ഗര്‍ഭിണിയാണങ്കില്‍ രണ്ട് പേര്‍ക്കുളള ഭക്ഷണം കഴിക്കണമെന്നാണ് മുത്തശ്ശിമാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെ ഉപദേശിക്കാറ്. എന്നാല്‍ ഗര്‍ഭിണിയാണന്ന് കരുതി കണ്ടെതെല്ലാം ഇങ്ങനെ വാരിവലിച്ച് കഴിക്കേണ്ടതുണ്ടോ. വേണ്ടന്നാണ് പുതിയ കണ്ടുപിടുത്തം. ധാരാളം ആഹാരം കഴിച്ച് വണ്ണം വെച്ചിരിക്കുന്ന ഗര്‍ഭിണികളേക്കാള്‍ ആരോഗ്യകരമായ ഭക്ഷണശീലവും വ്യായാമവും സ്ഥീകരിക്കുന്ന സ്ത്രീകള്‍ക്ക് പ്രസവത്തോട് അനുബന്ധിച്ചുളള പ്രയാസങ്ങള്‍ കുറവായിരിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
ആഹാരം കഴിച്ച് നാല് കിലോ വരെ കൂടുന്ന സ്ത്രീകള്‍ക്ക് പ്രസവത്തോട് അനുബന്ധിച്ച രക്തസമ്മര്‍ദ്ദം കൂടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഭാരം കൃത്യമായി നിലനിര്‍ത്തുന്നവര്‍ക്ക് രക്തസമ്മര്ദ്ധത്തിനുളള സാധ്യത മൂന്നിലൊന്നായി കുറയ്ക്കാനുമാകുമത്രേ. ഭക്ഷണത്തില്‍ നിയന്ത്രണം പാലിക്കുന്നവര്‍ക്ക് ഗര്‍ഭകാലത്ത് പ്രമേഹം വരാനുളള സാധ്യത 61 ശതമാനം കുറവായിരിക്കും. കൂടാതെ ഇത്തരക്കാര്‍ക്ക് രക്ത സമ്മര്‍ദ്ദം വരാനുളള സാധ്യത 71 ശതമാനം കുറവും മാസം തികയാതെ പ്രസവിക്കാനുളള സാധ്യതയും വളരെ കുറവായിരിക്കും.
അമ്മ അധികമായി വണ്ണം വെയ്ക്കുന്നതിനെ തുടര്‍ന്ന് പ്രസവസമയത്ത് കുഞ്ഞിന് തോളിലുണ്ടാകുന്ന പ്രശ്നങ്ങളും ഇതുമൂലം ഒഴിവാക്കാന്‍ സാധിക്കും. കുട്ടിയുടെ പ്രസവസമയത്തെ ഭാരത്തിന് അമ്മയുടെ ഭാരവുമായി ബന്ധമൊന്നുമില്ല.7000 സ്ത്രീകളിലായി നടന്ന 44 പഠനങ്ങളിലെ വിവരങ്ങള്‍ ക്രോഡീകരിച്ചാണ് പുതിയ നിഗമനങ്ങളിലെത്തിയിരിക്കുന്നത്.
കാലറി കുറഞ്ഞ ഭക്ഷണമാണ് ശരിക്കും ആരോഗ്യദായകമായ ഭക്ഷണമായി കണക്കാക്കുന്നത്. എന്നാല്‍ കഴിക്കുന്ന ആഹാരത്തിന്റെ മൊത്തം കാലറി കുറവായിരിക്കുന്നതിനൊപ്പം തന്നെ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് തുടങ്ങിയ ശരിയായ അളവില്‍ ലഭിക്കുന്ന ബാലന്‍സ്ഡ് ഫുഡ് കഴിക്കാന്‍ ശ്രദ്ധിക്കണം.
ആഹാരത്തില്‍ നിയന്ത്രണം കൃത്യമായി പാലിച്ചവര്‍ക്ക് ഗര്‍ഭകാലത്ത് 4 കിലോ വരെ ഭാരം കുറയ്ക്കാന്‍ സാധിച്ചപ്പോള്‍ വ്യായാമം ചെയ്ത് തടികുറയ്ക്കാന്‍ ശ്രമിച്ചവര്‍ക്ക് 0.7 കിലോ ഭാരം കുറയ്ക്കാനേ സാധിച്ചുളളു. എന്നാല്‍ ആഹാരം നിയന്ത്രിക്കുന്നതിനൊപ്പം വ്യായാമം ചെയ്യുക കൂടി ചെയതവര്‍ക്ക് ഒരു കിലോ വരെ ഭാരം കുറയ്ക്കാന്‍ സാധിച്ചു. യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ ഒരു പറ്റം ഗവേഷകരാണ് പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല