ഉറുമിയുടെ സംവിധായകനായ സന്തോഷ് ശിവനും നിര്‍മ്മാതാക്കളായ പൃഥ്വിരാജും ഷാജി നടേശനുമെല്ലാം തന്നെ പറ്റിച്ചുവെന്ന് മലയാളി നടനായ ആര്യ പറഞ്ഞു. ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആര്യ ഇങ്ങനെയൊരു വെടി പൊട്ടിക്കുമെന്ന് ആരും കരുതിയില്ല. അതുകൊണ്ട് തന്നെ വാര്‍ത്തയുടെ വിശദാംശങ്ങള്‍ക്കായി മാധ്യമപ്രവര്‍ത്തകര്‍ ചെവികൂര്‍പ്പിച്ചു. എന്നാല്‍ ആര്യ അവരെ പറ്റിച്ചു കളഞ്ഞു.
ഉറുമിയില്‍ ഒരു വേഷമുണ്ടെന്ന് പറഞ്ഞാണ് സന്തോഷ് ശിവനും പൃഥ്വിയും തന്നെ വിളിച്ചത്. നായികയാരെന്ന് ചോദിച്ചപ്പോള്‍ ജെനീലിയ, നിത്യമേനോന്‍, തപു തുടങ്ങിയവരാണെന്ന് പറഞ്ഞു. ഈ സുന്ദരിമാര്‍ക്കൊപ്പം ഒരു ചിത്രം ചെയ്യുന്നത് സ്വപ്‌നം കണ്ടാണ് ഞാന്‍ സെറ്റിലെത്തിയത്. എന്നാല്‍ മൂന്ന് ദിവസം കൊണ്ട് ഷൂട്ടിങ്ങും തീര്‍ത്ത് അവരെന്നെ പറഞ്ഞുവിട്ടു. ഒരു നായികയുമായും കോമ്പിനേഷന്‍ സീന്‍ തരാതെ അവരെന്നെ പറ്റിച്ചു-ആര്യ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ചുറ്റും പൊട്ടിച്ചിരികളുയര്‍ന്നു.
തമിഴ്‌നാട്ടില്‍ ഉറുമിയ്ക്ക് ലഭിച്ച സ്വീകരണത്തില്‍ താന്‍ സംതൃപ്തനാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത നടന്‍ പൃഥ്വിരാജ് പറഞ്ഞു. പൃഥ്വിയ്ക്ക് പുറമേ സന്തോഷ് ശിവനും വാര്‍ത്താസമ്മേളനത്തിന് എത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല