കാന്‍സര്‍ ബാധിച്ചു മാഞ്ചെസ്റ്ററില്‍ മരണമടഞ്ഞ കോതമംഗലം ഊന്നുകല്‍ സ്വദേശി കുന്നത്ത് മലയില്‍ ജിബി മാത്യുവിനു മാഞ്ചെസ്റ്ററിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ജിബിയെ അവസാനമായി ഒരു നോക്ക് കാണുന്നതിനും അന്തിമോപചാരം അര്‍പ്പിക്കുന്നതിനും യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് ആളുകള്‍ ഇന്നലെ മാഞ്ചെസ്റ്ററില്‍ എത്തിച്ചേര്‍ന്നിരുന്നു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
വൈകീട്ട് ഏഴുമണിയോടെ ഫ്യൂണറല്‍ സര്‍വീസിന്റെ വാഹനം വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ പള്ളിയും പരിസരങ്ങളും ജന നിബിഡമായിരുന്നു. ഷൂഷ്ബറി രൂപതാ ചാപ്ലയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ ഫാ.തോമസ് തൈക്കൂട്ടം, ഫാ. സോണി കരുവേലില്‍ തുടങ്ങിയവര്‍ ചേര്‍ന്നു ദേവാലയ കവാടത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്നു നടന്ന സമൂഹബലിയില്‍ ഫാ. സജി മലയില്‍ പുത്തന്‍പുര കാര്‍മികനായി. ജിബിയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിറകണ്ണുകളോടെ സമൂഹബലിയില്‍ പങ്കെടുത്തു. മൃതദേഹത്തിനരികെ തളര്‍ന്നിരിക്കുന്ന ജിബിയുടെ ഭാര്യ അമോനെ സുഹൃത്തുക്കള്‍ ആശ്വസിപ്പിച്ചു. ജിബിയുടെ രണ്ടാരവയസുള്ള മകന് ഡോണാള്‍ഡിന്റെ മുഖം ഏവരുടെയും കരളലിയിക്കുന്നതായിരുന്നു.
ദിവ്യബലി മദ്ധ്യേ ഫാദര്‍ തോമസ് തൈക്കൂട്ടം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു സംസാരിച്ചു.ഒപ്പീസിന് ഫാദര്‍ സോണി നേതൃത്വം നല്കി.മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലും നിന്നും വന്‍ ജനാവലി പരേതന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.വിവിധ സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും വേണ്ടി റീത്തുകള്‍ സമര്‍പ്പിക്കപ്പെട്ടു.ജിബിയുടെ മരണവിവരം അറിഞ്ഞപ്പോള്‍ മുതല്‍ എല്ലാ കാര്യങ്ങളിലും സഹകരിച്ച ഏവര്‍ക്കും ഫാദര്‍ സജി നന്ദി അറിയിച്ചു.ശനിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം ഊന്നുകല്‍ ദേവാലയത്തിലെ കുടുംബകല്ലറയില്‍ സംസ്കരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല