സര്‍ക്കാര്‍ വിരുദ്ധകലാപം അതിരൂക്ഷമായ ഈജിപ്റ്റില്‍ പ്രസിഡ്ന്റ് ഹോസ്നി മുബാറക്കിനെ അനുകൂലിക്കുന്നവരും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ 600 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
മുബാറക്കിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് നേരെ ഇതാദ്യമായാണ് മുബാറക്കിനെ അനുകൂലിക്കുന്നവര്‍ പ്രതികരിക്കുന്നത്. മാരകായുധങ്ങളുമായി എത്തിയ ആളുകള്‍ കഴിഞ്ഞ ദിവസം വൈകിട്ട് താഹിര്‍ സ്ക്വയറില്‍ ഏറ്റുമുട്ടിയപ്പോള്‍ അവിടം അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമായി മാറി. തുടര്‍ന്ന്, സൈന്യം രംഗത്ത് എത്തിയതോടെ മുബാറക്ക് അനുകൂലികള്‍ പിരിഞ്ഞുപോയി എങ്കിലും ഇവര്‍ രാത്രിയില്‍ വീണ്ടും സംഘടിക്കുകയും പ്രതിഷേധക്കാര്‍ക്ക് നേര്‍ക്ക് ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു.
പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന ആക്രമണത്തെ പ്രതിപക്ഷ ഐക്യത്തെ നയിക്കുന്ന മൊഹമ്മദ് എല്‍ബരാദി രൂക്ഷമായി വിമര്‍ശിച്ചു.
സെപ്തംബറില്‍ താന്‍ അധികാരം ഒഴിയുമെന്നും തുടര്‍ന്നു വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നുമുള്ള നിലപാടിലാണ് മുബാറക്ക്. ഒരാഴ്ചയായി തുടരുന്ന കലാപത്തില്‍ 150 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായി മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല