1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2012

ഗൂഗിള്‍ ബ്രിട്ടനിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപണം. ഇത്തരത്തില്‍ ബ്രിട്ടനിലെ ആയിരക്കണക്കിന് കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ ഗൂഗിളിന്റെ കൈവശമുണ്ടന്നാണ് കരുതുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ അറിയിച്ചു. ബ്രിട്ടനിലെ റോഡുകളുടെ ഫോട്ടോ എടുക്കുന്ന കാറുകള്‍ വഴിയാണ് ഉപഭോക്താക്കളുടെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ഗൂഗിള്‍ ചോര്‍ത്തുന്നത്. കാര്‍ തെരുവുകളില്‍ കൂടി പോകുമ്പോള്‍ അതിലെ ശക്തമായ വൈഫൈ സിസ്റ്റം സമീപത്തെ വീടുകളിലെ കമ്പ്യൂട്ടറുകളിലുളള മെയിലുകളും സന്ദേശങ്ങള്‍, ഫോട്ടോകള്‍, മറ്റ് വിവരങ്ങള്‍ എന്നിവ ചോര്‍ത്തുന്നതായാണ് ആരോപണം.

രണ്ട് വര്‍ഷം മുന്‍പും ഗുഗിളിനെതിരെ ഇത്തരത്തില്‍ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ അത് അബദ്ധത്തില്‍ സംഭവിച്ചതാണന്നായിരുന്നു ഗൂഗിളിന്റെ വിശദീകരണം. 2007ല്‍ അമേരിക്കയിലും ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഗൂഗിളിന്റെ സീനിയര്‍ മാനജരെ താക്കീത് ചെയ്തിരുന്നു. യുകെയില വീടുകളില്‍ ഉപയോഗിക്കുന്ന ഭൂരിഭാഗം കമ്പ്യൂട്ടറുകളും സുരക്ഷിതമല്ല. അതുകൊണ്ട് തന്നെ വിവരങ്ങള്‍ ചോര്‍ത്താന്‍ വളരെ എളുപ്പമാണന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ആരോപണം ശ്രദ്ധയില്‍ പെട്ടിട്ടും ഇന്‍ഫര്‍മേഷന്‍ കമ്മീഷറുടെ ഓഫീസിന്റെ മെല്ലപ്പോക്ക്‌നയം വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

2006ലാണ് കമ്പ്യൂട്ടര്‍ എന്‍ജിനിയറായ മാരിസ് മില്‍നര്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ വാനില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയത്. എന്നാല്‍ ഇത് കമ്പ്യൂട്ടറുകളില്‍ സൂക്ഷിച്ചിരിക്കുന്ന മറ്റ് വിവരങ്ങളും ചോര്‍ത്താന്‍ തക്ക ശക്തിയുളളതാണന്ന് മില്‍നര്‍ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2009ലാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ യുകെയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് ഗൂഗിളിനെതിരെ 2010ല്‍ അന്വേഷണം ആരംഭിച്ചെങ്കിലും കമ്പനി അത് നിഷേധിക്കുകയായിരുന്നു.

അമേരിക്കയിലും ഇതേ ആരോപണത്തെ തുടര്‍ന്ന് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ ഗൂഗിളിനോട് അന്വേഷണത്തില്‍ സഹകരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സഹകരിക്കാത്തതിനെ തുടര്‍ന്ന് 15,000 ഡോളര്‍ പിഴ ചുമത്തിയിരുന്നു. ഇതേ സംഭവത്തിന്റെ പേരില്‍ ജര്‍മ്മിനി 87,000 പൗണ്ട് ഗൂഗിളിന് പിഴ നല്‍കിയിരുന്നു. ചെക്ക് റിപ്പബഌക്ക് സ്ട്രീറ്റ് വ്യൂ കാറുകള്‍ രാജ്യത്ത് നിരോധിക്കുകയും ചെയ്തു. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഗൂഗിളിനെതിരായ ആരോപണം ചര്‍ച്ച ചെയ്യുമെന്ന് ടോറി എംപി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.