ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റെ പത്താമത് വാര്‍ഷികാഘോഷങ്ങള്‍ മെയ് 12 ശനിയാഴ്ച പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷ്യം നിര്‍ത്തി പ്രശസ്ത മലയാള പിന്നണിഗായകന്‍ ബിജുനാരായണന്‍ ഉദ്ഘാടനം ചെയ്തു. താലപ്പൊലിയുടെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടു കൂടി ബിജുനാരായണനെ വേദിയിലേക്ക് നയിക്കുകയും തുടര്‍ന്ന് പ്രസിഡന്റ് സ്റ്റീഫന്‍ ജോസഫിന്റെ അധ്യക്ഷതയില്‍ അനോജ് ചെറിയാന്റെ സ്വാഗതപ്രസംഗത്തോടു കൂടി ആരംഭിച്ച പൊതുസമ്മേളനത്തില്‍ സെക്രട്ടറി ടെസ്സി പോള്‍ ഡി.എം.എയുടെ കഴിഞ്ഞ 10 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. കൂടാതെ ട്രഷറര്‍ വിന്‍സെന്റ് മത്തായി , വൈസ്.പ്രസി. ബീന ഷാജി, ജോയിന്‍് സെക്രട്ടറി അഗസ്റ്റിന്‍ വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
യുകെയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി അസോസിയേഷന്‍ അതിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്കായി ഒരു സെലിബ്രിറ്റിയെ ഉദ്ഘാടനത്തിനായി ഇന്ത്യയില്‍നിന്നും കൊണ്ടു വരാന്‍ സാധിച്ചത് ഡിഎംഎയെ സംബന്ധിച്ചിടത്തോളം ഒരു അഭിമാനനേട്ടമാണ്.
ഉദ്ഘാടനത്തിന് ശേഷം ഡിഎംഎ യെക്കുറിച്ച് ബിജു നാരായണന്‍ പറഞ്ഞ വാക്കുകള്‍ ഓരോ അംഗങ്ങളെയും സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത അനുഭവമായി. തുടര്‍ന്ന് ഡിഎംഎയുടെ ഉപഹാരം പ്രസിഡന്റ് സ്റ്റീഫന്‍ ജോസഫ് ബിജു നാരായണന് നല്‍കുകയും ഏഷ്യനെറ്റ് ടാലന്റ് ഷോയില്‍ വിന്നര്‍ ആയ ജോസ്‌നി ജോസ്, അലന്‍ ഫിലിപ്പ്, കൂടാതെ ഡിഎംഎയുടെ ഡാന്‍സ് ടീച്ചര്‍ വിനോദ് നായരെയും ചടങ്ങില്‍ ആദരിച്ചു.
വെല്‍ക്കം ഡാന്‍സോടു കൂടി തുടക്കം കുറിച്ച കലാപരിപാടികളില്‍ വിഷു സ്‌കിറ്റ്, ഈസ്റ്റര്‍ സ്‌കിറ്റ്, ക്ലാസിക്കല്‍ -സിനിമാറ്റിക് ഡാന്‍സറും ട്രെയിനറുമായ വിനോദ് നായരും സംഘവും ഡിഎംഎയുടെ അംഗങ്ങളും കൂടി അവതരിപ്പിച്ച വിവിധയിനം കലാപരിപാടികള്‍ കണ്ണിനും കാതിനും കുളിര്‍മയേകി. തുടര്‍ന്ന് മജിഷ്യന്‍ സുബിന്‍ ഫിലിപ്പും സംഘവും നടത്തിയ മാജിക് വിസ്മയത്തിന് ശേഷം പ്രശസ്ത പിന്നണിഗായകന്‍ ബിജുനാരായണനും സംഘവും അവതരിപ്പിച്ച ഗാനമേള സദസ്സിനെ ഇളക്കിമറിച്ചു.
ഏകദേശം 450ല്‍ പരം മലയാളികള്‍ക്ക് പരിപാടികളുടെ ഇടവേളകളില്‍ ചായയും കാപ്പിയും ലഘുഭക്ഷണങ്ങളും കൂടാതെ സ്വാദിഷ്ടമായ ഭക്ഷണവും എല്ലാവരിലും എത്തിച്ചുകൊടുക്കുന്നതില്‍ ഡിഎംഎ ഭാരവാഹികള്‍ പ്രത്യേകം ശ്രദ്ധപതിപ്പിച്ചു.ഫിനാലെ ഗാനാലാപനത്തിന് ശേഷം യുകെയിലെ മലായാളി അസോസിയേഷനുകള്‍ക്ക് ഇത്ര ഭംഗിയായി പരിപാടികള്‍ ചിട്ടപ്പെടുത്താന്‍ സാധിച്ചതില്‍ ഉള്ള തന്റെ അത്ഭുതം ബിജു നാരായണന്‍ തന്റെ നന്ദിപ്രകാശത്തില്‍ പറഞ്ഞത് ഡിഎംഎ ഭാരവാഹികള്‍ക്ക് ലഭിച്ച് മറ്റൊരു പൊന്‍തൂവലാണ്. കൂടാതെ താന്‍ കണ്ടിട്ടുള്ളതില്‍ മികച്ച നിലവാരം മാജിക് ഷോക്ക് ഉണ്ടായിരുന്നു എന്ന അദ്ദേഹത്തിന്റെ അഭിപ്രായം മജീഷ്യന്‍ സുബിന്‍ ഫിലിപ്പിന് കിട്ടിയ ഗോള്‍ഡ് മെഢല്‍ ആയിരുന്നു.
പ്രാഗ്രാം കോഡിനേറ്റര്‍ ആയ റോബിന്‍ ജോസഫിന്റെയും സുധ പ്രിന്‍സിന്റെയും നന്ദി പ്രകാശനത്തോടു കൂടി പരിപാടികള്‍ക്ക് സമാപനം കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല