ഡെര്‍ബിയിലെ വീട്ടിലുണ്ടായ അഗ്നിബാധയില്‍ ആറ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ശവസംസാകാര ചടങ്ങില്‍ പങ്കെടുക്കാനുളള അനുമതി നിഷേധിച്ചു. ഇരുവര്‍ക്കുമെതിരേ പൊതുജനവികാരം ശക്തമായ നിലയ്ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുന്നത് അപകടമാണന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
ഇതോടെ മാതാപിതാക്കളുടെ സാന്നിധ്യത്തിലല്ലാതെ സംസ്കാരചടങ്ങ് നടത്താന്‍ ബന്ധുക്കള്‍ ഒരുക്കങ്ങളാരംഭിച്ചു. ജൂണ്‍ 22ന് ഡെര്‍ബിയിലെ സെന്റ്മേരീസ് പളളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. ഫാ. അലന് ബര്‍ബിഡ്ജ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. നോട്ടിംഗ്ഹാം റോഡിലുളള സെമിത്തേരിയില്‍ കുട്ടികളുടെ മൃതശരീരം സംസ്കരിക്കും.
കഴിഞ്ഞദിവസമാണ് മിക്കിനേയും മെയ്റീഡിനേയും ചടങ്ങില്‍ പങ്കെടുപ്പിക്കേണ്ടന്ന് നിര്‍ദ്ദേശം പോലീസ് ബന്ധുക്കള്‍ക്ക് നല്‍കിയത്. കുട്ടികളുടെ മരണം പ്രദേശത്താകെ ഇരുവര്‍ക്കുമെതിരേ കനത്ത വികാരമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇരുവരേയും ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് വലിയ അപകടമാണ്. ഇരുവര്‍ക്കുമെതിരേ അക്രമം ഉണ്ടാകാനുളള സാധ്യതയുണ്ട്. സ്വന്തം മക്കളുടെ മരണത്തിന് ഉത്തരവാദിയായ മാതാപിതാക്കള്‍ തന്നെ കുട്ടികളുടെ സംസ്കാരചടങ്ങില്‍ പങ്കെടുക്കുന്നത് ഒറ്റപ്പെട്ട സംഭവമാണന്നും പോലീസിന്റെ വക്താവ് അറിയിച്ചു.
കഴിഞ്ഞ മെയ് 11നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടികള്‍ ഉറങ്ങികിടക്കുന്ന സമയത്ത് വീടിന് തീപിടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഉണ്ടായ പുകയില്‍ ആറ് കുട്ടികളും ശ്വാസം മുട്ടി മരിക്കുകയായിരുന്നു. പെട്രോളാണ് വീടിന് തീവെയ്്ക്കാന് ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
വീടിന്റെ ലെറ്റര്‍ ബോക്സിലൂടെ പെട്രോള്‍ ഒഴിച്ചായിരുന്നു തീ കൊളുത്തിയത്.
പിന്നീട് പത്തൊന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് മാതാപിതാക്കളായ മിക്ക് ഫില്പോട്ടിനേയും മെയ്റീഡിനേയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. സംഭവം നടക്കുമ്പോള്‍ ഇരുവരും വീട്ടിലുണ്ടായിരുന്നില്ലന്ന് അയല്‍വാസികള്‍ മൊഴിനല്‍കിയിരുന്നു. നിലവില്‍ ഇരുവരും റിമാന്‍ഡിലാണ്. തിങ്കളാഴ്ച ഇരുവരേയും വീണ്ടും നോട്ടിംഗ്ഹാം ക്രൗണ്‍ കോര്‍ട്ടില്‍ ഹാജരാക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല