ഇന്ത്യയില്‍ അനധികൃതമായി നടക്കുന്ന അബോര്ഷന് മറച്ചുവെയ്ക്കാന്‍ ഭ്രൂണം പട്ടികള്‍ക്ക് ഭക്ഷണമായി കൊടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ബീഡ് എന്ന നഗരത്തിലാണ് പ്രാകൃതമായ ഈ രീതി നിലനില്‍ക്കുന്നത്. ലിംഗവിവേചനം നിയമം മൂലം നിരോധിച്ചിട്ടുളള ഇന്ത്യയില്‍ നിയമപരമായി അബോര്ഷന് നടത്തുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്. രാജ്യത്തെ ഏറ്റവും താഴ്ന്ന ചൈല്‍ഡ് സെക്സ് റേഷ്യോ നിലനില്‍ക്കുന്ന സ്ഥലമാണിത്. ആയിരം ആണ്‍കുട്ടികള്‍ക്ക് വെറും 801 പെണ്‍കുട്ടികള്‍.
അനധികൃതമായി നടത്തുന്ന ഗര്ഭചിദ്രത്തിലെ ഭ്രൂണങ്ങള്‍ ശരിയായ വഴിയിലൂടെ മറവ് ചെയ്യാനാകാത്തതിനാലാണ് ഡോക്ടര്‍മാര്‍ പട്ടികളെ വളര്‍ത്തുന്നത്. പെണ്‍കുട്ടികളാണന്ന് അറിയുമ്പോള്‍ തന്നെ പലരും അബോര്ഷന് തയ്യാറാവുകയാണ് ചെയ്യുന്നത്. ലേക് ലഡ്കി അഭിയാന് എന്ന സന്നദ്ധ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ഷ ദേശ്പാണ്ഡേയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നത്. 2010 മുതല്‍ വര്‍ഷയും സംഘവും നടത്തിയ അന്വേഷണത്തിനൊടുവിലാണ് സത്യം പുറത്തായിരിക്കുന്നത്.
ഇവര്‍ സമീപിച്ച ഡോ.സുദാം മുണ്ഡേ എന്ന ഡോക്ടറാണ് താന്‍ പെണ്‍കുട്ടികളാണങ്കില്‍ അബോര്ഷന് നടത്തികൊടുക്കാറുണ്ടെന്നും ഭ്രുണം തന്റെ അഞ്ച് പട്ടികള്‍ക്ക് ഭക്ഷണമായി നല്‍കാറുണ്ടെന്നും സമ്മതിച്ചത്. ഇയാളെ മുന്‍പ് പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ഉടന്‍ തന്നെ വിട്ടയച്ചിരുന്നു. പിന്നീട് ഇതിന് നേരിട്ട് ഒരാള്‍ ദൃക്സാക്ഷിയായിരുന്നു. ബീഡിലെ കൊച്ചുകുട്ടികള്‍ക്കു പോലും മുണ്ഡേയുടെ നടപടികളെകുറിച്ച് അറിയാം. ഇയാളുടെ പണത്തിനും സ്വാധീനത്തിനും പിന്നില്‍ പോലീസ് പോലും മുട്ടുമടക്കുകയാണന്നും വര്‍ഷ ആരോപിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച അബോര്ഷന് വേണ്ടി മുണ്ഡേയുടെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ച വിജയമാല പടേക്കര്‍ എന്ന യുവതി മരിച്ചിരുന്നു. ആറ് മാസം ഗര്‍ഭിണിയായിരുന്ന ഇവര്‍ നാല് പെണ്‍കുട്ടികളുടെ അമ്മയാണ്. അഞ്ചാമത്തേതും പെണ്‍കുട്ടിയാണന്ന് അറിഞ്ഞതോടെയാണ് അബോര്ഷന് തയ്യാറായത്. സംഭവത്തെ തുടര്‍ന്ന് പോലീസ് മുണ്ഡേയേയും ഭാര്യയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി സുരേഷ് ഷെട്ടി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല