ചെറിയ സ്പെഷ്യലിസ്റ്റ് കോളേജുകള്‍ക്കും കൂടുതല്‍ അധികാരം നല്‍കികൊണ്ടുളള ഗവണ്മെന്റിന്റെ പുതിയ വിദ്യാഭ്യാസ പരിഷ്കാരം ഉടന്‍ നിലവില്‍ വരുമെന്ന് ഗവണ്മെന്റ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ആയിരം വിദ്യാര്‍ത്ഥികളുളള ഇതില്‍ തന്നെ എഴുനൂറ്റന്പത് വിദ്യാര്‍ത്ഥികളെങ്കിലും ഡിഗ്രിക്ക് പഠിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ യൂണിവേഴ്സിറ്റി പദവി നല്‍കാമെന്നതാണ് തീരുമാനങ്ങളില്‍ പ്രധാനം. ഇരുപത് വര്‍ഷത്തിനിടക്ക് ബ്രിട്ടനില്‍ നട്പ്പിലാക്കുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ പരിഷ്കാരമാണിത്.
നിലവില്‍ നാലായിരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അതില്‍ തന്നെ 3000 വിദ്യാര്‍ത്ഥികളെങ്കിലും ഡിഗ്രി കോഴ്സ് ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് യൂണിവേഴ്സിറ്റി പദവി നല്‍കുന്നത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബിസിനസ്, ഇന്നവേഷന്‍ ആന്‍ഡ് സ്കില്‍സ് ആണ് പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നത്. തൊണ്ണൂറുകളുടെ ആദ്യം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഡസന്‍കണക്കിന് പോളിടെക്നിക് കോളേജുകളെ യൂണിവേഴ്സിറ്റി പദവിയിലേക്ക് മാറ്റിയതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ പരിഷ്കാരമാണിത്.
എന്നാല്‍ പുതിയ പരിഷ്കാരം യൂണിവേഴ്സിറ്റി എന്ന പദവിയുടെ വിലയിടിക്കുമോ എന്നാണ് വിദ്യാഭ്യാസ നിരീക്ഷകരുടെ ഭയം. ചെറിയ സ്ഥാപനങ്ങള്‍ക്ക് യൂണിവേഴ്സിറ്റി പദവി ലഭിക്കുന്നതോടെ ആഗോള തലത്തില്‍ യുകെയിലെ യൂണിവേഴ്സിറ്റികള്ക്കുളള കീര്‍ത്തി നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് സസെക്സ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ പ്രൊഫ. മൈക്കല്‍ ഫാര്‍ത്തിംഗ് അഭിപ്രായപ്പെട്ടു.
എന്നാല്‍ പുതിയ നിയമം പ്രാവര്‍ത്തികമാക്കിയാല്‍ തന്നെയും വളരെ കുറച്ച് സ്ഥാപനങ്ങള്‍ക്ക് മാത്രമേ യൂണിവേഴ്സിറ്റി പദവി നല്‍കേണ്ടി വരികയുളളുവെന്ന് ഗവണ്മെന്റ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല