1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2012

പണം എങ്ങനെ സമ്പാദിക്കാം എന്ന പറഞ്ഞുകൊടുത്ത് ലൂയിസ് സമ്പാദിച്ചത് കോടികള്‍. ചൂതാട്ടമോ ലോട്ടറിയോ ഒന്നും കൊണ്ടല്ല. പണത്തെ കുറിച്ച് ആളുകള്‍ക്കുളള സംശയം പരിഹരിച്ചുകൊണ്ട്. മാര്‍ട്ടിന്‍ ലൂയിസ് എന്ന സാമ്പത്തിക കാര്യ ലേഖകന്‍ തന്റെ മണി സേവിങ്ങ് എക്‌സ്പര്‍ട്ട് എന്ന വെബ്ബ്‌സൈറ്റ് എണ്‍പത്തിയേഴ് മില്യണ്‍ പൗണ്ടിനാണ് മണിസൂപ്പര്‍മാര്‍ക്കറ്റ്. കോം എന്ന സൈറ്റിന് വിറ്റത്.

ഒരു ദശകം മുന്‍പ് മാര്‍ട്ടിന്‍ ലൂയിസ് എന്ന ചെറുപ്പക്കാരന്‍ വെറുമൊരു അവതാരനായിരുന്നു. അവിടെനിന്ന് കോടീശ്വരനായ ലൂയിസിലേക്കുളള വളര്‍ച്ചയില്‍ അത്യധ്വാനമുണ്ട്, ഒപ്പം ദീര്‍ഘദൃഷ്ടിയും. സിംപ്ലി മണി എന്ന ടെലിവിഷന്‍ ചാനലില്‍ രണ്ടു മിനിട്ടത്തെ പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ലൂയിസ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. എന്നാല്‍ ആ രണ്ട് മിനിട്ട് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടതോടെ ലൂയിസിന്റെ കഥയും മാറിതുടങ്ങി. തുടര്‍ന്ന് ബ്രോഡ്‌ഗേറ്റ് മെയ്ന്‍ലാന്‍ഡ് എന്ന പിആര്‍ കമ്പനി ലൂയിസിനെ ഏറ്റെടുക്കുകയും സണ്‍ഡേ എക്‌സ്പ്രസില്‍ ഒരു കോളം തുടങ്ങാന്‍ സഹായിക്കുകയും ചെയ്തു. സിംപ്ലി മണി എന്ന ചാനല്‍ അത്രകണ്ട് സാമ്പത്തിക വിജയമായിരുന്നില്ലാത്തതിനാല്‍ ലൂയിസും കൂട്ടരും ചാനലിനെ പരിഷ്‌കരിച്ച് സിംപ്ലി ഷോപ്പിങ്ങ് എന്നാക്കി. അപ്പോഴും സണ്‍ഡേ എക്‌സ്പ്രസിലെ പേഴ്‌സണല്‍ ഫിനാന്‍സ് റിപ്പോര്‍ട്ടര്‍ എന്ന ജോലി ലൂയിസ് ഉപേക്ഷിച്ചില്ല.

ചാനല്‍ വിജയിച്ചില്ലെങ്കിലും മാര്‍ട്ടിന്റെ രണ്ട് മിനിട്ട് പരിപാടി അത്രകണ്ട് ജനങ്ങളെ ആകര്‍ഷിച്ചിരുന്നു. ആളുകള്‍ക്ക് മനസ്സിലാകാത്ത സാമ്പത്തികകാര്യങ്ങള്‍ അവര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ ലളിതമായിട്ടായിരുന്നു രണ്ട് മിനിട്ടുകൊണ്ട്് ലൂയിസ് അവതരിപ്പിച്ചിരുന്നത്.
മാഞ്ചസ്റ്ററില്‍ ജനിച്ച ലൂയിസ് പഠിച്ചതും വളര്‍ന്നതുമെല്ലാം ചെഷയറിലായിരുന്നു.ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്‌ണോമിക്‌സിലെ പഠനത്തിന് ശേഷം നഗരത്തിലെ ഒരു പിആര്‍ കമ്പനിയില്‍ ജോലി ചെയ്തു. പിന്നീട് കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി. ബിബിസിയിലെ നിരവധി റിപ്പോര്‍ട്ടര്‍മാരെ സൃഷ്ടിച്ച പാരമ്പര്യമുളള കാര്‍ഡിഫിലെ പഠനം ലൂയിസിനേയും തുണച്ചു. റേഡിയോ ഫോര്‍ ടുഡേസ് പ്രോഗ്രാമിന്റെ ബിസനസ് എഡിറ്ററായി ലൂയിസ് ജോലിയില്‍ പ്രവേശിച്ചു. അതിന്‌ശേഷം 1999ലാണ് ലൂയിസ് സിംപ്ലിമണിയിലും തുടര്‍ന്ന് സണ്‍ഡേ എക്‌സ്പ്രസിലും ജോലിചെയ്യുന്നത്.

