ചെറുതോരെണ്ണം അടിച്ചിട്ട് വണ്ടിയോടിച്ച് സ്കോട്ട്ലാന്‍ഡില്‍ പോകാമെന്ന വ്യാമോഹം ഇനി നടപ്പില്ല.മദ്യം കഴിച്ചിട്ട് സ്കോട്ട്ലാന്‍ഡില്‍ കൂടി വണ്ടി ഓടിച്ചാല്‍ പിടിച്ച് ജയിലിലടക്കും. മദ്യപിച്ച ശേഷം വാഹനമോടിക്കുന്നവര്ക്കെതിരെയുളള നിയമം കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. നിലവില്‍ 100 മില്ലി രക്തത്തില്‍ ആല്‍ക്കഹോളിന്റെ അളവ് 80 മില്ലിഗ്രാമായിരുന്നു നിയമപരമായ അളവ്. എന്നാല്‍ അത് അന്‍പത് മില്ലിഗ്രാമായി കുറയ്ക്കാനാണ് നിലവിലെ തീരുമാനം.
ഇംഗ്ലണ്ടിലും വെയില്‍സിലും ഇപ്പോഴും 80 മില്ലിഗ്രാമാണ് രക്തത്തിലെ അല്ക്കഹോളിന്റെ നിയമവിധേയമായ അളവ്. എന്നാല്‍ ജര്‍മ്മിനി, ഫ്രാന്‍സ്, സ്പെയിന് എന്നീ രാജ്യങ്ങളില്‍ നിയമപരമായ അളവ് 50 മില്ലിഗ്രാമാണ്. രസകരമായ കാര്യം ഒരു പൈന്റോ അരക്കുപ്പി ബിയറോ കുടിച്ചശേഷം നിയമപരമായി ഇംഗ്ലണ്ടില്‍ കൂടി വണ്ടിയോടിച്ച് വരുന്ന ഒരാള്‍ അതിര്‍ത്തിയിലെത്തുമ്പോള്‍ നിയമലംഘകനായി മാറുമെന്നതാണ്.
നിലവില്‍ മദ്യപിച്ച് വാഹനമോടിക്കുന്ന ഒരാള്‍ക്ക് ബ്രിട്ടനില്‍ ആറ് മാസത്തെ തടവോ 5000 പൗണ്ട് പിഴയോ 12 മാസത്തെ വിലക്കോ ലഭിക്കാം. ഈ വര്‍ഷം അവസാനത്തോടെ നിയമം നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലം റോഡ് അപകടങ്ങള്‍ കൂടുന്നതാണ് പുതിയ നിയമം നടപ്പിലാക്കാന്‍ കാരണമെന്ന് ജസ്്റ്റിസ് സെക്രട്ടറി കെന്നി മാക്സ്കില് പറഞ്ഞു. കഴിഞ്ഞദിവസം മദ്യത്തിന്റെ വിലയും സ്കോട്ട്ലാന്‍ഡില്‍ കൂട്ടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല