ലോകത്തിന്റെ ഒരു പരിച്ഛേദമാണ് ബ്രിട്ടനിലെ സ്കൂളുകള്‍. ഒരു പ്രൈമറി സ്കൂള്‍ നിയന്ത്രിക്കുന്നത് ലോകത്തെ നിയന്ത്രിക്കുന്നത് പോലെ ശ്രമകരവും. ബ്രിട്ടനിലെ സ്കൂളധ്യാപകര്ക്കാണ് ഒരു ചെറിയ ലോകത്തെ മുഴുവന്‍ നിയന്ത്രിക്കണ്ടി വരുന്നത്. ബര്‍മ്മിംഗ്ഹാമിലെ ഇംഗ്ലീഷ് മാര്‍ട്ടിയേഴ്സ് കത്തോലിക്ക് സ്കൂളിലെ 414 വിദ്യാര്‍ത്ഥികള്‍ സംസാരിക്കുന്നത് 31 ഭാഷകള്‍. ഇതില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന കുട്ടികളാകട്ടെ ന്യൂനപക്ഷവും. ആഫ്രിക്കന്‍ ഭാഷകളായ ലിംഗാല, യോരുബ, പാകിസ്ഥാനില്‍ സംസാരിക്കുന്ന മിര്‍പുരി, ഹിന്ഡ്കോ, രണ്ട് തരം ബംഗാളി ഭാഷകള്‍, ചെക്ക്, സുഡാനി തുടങ്ങിയ ഭാഷകളാണ് ഈ സ്കൂളിലെ കുട്ടികള്‍ അധികവും സംസാരിക്കുന്നത്.
എന്നാല്‍ സ്കൂളിലെ ഈ വൈവിധ്യം അവരുടെ സാറ്റ് സ്കോര്‍ കൂട്ടാന്‍ സഹായിച്ചിട്ടുണ്ടെന്ന് സ്കൂളിലെ പ്രധാന അധ്യാപിക എവ്ലിന് ഹാര്‍പര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം സ്കൂളിലെ 91 ശതമാനം കുട്ടികളും ഇംഗ്ലീഷിന് ജയിക്കാനുളള സ്കോറായ നാലിന് മുകളില്‍ നേടിയിരുന്നു. 89 ശതമാനം കുട്ടികളും കണക്കിന് പാസ്സായിരുന്നു. ഇവിടെ പഠിക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും പാകിസ്ഥാനികളാണ്. ഉര്‍ദുവും മിര്പുരിയുമാണ് ഇവരുടെ മാതൃഭാഷകള്‍.
പുതുതായി വരുന്ന കുട്ടികളുമായി സംവദിക്കാന്‍ സ്കൂള്‍ അധികൃതര്‍ പരിഭാഷകരുടെ സഹായം തേടാറുണ്ട്. ഒപ്പം സ്കൂളില്‍ അതേ ഭാഷ സംസാരിക്കുന്ന കു്ട്ടിയുമായി അടുത്തിടപഴകാന്‍ അനുവദിക്കും. പുതുതായി വരുന്ന കുട്ടികള്‍ക്ക് പെട്ടന്ന് ഇംഗ്ലീഷ് പഠിക്കാന്‍ ഇത് സഹായിക്കും. ബെര്‍മ്മിംഗ്ഹാം സിറ്റിയിലെ സ്കൂളുകളില്‍ മാത്രം 120 ഭാഷകള്‍ സംസാരിക്കുന്ന കുട്ടികളുണ്ടെന്നാണ് കണക്ക്. ഗവണ്മെന്റിന്റെ കണക്ക് അനുസരിച്ച് ബര്‍മ്മിംഗ്ഹാം സ്കൂളുകളില്‍ ഇംഗ്ലീഷ് മാതൃഭാഷയായി സംസാരിക്കുന്ന കുട്ടികള്‍ നാലിലൊന്ന് മാത്രമാണ്.
അടുത്തിടെ സെഞ്ച്വറി ആഘോഷിച്ച ഇംഗ്ലീഷ് മാര്‍ട്ടയേഴ്സ് സ്കൂള്‍ 1950 – 60 കാലഘട്ടത്തില്‍ ഐറിഷ് കാത്തലിക് കുട്ടികള്‍ ധാരളമായി പഠിച്ചിരുന്ന സ്കൂളായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാനി കിട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ അധികവും. നിലവില്‍ 11 ശതമാനമാണ് ഇവിടെയുളള കത്തോലിക് കുട്ടികളുടെ എണ്ണം. പോളണ്ട്, റുമേനിയ, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുളള കുട്ടികളുടെ എണ്ണം കൂട്ടാന്‍ സ്കൂള്‍ അധികൃതര്‍ ശ്രദ്ധിക്കുമെന്നും പുതുതായി ചാര്‍ജ്ജെടുത്ത പ്രധാന അധ്യാപിക എവ്ലിന് ഹാര്‍പര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല