വീട്ടിലെ രോഗബാധിതരായ അംഗങ്ങളെ ശുശ്രൂഷിക്കന്നവര്‍ക്ക് ഗവണ്‍മെന്റ് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. രോഗികളായ മാതാപിതാക്കളെ ശുശ്രൂഷിക്കാനോ, കുട്ടികളെ നോക്കാനോ ആയി വീട്ടിലിരിക്കുന്നവര്‍ക്ക് ഇനിമുതല്‍ കുറച്ച് കാലം അവധിയെടുക്കാന്‍ സാധിക്കും. ഒപ്പം ഇവര്‍ക്ക് ഗതാഗത സൗകര്യവും രോഗീ പരിചരണത്തില്‍ പ്രത്യേക ട്രയിനിംഗും നല്‍കും. വീട്ടിലെ രോഗികളായ അംഗങ്ങളെ നോക്കുന്നതിനായി വീട്ടിലിരിക്കുന്നവരെ രണ്ടാം കിട പൗരന്‍മാരായിട്ടാണ് കാണുന്നത്. അതിനാലാണ് ഗവണ്‍മെന്റ് ഇവര്‍ക്കായി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്.
കണക്കുകള്‍ അനുസരിച്ച് 1.25 മില്യണ്‍ ജനങ്ങള്‍ ആഴ്ചയില്‍ 50 മണിക്കൂറിലധികം രോഗികളായ കുടുംബാംഗങ്ങളെ നോക്കാനായി ചെലവഴിക്കുന്നുണ്ട്. ചിലര്‍ ജോലിയും രോഗീ സംരക്ഷണവും കുട്ടികളെ നോക്കലും ഒരുമിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവരാണ്. ഇത്തരത്തിലുളള ശമ്പളമില്ലാത്ത രോഗി സംരക്ഷര്‍ മറ്റുളളവര്‍ക്കായി തങ്ങളുടെ കരിയര്‍ ബലികഴിക്കുകയും വീടിനുളളില്‍ ഒറ്റപ്പെട്ട് പോവുകയും ചെയ്യുന്നതായി ചാരിറ്റി ഗ്രൂപ്പുകള്‍ കണ്ടെത്തിയിരുന്നു. ഇത് മൂലം ഇവരുടെ ആരോഗ്യം തകരാറിലാവുകയും ചെയ്യുന്നു.
നിലവില്‍ ഇത്തരം രോഗികളെ ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് എന്‍എച്ച്എസിന് പരിമിതികളുണ്ട്. കൗണ്‍സിലുകളാകട്ടെ ഇത്തരം രോഗി സംരക്ഷകരുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണന്ന് പഠിച്ചിട്ടുണ്ടെങ്കിലും അവര്‍ക്കാവശ്യമായ സപ്പോര്‍ട്ട് നല്‍കാനുളള സൗകര്യങ്ങളുണ്ടായിരുന്നില്ല. ഇതിനാണ് പുതിയ നിയമത്തോടെ മാറ്റമുണ്ടാക്കാന്‍ പോകുന്നത് രോഗികള്‍ക്ക് വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ഇനിമുതല്‍ കുറച്ച് ദിവസം അവധിയെടുത്ത് ആഘോഷിക്കാം. ഈ സമയം സോഷ്യല്‍ സര്‍വ്വീസ് സംഘടനകള്‍ രോഗികളെ സംരക്ഷിക്കും. രോഗികളെ സംരക്ഷിക്കുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇനിമുതല്‍ കൗണ്‍സിലുകള്‍ ബാധ്യസ്ഥരായിരിക്കുമെന്നും കെയര്‍ സര്‍വ്വീസ് മിനിസ്റ്ററായ പോള്‍ ബര്‍സ്‌റ്റോ പറഞ്ഞു.
വര്‍ഷത്തില്‍ ഏകദേശം ഇരുപതിനായിരത്തോളം ആളുകള്‍ രോഗികളുടെ സംരക്ഷണത്തിനായി തങ്ങളുടെ വീട് വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. വൃദ്ധരായ രോഗികളെ പരിചരിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ഡില്‍നോട്ട് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ രാജ്യത്തിന് 1.7 ബില്യണില്‍ കൂടുതല്‍ അധിക ചെലവ് വരുത്തുന്നതിനാല്‍ ട്രഷറി ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ വിസമ്മതിച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല