1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2012

ലണ്ടന്‍: പട്ടാളക്കാരണെങ്കിലും കാശിന് കാശ് തന്നെ വേണ്ടേ. പണത്തിന്റെ കുറവ് പരിഹരിക്കാന്‍ പട്ടാളക്കാര്‍ തന്നെ വഴി കണ്ടെത്തി. മോഷണം. പട്ടാള ക്യാമ്പിലെ വിലപിടിപ്പുളള വസ്തുക്കള്‍ മോഷ്ടിച്ച് പുറത്തുകൊണ്ടുപോയി വില്‍ക്കുക. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുളളില്‍ ഏതാണ്ട് അഞ്ച് ലക്ഷം പൗണ്ടിന്റെ നഷ്ടമാണ് ഇതുവഴി സൈന്യത്തിന് ഉണ്ടായിട്ടുളളത്. സണ്‍ഡേ എക്‌സ്പ്രസാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. കഴിഞ്ഞയാഴ്ചയാണ് സ്‌ഫോടനത്തില്‍ മരിച്ച കുട്ടികള്‍ക്കായി നിര്‍മ്മിച്ച രക്തസാക്ഷി മണ്ഡപത്തിലെ ഫലകം മോഷണം പോയവിവരം പുറം ലോകമറിഞ്ഞത്. സൈന്യത്തിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുളളില്‍ ഏകദേശം അഞ്ച് ലക്ഷം പൗണ്ടിന്റെ ലോഹങ്ങളാണ് സൈന്യത്തില്‍ നിന്ന കടത്തിയത്. ഇതില്‍ ചെമ്പ്, പിച്ചള, സ്റ്റീല്‍, ലെഡ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടും. ഒരിക്കല്‍ ആറ് അടി നീളമുളള സ്റ്റീലിന്റെ അറുനൂറ് കമ്പികളാണ് നഷ്ടപ്പെട്ടത്. മറ്റൊരിക്കല്‍ സിസിടിവി ക്യാമറാ സിസ്റ്റത്തിലെ മുഴുവന്‍ ചെമ്പ് കമ്പികളും മോഷ്ടിക്കപ്പെട്ടു. മോഷ്ടിക്കപ്പെട്ട സാധനങ്ങളുടെ കൂട്ടത്തില്‍ പ്രഗ്നന്‍സി കിറ്റുകള്‍ മുതല്‍ കോണ്‍ടാക്ട് ലെന്‍സുകള്‍ വരെ ഉള്‍പ്പെടുന്നു. 45000പൗണ്ടിന്റെ രാത്രി കാഴ്ചക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ഹെവി ഡ്യൂട്ടി ബാറ്ററികള്‍, 40000പൗണ്ട് വിലവരുന്ന ബോമാന്‍ ഡിജിറ്റല്‍ റേഡിയോകള്‍ എന്നിവ മോഷ്ടിക്കപ്പെട്ട സാധനങ്ങളുടെ കൂട്ടത്തില്‍ പെടും. 2011ല്‍ കെന്റിലെ പട്ടാള ക്യാമ്പില്‍ നിന്ന് അര ടണ്ണിലധികം ഭാരം വരുന്ന 15 സ്റ്റീല്‍ ബീമുകളാണ് കാണാതായത്. ഓരോന്നിനും ഏകദേശം 9000 പൗണ്ട് വില വരും.

പട്ടാളക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്തുന്നത് അത്ര പ്രയാസമുളള കാര്യമല്ലന്നാണ് പലരുടേയും അഭിപ്രായം. പുറത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് മാത്രമേ ഇവിടെ പരിശോധനയുളളു. ഇവിടെ നിന്ന് പുറത്തേക്ക് പോകുന്ന പട്ടാളക്കാരുടെ വാഹനങ്ങള്‍ പരിശോധിക്കാറില്ല. ചെലവു ചുരുക്കല്‍ സൈന്യത്തിലും നടപ്പിലാക്കിയതോടെ ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാത്തതാണ് പലരേയും മോഷണത്തിന് പ്രേരിപ്പിക്കുന്നത്. പിടിക്കപ്പെട്ടാല്‍ കനത്ത കുറ്റമാണിതെന്ന ചിന്തയൊന്നും അവരെ പിന്‍തിരിപ്പിക്കുന്നില്ല. മോഷണത്തിന് പിടിക്കപ്പെടുന്നവര്‍ കനത്ത ശിക്ഷ തന്നെ ഏറ്റുവാങ്ങുമെന്നും മിലിട്ടറി പോലീസ് കേസ് സജീവമായി അന്വേഷിക്കുമെന്നും ഡിഫന്‍സ് സെക്രട്ടറി ഫിലിപ്പ് ഹാമണ്ട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.