ചലച്ചിത്ര നടി ഉര്‍വശിക്ക് അവധി ദിവസങ്ങളിലായി കൂടുതല്‍ ദിവസം മകളോടൊപ്പം കഴിയാനുള്ള മുന്‍ ഉത്തരവ് എറണാകുളം കുടുംബക്കോടതി സ്റ്റേ ചെയ്തു. ഞായറാഴ്ച ദിനങ്ങളില്‍ ഉച്ചയ്ക്ക് രണ്ടുമുതല്‍ ആറുമണി വരെ കുട്ടിയെ ഉര്‍വശിയോടൊപ്പം വിടാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.കുഞ്ഞാറ്റയെ മനോജിനൊപ്പം വിട്ടുകൊണ്ടുള്ള ഉത്തരവ് വന്നതിന് പിന്നാലെ കുട്ടിയെ ചൊല്ലി ഇരുവരും തമ്മില്‍ ചെറിയ തോതില്‍ വാക്കുതര്‍ക്കമുണ്ടായി. ഇരുവരുടെയും നടപടികളെ ജഡ്ജി തുറന്ന കോടതിയില്‍ വിമര്‍ശിച്ചു. രണ്ടുപേരുടെ ദുര്‍വാശിക്കുവേണ്ടി കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാനാവില്ലെന്നാണു ജഡ്ജി പറഞ്ഞത്. തുടര്‍ന്ന് ഉച്ചയ്ക്കു രണ്ടുവരെ മകളെ ഉര്‍വശിക്കൊപ്പം വിടാന്‍ കോടതി അനുവദിച്ചു.
ഉച്ചയ്ക്കു ശേഷം കുഞ്ഞാറ്റയോടൊപ്പം മാതാപിതാക്കളെ ജഡ്ജിയുടെ ചേംബറിലേക്കു വിളിച്ചുവരുത്തി. കേസ് അടുത്തമാസം അഞ്ചിനു പരിഗണിക്കാനായി മാറ്റി; കുട്ടിയെ മനോജിനു കൈമാറി. ഉത്തരവുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ പൂര്‍ത്തിയാകാന്‍ കുറച്ചു സമയമെടുത്തപ്പോള്‍ മനോജും മകളും പുറത്തെ വരാന്തയില്‍ കാത്തിരിക്കുകയായിരുന്നു. ഈ സമയം ഉര്‍വശി കണ്ണീരോടെ പുറത്തേക്കിറങ്ങി.
മനോജ് കെ. ജയന്റെ അഭിഭാഷകന് ഹാജരാകാഞ്ഞതിനാലാണു കഴിഞ്ഞയാഴ്ച കോടതി ഉര്‍വശിക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചത്. ഓണം, ക്രിസ്മസ് അവധി ദിനങ്ങളിലും മധ്യവേനലവധിയിലെ 15 ദിവസവും മാസത്തിലെ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും കുട്ടിയെ അമ്മയ്ക്കു കൈമാറണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മനോജ് കോടതിയിലെത്തി. മുന്‍ ഉത്തരവിലെ എല്ലാ നിബന്ധനകളും താല്‍ക്കാലികമായി സ്റ്റേ ചെയ്താണ് കോടതി പുതിയ ഉത്തരവു പുറപ്പെടുവിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല