ഫുട്ബോളിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിന്റെ നാട്ടില്‍ നിന്നും യൂറോകപ്പിനെത്തിയവര് ഇത്തവണ തുടക്കം ഗംഭീരമാക്കി. താരതമ്യം ചെയ്യുമ്പോള്‍ ഏറെ മുന്നിലുണ്ടായിരുന്ന ഫ്രാന്‍സിനെ 1-1 എന്ന സ്കോറില്‍ പ്രതിരോധകോട്ടക്കുള്ളില്‍ തളച്ചിടാനും വിലയേറിയ ഒരു പോയിന്റും സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിനു സാധിച്ചു.ജൊലാന്‍ ലെസ്കോട്ടിലൂടെ ഇംഗ്ലണ്ടാണ് ആദ്യം ഗോള്‍ നേടിയത്. സമീര്‍ നസ്റിയിലൂടെ ഫ്രാന്‍സ് സമനില പിടിച്ചു. തുടക്കം മുതല്‍ ഫ്രാന്‍സ് ആക്രമണം തുടങ്ങിയിരുന്നു. ഫ്രാങ്ക് റിബെറിയും കരീം ബെന്‍സെമയും സമീര്‍ നസ്റിയും ഇംഗ്ലീഷ് ഗോള്‍മുഖത്ത് നിരന്തരം ഭീഷണി ഉയര്‍ത്തിയിരുന്നു. ജോണ്‍ ടെറിയും ചെംബര്ലെയ്നും ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ടും ഫ്രാന്‍സ് മുന്നേറ്റ നിരയെ നിലയ്ക്കു നിര്‍ത്തുന്നതില്‍ വിജയിച്ചു.
30ാം മിനിറ്റില്‍ സ്റ്റീവന്‍ ജെറാര്‍ഡിന്റെ ഫ്രീകിക്കില്‍ നിന്നായിരുന്നു ഇംഗ്ലണ്ടിന്റെ ഗോള്‍. അളന്നുമുറിച്ച കിക്കിന് അതിലും മികച്ച കൃത്യതയോടെ തലവെച്ചുകൊടുത്ത ലെസ്കോട്ടിന് പിഴച്ചില്ല. എന്നാല്‍ ഒമ്പത് മിനിറ്റിനുള്ളില്‍ തന്നെ ഫ്രാന്‍സ് തിരിച്ചടിച്ചു. കളിമിടുക്കിന്റെയും പരിചയ സമ്പത്തിന്റെയും മിശ്രിതമായിരുന്നു ആ ഗോള്‍. ബോക്സിനു പുറത്തുനിന്ന് നിസ്റി പോസ്റ്റിലേക്ക് പ്ലേസ് ചെയ്ത ബോള്‍ തടുക്കാന്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ക്കായില്ല.
രണ്ടാമത്തെ മത്സരത്തില്‍ ആതിഥേയരായ ഉക്രെയ്നുവേണ്ടി ആന്ദ്ര ഷെവ്ചെങ്കോ രണ്ടു തകര്‍പ്പന്‍ ഗോളുകളാണ് നേടിയത്. സ്വീഡനെതിരേയുള്ള മത്സരത്തിന്റെ ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു. 52ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ഉക്രെയ്ന് പ്രതിരോധനിരയിലെ വിള്ളല്‍ മുതലാക്കിയായിരുന്നു സ്വീഡിഷ് നായകന് സ്ലാറ്റന് ഇബ്രാഹിമോവിച്ചിന്റെ ഗോള്‍. കാള്‍സ്ട്രോമിന്റെ ലോ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. മൂന്നു മിനിറ്റിനുള്ളില്‍ മനോഹരമായ ഹെഡ്ഡറിലൂടെ ഉക്രെയ്ന് നായകന് ഷെവ്ചെങ്കോ ടീമിനെ ഒപ്പമെത്തിച്ചു. 61ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്നും ഷെവ്ചെങ്കോ രണ്ടാം ഗോളും നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല