അടുത്ത മാസം എട്ടാം തീയതി നടക്കേണ്ടിയിരുന്ന യുക്മ ദേശീയ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായി.മിക്ക റീജിയനുകളിലെയും തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ പുരോഗമിക്കവെയാണ് ദേശീയ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്ന് ഏകദേശം ഉറപ്പായത്.അധികാരത്തില്‍ കടിച്ചു തൂങ്ങുവാനുള്ള യുക്മ നേതൃത്വത്തിലെ ചില ഉന്നതരുടെ നീക്കങ്ങളാണ് അടുത്തോന്നും തിരഞ്ഞെടുപ്പ് നടക്കുകയില്ല എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നത്.
നാഷണല്‍ കമ്മിറ്റിയിലെ മൂന്നില്‍ രണ്ട് അംഗങ്ങളും തിരഞ്ഞെടുപ്പു സമയത്തിന് നടത്തണം എന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടും തികഞ്ഞ ധാര്‍ഷ്ട്യത്തോടെ പെരുമാറുന്ന പ്രസിഡണ്ടും സെക്രട്ടറിയുമാണ് എങ്ങിനെയും അധികാരത്തില്‍ കടിച്ചു തൂങ്ങുവാന്‍ വേണ്ടി നാണം കെട്ട കളികള്‍ കളിക്കുന്നത്.ഭരണ ഘടന പ്രകാരം തിരഞ്ഞെടുപ്പിന് ഒരു മാസം നോട്ടീസ് നല്‍കണം (നാളെയെങ്കിലും ) എന്നിരിക്കെ ഇതു സംബന്ധിച്ച യാതൊരു നടപടിക്രമങ്ങളും ഇതുവരെ ആരംഭിച്ചിട്ടില്ല.ഇതോടെ യുക്മ പ്രവര്‍ത്തന കലണ്ടര്‍ പ്രകാരമുള്ള ജൂലൈ എട്ടാം തീയതി തിരഞ്ഞെടുപ്പ് നടക്കില്ലെന്ന്‍ ഉറപ്പായിക്കഴിഞ്ഞു.
ഏറ്റവും അടുത്ത എക്സികുട്ടീവ് വിളിച്ചിരിക്കുന്നത് ജൂണ്‍ 14 നാണ്.അതാകട്ടെ പ്രവര്‍ത്തി ദിവസമായ വ്യാഴാഴ്ച ആയതിനാല്‍ നാഷണല്‍ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കും പങ്കെടുക്കാന്‍ സാധിക്കുകയുമില്ല.കഴിഞ്ഞ ദിവസങ്ങളിലെ ഡയമണ്ട് ജുബിലി അവധിയും അടുത്ത മാസത്തെ സ്കൂള്‍ അവധിയും കാരണം കുറഞ്ഞ നോട്ടീസില്‍ ആര്‍ക്കും പതിനാലാം തീയതി ഓഫ് ലഭിക്കുകയുമില്ല.സാധാരണ ഗതിയില്‍ വീക്കെന്‍ഡില്‍ വിളിക്കേണ്ട യോഗം പ്രവര്‍ത്തി ദിവസം വിളിച്ചത് തന്നെ അട്ടിമറിയുടെ ഭാഗമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ഇനി അഥവാ 14 -ന് തീരുമാനം എടുത്താലും ഒരു മാസത്തിനു ശേഷം മാത്രമേ തിരഞ്ഞെടുപ്പ് നടത്തുവാന്‍ സാധിക്കുകയുള്ളൂ. ആ സമയം സ്കൂള്‍ അവധി തുടങ്ങുമെന്നതിനാല്‍ സാങ്കേതികയുടെ പേര് പറഞ്ഞു വീണ്ടും തിരഞ്ഞെടുപ്പ് നീട്ടാം.പോരാത്തതിന് വാര്‍ഷിക കണക്ക് അവതരിപ്പിക്കേണ്ട ട്രഷറര്‍ അടക്കം അഞ്ചോളം നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ നാട്ടില്‍ കുട്ടികളുമൊത്ത് അവധിക്കു പോകുകയുമാണ്.ഇതോടെ ജൂലൈ മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുകയില്ല.
ആഗസ്റ്റ് മാസം അവസാനത്തോടെ മാത്രമേ സ്കൂള്‍ അവധി കഴിയുകയുള്ളൂ.പോരാത്തതിന് ആ സമയം മിക്ക അസോസിയേഷനുകളും ഓണാഘോഷ പരിപാടികള്‍ ആരംഭിക്കുകയും ചെയ്യും,ഇതു പൂര്‍ത്തിയാവാന്‍ ഒരു മാസത്തോളം എടുക്കും.പിന്നീട് വരുന്ന നവംബര്‍ മാസത്തില്‍ നാഷണല്‍ കലാമേള നടത്തണമെന്നതിനാല്‍ അതിനു മുന്‍പ് തിരഞ്ഞെടുപ്പിന് സമയവുമില്ല.ഇതോടെ തിരഞ്ഞെടുപ്പ് വീണ്ടും നീളും.
ഫലത്തില്‍ ഈ വര്‍ഷം ഇനി തിരഞ്ഞെടുപ്പ് നടത്തുക അസാധ്യമാവും.യുക്മ നേതൃത്വത്തിലെ ചില അധികാര മോഹികള്‍ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് കാര്യങ്ങള്‍ ഈ നിലയില്‍ എത്തിയിരിക്കുന്നത്.അജണ്ടയില്ലാതെ നാഷണല്‍ കമ്മിറ്റി വിളിച്ചതും അതിലെ തീരുമാനങ്ങള്‍ രണ്ടരമാസം അംഗ അസോസിയേഷനുകളെയോ മാധ്യമങ്ങളെയോ അറിയിക്കാതെ പൂഴ്ത്തി വച്ചതും ഈ ഗൂഡാലോചനയുടെ ഭാഗമായിരുന്നു.
തികച്ചും ഏകാധിപത്യപരമായ തീരുമാനങ്ങള്‍ ജനാധിപത്യ സംഘടനയായ യുക്മയില്‍ നടക്കുന്നതിനെതിരെ അംഗ സന്ഘ്ടനകള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുണ്ട്.വെറുമൊരു വാഗ്ദാന സംഘടനയായി യുക്മയെ തരം താഴ്ത്തി ,പ്രഖ്യാപിച്ച ഭൂരിഭാഗം കാര്യങ്ങളും നടപ്പിലാക്കാത്ത നിഷ്ക്രിയ നേതൃത്വമാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് അട്ടിമറിക്ക് പിന്നിലെന്നതാണ് ഏറെ വിരോധാഭാസമായ കാര്യം.താന്‍ പോരിമയും സ്വജന പക്ഷ പാതവും കാണിക്കുന്ന നേതൃത്വത്തിനെതിരെ വരും ദിവസങ്ങളില്‍ അംഗ സംഘടനകള്‍ കലാപക്കൊടി ഉയര്‍ത്തുമെന്ന് തീര്‍ച്ച.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല