരിണി, മധു ബാലകൃഷ്ണന്‍, കല്‍പ്പന രാഘവേന്ദ്ര, രമേഷ് വിനായകം, വിശാലാക്ഷി ശങ്കര്‍, കാര്‍ത്തിക എന്നിവരാണ് ഗായകര്‍. ശങ്കരനാരായണനൊപ്പം സതീഷ് രഘുനാഥനും പാട്ടുകള്‍ ചിട്ടപ്പെടുത്തി.

അമേരിക്കയിലുള്‍പ്പെടെ ആല്‍ബം റിലീസ് ചെയ്യാനാണ് പദ്ധതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.