1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2012

പാശ്ചാത്യ ജീവിതശൈലി കാരണം കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാകുമെന്ന ഭയന്ന് മാതാപിതാക്കള്‍ മകളെ കൊലപ്പെടുത്തി. യുവതി കൊല്ലപ്പെട്ട് ഒന്‍പത് വര്‍ഷത്തിന് ശേഷം പാക് വംശജരായ മാതാപിതാക്കള്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്. പതിനേഴ് വയസുകാരിയായ ഷഫീല അഹമ്മദാണ് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതാപിതാക്കളുടെ കൈകളാല്‍ ദാരുണമായി മരിച്ചത്. ഷഫീലയുടെ മാതാപിതാക്കളായ ഇഫ്ത്തിക്കറും ഫര്‍സാന അഹമ്മദുമാണ് വിചാരണ നേരിടുന്നത്. സംഭവത്തിന് ദൃക്‌സാക്ഷിയായ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവര്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തത്.

പരമ്പരാഗതമായ രീതികള്‍ പിന്തുടര്‍ന്ന് ജീവിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം നിരാകരിച്ചതാണ് ഷഫീലയെ കൊലപ്പെടുത്താന്‍ കാരണമെന്ന് കോടതി കണ്ടെത്തി. ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റിയില്‍ പോയി നിയമം പഠിക്കാനുളള തീരുമാനത്തെ മാതാപിതാക്കള്‍ ശക്തമായി എതിര്‍ത്തിരുന്നു. കൂടാതെ ഷഫീല ആണ്‍കുട്ടികളോട് അടുത്ത് ഇടപഴകുന്നതും അവരുടെ എതിര്‍പ്പിനിടയാക്കി. പാകിസ്ഥാനിലുളള ഒരു യുവാവുമായി ഷഫീലയെ വിവാഹം കഴിച്ചയക്കാന്‍ അവര്‍ തീരുമാനിക്കുകയും നിര്‍ബന്ധപൂര്‍വ്വം പാകിസ്ഥാനിലേക്ക് അയക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബ്ലീച്ച് കുടിച്ച് അവശനിലയിലായ ഷഫീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

മാതാപിതാക്കളുടെ എതിര്‍പ്പ് വയവെയ്ക്കാതെ യൂണിവേഴ്‌സിറ്റിയില്‍ ചേരുകയും പിന്നീട് ഒരു പാര്‍ട്ട് ടൈം ജോലി കണ്ടെത്തുകയും ചെയ്ത ഷഫീലയെ മാതാപിതാക്കള്‍ മര്‍ദ്ദിച്ചിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം 2003 സെപ്റ്റംബറിലാണ് ഷഫീലയെ കാണാതാകുന്നത്. അഞ്ച് മാസങ്ങള്‍ക്ക് ശേഷം ഒരു നദീതിരത്ത് നിന്നാണ് ഷഫീലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. പന്ത്രണ്ട് മാസത്തെ നിരന്തരപീഡനങ്ങള്‍ക്ക് ശേഷമാണ് തങ്ങളുടെ വഴിക്ക് വരാത്ത മകളെ കൊലപ്പെടുത്താന്‍ മാതാപിതാക്കള്‍ തീരുമാനിച്ചതെന്ന് പ്രോസിക്യൂട്ടര്‍ ആന്‍ഡ്രൂ എഡിസ് കോടതിയില്‍ അറിയിച്ചു. ആണ്‍കുട്ടികള്‍ വിളിക്കുന്നു എന്നാരോപിച്ച് മൊബൈല്‍ ഫോണ്‍ നശിപ്പിക്കുകയും ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുകയും ചെയ്തു.

ഷഫീലയെ കാണാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ ഷഫീല ഓടിപ്പോയെന്നും എവിടെയാണന്ന് തങ്ങള്‍ക്ക് അറിയില്ലെന്നുമുളള വാദമാണ് മാതാപിതാക്കള്‍ സ്വീകരിച്ചത്. ഷഫീലയുടെ സഹോദരി അലീഷ കൊലപാതകം കണ്ടുവെന്ന കൂട്ടുകാരോട് പറഞ്ഞെങ്കിലും പോലീസിന് മുന്നില്‍ മൊഴിമാറ്റി.എന്നാല്‍ സ്വന്തം വീട്ടില്‍ നടത്തിയ മോഷണ കുറ്റത്തിന് അലീഷ പോലീസ് പിടിയിലായതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മാതാപിതാക്കള്‍ ഒരുമിച്ച് സഹോദരിയെ കൊലപ്പെടുത്തുന്നതിന് താന്‍ ദൃക്‌സാക്ഷിയാണന്ന് അലീഷ പോലീസിന് മൊഴിനല്‍കി. സംഭവം പുറത്തുപറയുന്നതില്‍ നിന്ന് ഇളയകുട്ടികളെ ഇവര്‍ വിലക്കിയിരുന്നതായും പ്രോസിക്യൂ്ട്ടര്‍ കോടതിയില്‍ പറഞ്ഞു. ദമ്പതികള്‍ കുറ്റം നിക്ഷേധിച്ചെങ്കിലും വാദം തുടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.