മാസം തികയാതെ പ്രസവിച്ച കുട്ടികളില്‍ മാനസിക രോഗങ്ങള്‍ ഉണ്ടാകാനുളള സാധ്യത ഏറെയെന്ന് ഗവേഷകര്‍. ഇത്തരം കുട്ടികളില്‍ ബൈപോളാര്‍ ഡിസോഡര്‍, ഡിപ്രഷന്‍, സൈക്കോസിസ് തുടങ്ങിയ അസുഖങ്ങള്‍ കാണാനുളള സാധ്യത ഏറെയാണന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മാസം തികയാതെ ജനിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കി പരിപാലിക്കേണ്ടത് ആവശ്യമാണന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണ ഗര്‍ഭകാലം എന്നു പറയുന്നത് 40 ആഴ്ചയാണ്. എന്നാല്‍ 36 ആഴ്ചകള്‍ക്ക് മുന്‍പ് നടക്കുന്ന പ്രസവങ്ങളെയാണ് മാസം തികയാതെയുളള പ്രസവങ്ങളുടെ ഗണത്തില്‍ പെടുത്തിയിരിക്കുന്നത്. പതിമൂന്നില്‍ ഒന്നെന്ന കണക്കില്‍ മാസം തികയാതെയുളള പ്രസവങ്ങള്‍ നടക്കുന്നുണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
അപകടസാധ്യത കൂടുതല്‍
1973നും 1985നും ഇടയില്‍ നടന്ന 1.3 മില്യണ്‍ പ്രസവങ്ങളുടെ കണക്കുകള്‍ പരിശോധിച്ചുകൊണ്ടാണ് ലണ്ടനിലെ കിംഗ്‌സ് കോളേജ് സൈക്യാട്രി വിഭാഗവും സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായി ഈ വിഷയത്തില്‍ പഠനം നടത്തിയത്. ഈ പ്രസവങ്ങളില്‍ ജനിച്ച 10,523 ആളുകള്‍ പിന്നീട് മാനസികമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ നേടിയിട്ടുണ്ട്. ഇതില്‍ തന്നെ 580 ആളുകളും മാസംതികയാതെ ജനിച്ചവരായിരുന്നു.
സാധാരണ ഗര്‍ഭകാലം പൂര്‍ത്തിയായ ശേഷം ജനിക്കുന്ന ഒരു കുട്ടികളില്‍ മാനസിക പ്രശ്‌നം കാണാനുളള സാധ്യത ആയിരത്തില്‍ രണ്ടാണ്. എന്നാല്‍ മാസം തികയാതെ ജനിച്ച കുട്ടികളില്‍ ഇത് കൂടുതലാണ്. 36 ആഴ്ചകള്‍ക്ക് മുന്‍പ് ജനിച്ച കുട്ടികളില്‍ ഇത് ആയിരത്തില്‍ നാലും 32 ആഴ്ചകള്‍ക്ക് മുന്‍പ് ജനിച്ച കുട്ടികളില്‍ ഇത് ആയിരത്തില്‍ ആറും എന്ന കണക്കിലാണ് കാണപ്പെടുന്നത്. മാസം തികയാതെ ജനിച്ച കുട്ടികള്‍ക്ക് ബൈപോളാര്‍ ഡിസോഡര്‍ ഉണ്ടാകാനുളള സാധ്യത ഏഴ് ശതമാനവും ഡിപ്രഷന്‍ ഉണ്ടാകാനുളള സാധ്യത മൂന്ന് ശതമാനവും അധികമാണ്. എന്നാല്‍ ചെറിയ പ്രശ്‌നങ്ങളുളളവര്‍ ആശുപത്രിയില്‍ ചികിത്സ നേടാറില്ലാത്തതിനാല്‍ യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്ന് ഗവേഷകനായ ഡോ. ചിയാര നോസാര്‍ത്തി പറഞ്ഞു. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളില്‍ തലച്ചോറിന്റെ വളര്‍ച്ച ശരിയായി നടക്കാത്തതാണ് ഇതിന് കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.
മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളില്‍ സ്‌കീസോഫ്രീനിയ എന്ന മാനസിക രോഗം ഉണ്ടാകാനുളള സാധ്യത ഏറെയാണന്ന് മുന്‍പ് കണ്ടെത്തിയിരുന്നു. എന്നാല്‍ എല്ലാത്തരത്തിലുമുളള മാനസിക പ്രശ്‌നങ്ങള്‍ ഇത്തരം കുട്ടികള്‍ക്ക് ഉണ്ടാകാനുളള സാധ്യത ഏറെയാണന്ന അറിവ് ഞെട്ടിക്കുന്നതാണന്ന് മെന്റല്‍ഹെല്‍ത്ത് ചാരിറ്റി സംഘടനയായ സെയ്‌നിന്റെ ചീഫ് എക്‌സിക്യൂട്ടീവ് മജോരി വാലാസ് പറഞ്ഞു. എന്നാല്‍ പഠനവിധേയമാക്കിയ പലരും നാല്‍പ്പത് വയസ്സിന് മുകളിലുളളവരാണന്നും നാല് ദശാബ്ദങ്ങള്‍ക്ക് മുന്‍പുളള ക്ലിനിക്കല്‍ സൗകര്യങ്ങളല്ല ഇപ്പോഴുളളതെന്നും അതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ലന്നും ബേബികെയര്‍ ചാരിറ്റിയായ ബ്ലിസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡി കോള്‍ പറഞ്ഞു. ഇപ്പോള്‍ മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളുടെ തലച്ചോറിന് ആവശ്യമായ തണുപ്പ് കിട്ടത്തക്ക വിധത്തില്‍ ക്രമീകരിക്കാനുളള സംവിധാനങ്ങളുണ്ട്. ഇത് തലച്ചോറിലേക്കുളള ഓക്‌സിജന്റെ അളവ് കൂട്ടുകയും തലച്ചോറിന്റെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുമെന്നും കോള്‍ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല