ചപ്പുചവറുകള്‍ ഗാര്‍ഡനിലേക്ക് വലിച്ചെറിയുന്നവരെ കുടുക്കാന്‍ പിഴ ശിക്ഷ. ഇനി മുതല്‍ വീട്ടിലാവശ്യമില്ലാത്ത സാധനങ്ങള്‍ മുറ്റത്തേക്ക് വലിച്ചെറിയുന്നത് കനത്ത പിഴ ശിക്ഷ ഈടാക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. വീട്ടിനുളളില്‍ ആവശ്യമില്ലാത്ത പഴയ സോഫയോ ഫ്രിഡ്ജോ മുറ്റത്തേക്ക് മാറ്റിയിടുന്നതും പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമായി കണക്കാക്കും. ഭക്ഷണസാധനങ്ങള്‍ കൊണ്ടുവരുന്ന കാര്‍ട്ടനുകള്‍ മുറ്റത്ത് കൂട്ടിയിടുന്നതും കുറ്റമാണ്. സ്ഥലത്തുവെച്ചോ കോടതിയിലോ പിഴയടക്കാം. 100 പൗണ്ട് മുതല്‍ 2500 പൗണ്ട് വരെയാണ് പിഴയായി ഈടാക്കുക.
കഴിഞ്ഞദിവസം ഹോം സെക്രട്ടറി തെരേസാ മേയ് അവതരിപ്പിച്ച ആന്റി യോബ് നിയമത്തിലെ പ്രധാന വകുപ്പാണ് സ്വന്തം വീടിന്റെ മുറ്റം വൃത്തിയായി സൂക്ഷിക്കാത്തവര്‍ക്കെതിരെ പിഴ ഈടാക്കണമെന്നത്.സ്വാകാര്യ വ്യക്തികളുടെ വീടിനും കൗണ്‍സില്‍ ഹൗസുകള്‍ക്കും ഈ നിയമം ബാധകമാണ്. വീട്ടുമുറ്റം ഒരു ഡംപിങ്ങ് ഏരിയായി മാറ്റുന്ന വീട്ടുടമകളുടെ നിരുത്തരവാദപരമായ സമീപനത്തിന് ഇതോടെ അന്ത്യമുണ്ടാകുമെന്നാണ് കരുതുന്നത്. വീട്ടുമുറ്റം വൃത്തികേടായി സൂക്ഷിച്ചിട്ടുളളവര്‍ക്ക് ആദ്യം വാണിങ്ങ് നോട്ടീസ് നല്‍കും എന്നിട്ടും മുറ്റം വൃത്തിയാക്കിയില്ലെങ്കില്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കി പിഴ ഈടാക്കാനാണ് നിര്‍ദ്ദേശം.
എന്നാല്‍ പല കൗണ്‍സിലുകളുടേയും സങ്കീര്‍ണ്ണമായ റീസൈക്ലിംഗ് പോളിസി നിയമം നടപ്പിലാക്കാന്‍ തടസ്സം നില്ക്കുന്നതായി വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പല കൗണ്‍സിലുകളിലും ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രമാണ് വേസ്റ്റ് സ്വീകരിക്കുന്നത്. എന്നാല്‍ വേസ്റ്റ് സ്വീകരിക്കുന്ന ദിവസവും മുറ്റം വൃത്തിയാക്കാത്തവര്‍ക്കും നിരന്തരമായി നിയമം ലംഘിക്കുന്നവര്ക്കുമാണ് ആദ്യം പിഴശിക്ഷ ചുമത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല