1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2012

അത്യാവശ്യ കാര്യത്തിന് ബാങ്കില്‍ നിന്ന് ഓവര്‍ഡ്രാഫ്റ്റ് എടുക്കാത്തവരായി മലയാളികളില്‍ ആരും തന്നെ കാണില്ല.എന്നാല്‍ അത്യാവശ്യം കഴിഞ്ഞ് പണം കയ്യില്‍ വന്നതിനു ശേഷവും ഓവര്‍ഡ്രാഫ്റ്റ് ക്ലിയര്‍ ചെയ്യാന്‍ പലരും ശ്രമിക്കാറില്ല,മാസം ഇരുപതു ശതമാനമോ അതില്‍ കൂടുതലോ പലിശ ഈടാക്കുന്ന ഓവര്‍ഡ്രാഫ്റ്റ്‌ കെണിയില്‍ നിന്നും ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് രക്ഷപെടാന്‍ സാധിക്കും. ഇത് കടം ഒഴിവാക്കാനുളള മാജിക്കൊന്നുമല്ല. എന്നാല്‍ ശരിയായ തീരുമാനം ചിലപ്പോള്‍ നിങ്ങളുടെ പോക്കറ്റില്‍ നിന്ന് പണം നഷ്ടപ്പെടാതിരിക്കാന്‍ കാരണമാവുകയും ചെയ്യും. ഇതിനായി ചെയ്യേണ്ടത് നിങ്ങളുടെ ഓവര്‍ഡ്രാഫ്റ്റ് പലിശരഹിത ലോണാക്കി മാറ്റുക എന്നുളളതാണ്. ഇതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നോക്കാം
പല കമ്പനികളും 0 % ബാലന്‍സ് ട്രാന്‍സ്ഫര്‍ ക്രഡിറ്റ് കാര്‍ഡ് ഡീല്‍സ് അനുവദിക്കാറുണ്ട്. അതായത് നിങ്ങളുടെ കടം ഒരു കാര്‍ഡില്‍ നിന്ന് മറ്റൊരു കാര്‍ഡിലേക്ക് മാറ്റാവുന്നതാണ്. ഇത് പലിശയിനത്തില്‍ നിങ്ങള്‍ക്ക് നഷ്ടമാവുമായിരുന്ന നല്ലൊരു തുക സേവ് ചെയ്യാന്‍ സഹായിക്കും.

നിങ്ങളുടെ ഓവര്‍ഡ്രാഫ്റ്റ് 0% കാര്‍ഡിലേക്ക് മാറ്റുക

നിരവധി ക്രഡിറ്റ് കാര്‍ഡ് കമ്പനികള്‍ ഓവര്‍ഡ്രാഫ്റ്റ് അവരുടെ കമ്പനിയിലേക്ക് മാറ്റാന്‍ അനുവദിക്കാറുണ്ട്. നിലവില്‍ എംബിഎന്‍എയും വിര്‍ജിന്‍ മണി മാസ്റ്റര്‍ കാര്‍ഡുമാണ് ഇത്തരം കാര്യങ്ങളില്‍ മികച്ച സേവനം നല്‍കുന്നത്. ഈ രണ്ട് കാര്‍ഡുകളും ഉപയോഗിച്ച് ഏതെങ്കിലും ബാങ്കില്‍ നിന്ന് നിങ്ങളെടുത്ത ഓവര്‍ഡ്രാഫ്റ്റ് തിരിച്ചടക്കാന്‍ സാധിക്കുന്നതാണ്. ആദ്യത്തെ 20 മാസത്തേക്ക് ഇവര്‍ നിങ്ങളില്‍ നിന്ന പലിശ ഒന്നും തന്നെ ഈടാക്കുന്നതല്ല.ട്രാന്‍സാക്ഷന്‍ വളരെ പെട്ടന്ന് തന്നെ നടക്കും. സാധാരണയായി രണ്ടോ മൂന്നോ ആഴ്ചക്കുളളില്‍ ഈ പണം ബാങ്കിലെത്തുകയും ചെയ്യും.

സൗജന്യസേവനത്തിന്റെ വില

ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ ഓവര്‍ഡ്രാഫ്റ്റ് തിരിച്ചടച്ചാല്‍ സാധാരണയായി രണ്ടുവര്‍ഷത്തേക്ക് കമ്പനി നിങ്ങളില്‍ നിന്ന് പലിശ ഒന്നും തന്നെ ഈടാക്കില്ല. എന്നാല്‍ പൂജ്യം ശതമാനം പലിശ എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം പൂര്‍ണ്ണമായും സൗജന്യം എന്നൊന്നുമല്ല താരതമ്യേന വിലക്കുറഞ്ഞത് എന്നാണ്. ക്രഡിറ്റ് കാര്‍ഡ് കമ്പനി നിങ്ങളില്‍ നിന്ന് പലിശയായി പണമൊന്നും ഈടാക്കുന്നില്ല എന്നത് സത്യം തന്നെ എന്നാല്‍ ഇത്തരത്തില്‍ ഓവര്‍ഡ്രാഫ്റ്റ് ക്ലിയര്‍ ചെയ്യുമ്പോള്‍ അടയ്‌ക്കേണ്ട തുകയുടെ നാല് ശതമാനം മൂന്‍കൂറായി ഇവര്‍ ഫീസായി വാങ്ങുന്നുണ്ട്. അതായത് 1000 പൗണ്ടിന് 40 പൗണ്ട്.

എന്നാല്‍ മുന്‍കൂറായി അടക്കുന്ന ഈ ഫീസ് മാസം അടയ്ക്കുന്ന പലിശയേക്കാള്‍ കൂടുതലാണന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ 20മാസത്തെ തുല്യതവണകളായി നിങ്ങള്‍ കടമെടുത്ത തുക തിരിച്ചടക്കുമ്പോള്‍ ഈ നാല് ശതമാനം ഫീസ് ഒരു തുകയേ അല്ല.

താരതമ്യം ചെയ്യുമ്പോള്‍

നിലവില്‍ കുറഞ്ഞ പലിശയ്ക്ക് ഒരു ബാങ്കും ഓവര്‍ഡ്രാഫ്റ്റ് സേവനം നല്‍കുന്നില്ല. മാത്രമല്ല ദിനം പ്രതിയെന്നോണം ഓവര്‍ഡ്രാഫ്റ്റിന്റെ പലിശ നിരക്ക് ഉയര്‍ന്നുകൊണ്ടുമിരിക്കുകയാണ്. ഇപ്പോള്‍ തന്നെ ഓവര്‍ഡ്രാഫ്റ്റിന്റെ പലിശ നിരക്ക് മറ്റ് ലോണുകളെക്കാള്‍ നാല് ശതമാനം ഉയര്‍ന്നതാണ്.
20 മാസം കൊണ്ടും നിങ്ങള്‍ക്ക് മുഴുവന്‍ തുകയും അടച്ച് തീര്‍ക്കാന്‍ സാധിച്ചില്ലെങ്കിലും പൂജ്യം ശതമാനം പലിശ ഈടാക്കുന്ന ക്രഡിറ്റ്കാര്‍ഡ് ഡീല്‍ തന്നെയാകും നല്ലത്. കാരണം ഓവര്‍ഡ്രാഫ്്റ്റിന്റെ പലിശയേക്കാള്‍ കുറവായിരിക്കും ഇത്. ഉദാഹരണത്തിന് ബാര്‍ക്ലേസ് ബാങ്ക് അവരുടെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യത്തിന് 19 % പലിശയാണ് ഈടാക്കുന്നത്. എന്നാല്‍ ഇവിടെ എംബിഎന്‍എ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓവര്‍ഡ്രാഫ്റ്റ് അടക്കുകയാണങ്കില്‍ ചെലവ് 87%വരെ കുറയ്ക്കാനാകും.

പല ബാങ്കുകളും അടിസ്ഥാന പലിശനിരക്കൊന്നുമല്ല ഓവര്‍ഡ്രാഫ്റ്റിന് ഈടാക്കുന്നത്. ദിവസത്തിന് ഒന്നോ രണ്ടോ പൗണ്ട് എന്ന കണക്കിലാണ് പലിശ സ്വീകരിക്കാറ്. നിങ്ങള്‍ ഓവര്‍ഡ്രാഫ്റ്റ് ക്ലിയര്‍ ചെയ്യാന്‍ ഒരു പാട് ദിവസം വൈകുകയാണങ്കില്‍ നിങ്ങള്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഫീസായി നല്‍കുന്ന നാല്പത് പൗണ്ടിനേക്കാള്‍ കൂടുതല്‍ തുക ബാങ്കിന് നല്‍കേണ്ടി വന്നേക്കാം.

കാര്‍ഡ് ശരിയായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക

സാധാരണയായി കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവിടേയും ബാധകമാണ്. പലരും മറന്നുപോകുന്നതും എന്നാല്‍ ഏറെ പ്രധാനപ്പെട്ടതുമായ ഒരു കാര്യം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓവര്‍ഡ്രാഫ്റ്റ് അടച്ചു തീര്‍ത്താലുടന്‍ കൃത്യമായി ക്രഡിറ്റ് കാര്‍ഡി ലെ തുക അടച്ച് തീര്‍ക്കാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ വീണ്ടും വലിയൊരു തുകയ്ക്ക് കടക്കാരനാകേണ്ടി വരും.
ബഡ്ജറ്റുകള്‍ കൃത്യമായി പ്ലാന്‍ ചെയ്യണം. മാത്രമല്ല ചെലവുകള്‍ ഡയറിയില്‍ കൃത്യമായി കുറിച്ചിടുകയും വേണം. ഷോപ്പിങ്ങിന് പോകുമ്പോള്‍ വാങ്ങേണ്ട ലിസ്റ്റ് വീട്ടില്‍ നിന്നേ തയ്യാറാക്കി കൊണ്ടുപോകുന്നത് കടയില്‍ ചെല്ലുമ്പോഴുണ്ടാകുന്ന പ്രലോഭനങ്ങളെ അതിജീവിക്കാന്‍ സഹായിക്കും. ചെറിയചെറിയ കാര്യങ്ങള്‍ക്ക് ഓവര്‍ഡ്രാഫ്റ്റ് ആനുകൂല്യം സ്വീകരിക്കാതെ ജീവിതത്തില്‍ എന്തെങ്കിലും അടിയന്തിരഘട്ടം വരുമ്പോള്‍ മാത്രം ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ഉപയോഗപ്പെടുത്തുക.

പ്രത്യേകം ശ്രദ്ധിക്കുക

ക്രെഡിറ്റ്‌ കാര്‍ഡില്‍ നിങ്ങള്‍ മാസാമാസം അടയ്ക്കേണ്ട മിനിമം തുക നിശ്ചിത ദിവസത്തിന് മുന്‍പ് തന്നെ അടക്കുന്നുവെന്ന് ഉറപ്പു വരുത്തണം.അല്ലാത്ത പക്ഷം കുറഞ്ഞ പലിശയുടെ ആനുകൂല്യം നിങ്ങള്‍ക്ക് നഷ്ട്ടമാവും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.