രണ്ടായിരത്തി മൂന്നില്‍ സണ്‍ഡേ എക്‌സ്പ്രസില്‍ ജോലി ചെയ്യുന്ന സമയത്താണ് ലൂയിസ് മണി സേവിങ്ങ് എക്‌സ്പര്‍ട്ട് എന്ന തന്റെ വെബ്ബ്‌സൈറ്റ് തുടങ്ങുന്നത്. ഇന്ന് യുകെയിലെ ഏറ്റവും പ്രശസ്തമായ കണ്‍സ്യൂമര്‍ ഫിനാന്‍സ് വെബ്ബ്‌സൈറ്റാണ് മണിസേവിങ്ങ് എക്‌സ്പര്‍ട്ട്.13 മില്യണ്‍ മാസവരിക്കാരാണ് സൈറ്റിനുളളത്. 100 പൗണ്ട് അടച്ച് വരിക്കാരായ ഏഴ് മില്യണ്‍ ആളുകള്‍ക്ക് പണത്തെകുറിച്ചുളള മാര്‍ട്ടന്‍ ലൂയിസിന്റെ ടിപ്പുകള്‍ ഈമെയില്‍ വഴി ലഭിക്കുന്നു. രണ്ടായിരത്തി ഏഴില്‍ ലോയ്ഡ്‌സ് ടിഎസ്ബി ലൂയിസിന്റെ സൈറ്റിന് അഞ്ച് മില്യണ്‍ പൗണ്ട് വാഗ്ദാനം ചെയ്തതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ബാങ്കുകളില്‍ വിശ്വാസമില്ലാത്തതിനാലും എഡിറ്റോറിയല്‍ കണ്‍ട്രോള്‍ നഷ്ടപ്പെടുമെന്നതിനാലും ലൂയിസ് ആ വാഗ്ദാനം സ്വീകരിച്ചില്ല. കഴിഞ്ഞവര്‍ഷം പൂട്ടിപോകുന്നത് വരെ ലൂയിസ് ന്യൂസ് ഓഫ് ദി വേള്‍ഡിലും ഒരു കോളം കൈകാര്യം ചെയ്തിരുന്നു. ഐടിവിയുടെ ഡേബ്രേക്ക് പ്രോഗ്രാമിലും ഒപ്പം ലൊറെയ്ന്‍ ഷോയില്‍ ആഴ്ചയില്‍ ഒരിക്കലും ലൂയിസ് പരിപാടി അവതരിപ്പിക്കുന്നുണ്ട്. ഡെയ്‌ലി ടെലഗ്രാഫില്‍ ലൂയ്‌സിന്റെ ഒരു മന്ത്‌ലി കോളവും പ്രസിദ്ധീകരിക്കുന്നുണ്ട്.

വെബ്ബ്‌സൈറ്റിന് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കാനില്ലന്നും മീഡിയ വര്‍ക്കില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നതിനാലുമാണ് താന്‍ വെബ്ബ്‌സൈറ്റ് വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ലൂയിസ് പറയുന്നു. സൈറ്റിന്റെ നടത്തിപ്പില്‍ വേറെ പങ്കാളികള്‍ ആരുമില്ല എന്നതുകൊണ്ട് തന്നെ വില്‍പ്പനയിലൂടെ ലഭിച്ച പണം ലൂയിസിന് സ്വന്തമാണ്. എണ്‍പത്തിയേഴ് മില്യണിന്റെ ഇടപാടില്‍ 35 മില്യണ്‍ പണമായിട്ടും ബാക്കി 22.1 മില്യണ്‍ മണിസൂപ്പര്‍മാര്‍ക്കറ്റ് ഡോട്ട് കോമിന്റെ ഷെയറായിട്ടും ആകും ലഭിക്കുക. തനിക്ക് ലഭിച്ച വരുമാനത്തില്‍ 10 മില്യണ്‍ പൗണ്ട് ചാരിറ്റിക്കായി ഉപയോഗിക്കാനാണ് ലൂയിസിന്‌റെ തീരുമാനം ഇതില്‍ ഒരു മില്യണ്‍ പൗണ്ട് സിറ്റിസണ്‍സ് അഡൈ്വസിനാകും ലഭിക്കുക. യുകെയിലെ ബെസ്റ്റ് സെല്ലിങ്ങ് ലിസ്റ്റില്‍ ഇടം പിടിച്ച ദ മണി ഡയറ്റ്, ത്രി ലെസണ്‍സ് ആന്‍ഡ് ട്രിഫ്റ്റി വേയ്‌സ് എന്ന പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ലൂയിസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.