ബര്‍മിംഗ്ഹാം അതിരൂപതയിലെ സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ കേരളത്തിലെ സഭാ നേതൃത്വം നിയോഗിച്ച ഇരിഞ്ഞാലക്കുട രൂപതയില്‍ നിന്നുള്ള വൈദികന് ഫാദര്‍ ജെയ്സണ്‍ കരിപ്പായി ഇക്കഴിഞ്ഞ ചൊവ്വാഴ്ച ബര്‍മിംഗ്ഹാമില്‍ എത്തിച്ചേര്‍ന്നു.അതിരൂപതയിലെ ആദ്യകാല സീറോ മലബാര്‍ ചാപ്ലിന് ആയിരുന്ന ഫാദര്‍ സെബാസ്റ്റ്യന്‍ അരീക്കാട്ട് തുടങ്ങിവച്ച അജപാലന ദൌത്യം ഫാദര്‍ സോജി ഓലിക്കലിനൊപ്പം ചേര്‍ന്ന് പുത്തന്‍ ഉണര്‍വോടെ തുടരുകയാണ് ജെയ്സണ്‍ അച്ചന്റെ ദൌത്യം.
പതിനാല് കുര്‍ബാന സെന്ററുകളില്‍ ആയി പരന്നു കിടക്കുന്നതാണ് ബര്‍മിംഗ്ഹാം അതിരൂപതയുടെ പ്രവര്‍ത്തന മേഖല.വടക്ക് സ്റ്റോക്ക് ഓണ്‍ ട്രെന്റ് മുതല്‍ തെക്ക് ഓക്സ്ഫോര്‍ഡ് വരെ നീളുന്ന ദേശത്തെ അജഗണത്തെ ഒരേ കുടക്കീഴില് അണിനിരത്തി സീറോ മലബാര്‍ സഭയുടെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്ന അജപാലന ദൌത്യം നടപ്പിലാക്കുവാന്‍ കേരളത്തിലെ സഭ നേതൃത്വം നിയോഗിച്ചിരിക്കുന്ന ജെയ്സന് അച്ചനും സോജിയച്ചനുമോപ്പം സ്റ്റുഡന്റ് വിസയിലുള്ള ജോമോന് തൊമ്മാനയച്ചനുമുണ്ട്.
ഇപ്പോള്‍ കേരളത്തിലുള്ള സെബാസ്റ്റ്യന്‍ അരീക്കാട്ട് അച്ചനും സോജി ഓലിക്കല്‍ അച്ചനും ചേര്‍ന്ന് ബാല്‍സാല്‍ കോമണ്‍ പള്ളിയില്‍ തുടങ്ങിവച്ച രണ്ടാം ശനിയാഴ്ച കണ്വന്ഷന് പരിശുദ്ധാത്മ നിറവില്‍ ഇന്ന് യു കെയില്‍ ആകമാനമുള്ള മലയാളി ക്രൈസ്തവര്‍ക്ക് അനുഗ്രഹവര്‍ഷമായി മാറിക്കഴിഞ്ഞു.ബര്‍മിംഗ്ഹാമിലെ ശുശ്രൂഷയ്ക്കു പുറമേ മാന്ചെസ്റ്റെര്,ലണ്ടന്‍,ബ്രാഡ്ഫോര്‍ഡ്,സന്ദര്‍ലാന്‍ഡ് എന്നീ സ്ഥലങ്ങളിലും ശുശ്രൂഷകള്‍ ആരംഭിച്ചു കഴിഞ്ഞു.ഇവിടങ്ങളിലെ ശുശ്രൂഷകളില്‍ സോജിയച്ചന്റെ സാന്നിധ്യത്തിന്റെ അനിവാര്യതയും ജോമോന് അച്ചന് ഹ്രസ്വകാല സ്റ്റുഡന്റ് വിസയില്‍ ആണെന്നുള്ളതും ജെയ്സന് അച്ചന്റെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നു.
സീറോമലബാര്‍ സഭയ്ക്ക് ശക്തമായ വേരുകള്‍ ഉള്ള മധ്യ തിരുവതാംകൂര്‍ മേഘലയില്‍ നിന്നും തൃശൂരില്‍ നിന്നും മലബാറില്‍ നിന്നും ഉള്ള വിശ്വാസികളാണ് ബര്‍മിംഗ്ഹാം അതിരൂപതയിലെ ഭൂരിപക്ഷം മലയാളികളും.ദൈവഭയത്തില്‍ വരും തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ഉറച്ച സഭാ സംവിധാനങ്ങളുടെ പങ്കിനെക്കുറിച്ച് തികഞ്ഞ ബോധ്യമുള്ളതുകൊണ്ട് ,അതിരൂപതയിലെ സീറോമലബാര്‍ സഭാ സംവിധാനം ശക്തിപ്പെടുത്താനുള്ള ശ്രമകരമായ ദൌത്യത്തില്‍ ജെയ്സന് കരിപ്പായി അച്ചന് സര്‍വ പിന്തുണയുമായി അണി നിരക്കുകയാണ് എക്കാലവും സഭയുടെ പാരമ്പര്യത്തെയും ചട്ടക്കൂടുകളെയും മുറുകെപ്പിടിക്കുന്ന ബര്‍മിംഗ്ഹാമിലെ സീറോ മലബാര്‍ വിശ്വാസികള്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല