ഗവണ്മെന്റിന്റെ ചെലവുചുരുക്കല്‍ മൂലം പോലീസ് സേനയുടെ എണ്ണം കുറച്ചത് രാജ്യത്ത് അക്രമങ്ങള്‍ കൂടാന്‍ സഹായിച്ചുവെന്ന് മുതര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്. രാജ്യത്ത് ചരിത്രത്തിലാദ്യമായി അക്രമനിരക്ക് കുറഞ്ഞു നിന്ന സമയത്താണ് ഗവണ്മെന്റ് പൊതു ചെലവുചുരുക്കല്‍ പരിപാടി പ്രഖ്യാപിക്കുന്നത്. ഇതിന്റെ ഭാഗമായി നൂറ് കണക്കിന് പോലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ചുവിടേണ്ടി വന്നു. പോലീസ് സേനയിലുണ്ടായ കാര്യമായ കുറവ് അക്രമനിരക്ക് വീണ്ടും ഉയര്‍ത്തുകയും ചെയ്തതായി ലങ്കാഷെയര്‍ ചീഫ് കോണ്‍സ്റ്റബിള്‍ ക്രിസ് വെയ്ഗ് പറഞ്ഞു. ലങ്കാഷെയര്‍ പോലീസ് അതോറിറ്റി മീറ്റിങ്ങില്‍ സംസാരിക്കവേയാണ് രാജ്യത്തെ അക്രമങ്ങളുടെ കണക്ക് ഭീതിജനകമാം വണ്ണം വര്‍ദ്ധിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചത്.
പരുക്കല്പ്പിച്ചുകൊണ്ടുളള അക്രമങ്ങള്‍, വീടുകള്‍ കയറിയുളള മോഷണം, വാഹനമോഷണം എന്നിവയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. പരുക്കേല്പ്പിച്ചുളള അക്രമങ്ങളില്‍ 5.8 ശതമാനം വര്‍ദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.വീട് കയറിയുളള മോഷണം 8.4 ശതമാനവും വാഹനമോഷണം 6.4 ശതമാനവും വര്‍ദ്ധിച്ചിട്ടുണ്ട്. 513 പോലീസുകാരെ ലങ്കാഷെയറിലെ തെരുവുകളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ക്രിസ് വെയ്ഗ് ചൂണ്ടിക്കാട്ടി.
വീടുകയറിയുളള മോഷണം വ്യാപകമായ സ്ഥിതിക്ക് അത് തടയാനായി ഓപ്പറേഷന് ജൂലിയസ് എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ പണത്തിന്റെ ഞെരുക്കം കാരണം എത്രനാള്‍ ഇത്തരം പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് അറിയില്ലെന്നും ക്രിസ് പറഞ്ഞു. ഗവണ്മെന്റിന്റെ നയങ്ങള്‍ കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന അറിവ് ഞെട്ടിക്കുന്നതാണ് പ്രതിപക്ഷത്തെ പോലീസിങ്ങ് മിനിസ്റ്റര്‍ ഡേവിഡ് ഹാന്‍സണ്‍ പ്രതികരിച്ചു. ആഭ്യന്തര മന്ത്രി തെരേസാമേയും ഡേവിഡ് കാമറൂണും ആവര്‍ത്തിച്ച് പറയുന്നത് പൊതുജനങ്ങളുടെ സംരക്ഷണത്തിനായാണ് പുതിയ നടപടികള്‍ ഏര്‍പ്പെടുത്തുന്നതെന്നാണ് അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിച്ച്കൊണ്ടിരിക്കുന്നതെന്നും ഹാന്‍സണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല