ഇടവേളയില്ലാതെ ഒരു മലയാള സിനിമ പ്രദര്ശിപ്പിക്കാനാകുമോ? ഇടവേള മലയാള സിനിമയില്‍ ഒഴിവാക്കാനാവാത്തതാണ്. ഒരു പഞ്ച് ഡയലോഗില്‍ നിര്‍ത്തി അഞ്ചു മിനിറ്റ് പ്രേക്ഷകരെ ചിന്തിക്കാന്‍ വിടുന്ന ഈ സമയം കച്ചവടക്കാര്‍ക്കും ഏറെ പ്രധാനപ്പെട്ടതു തന്നെ.
ഇടവേളകളില്ലാതെയാണ് ഹോളിവുഡ് സിനിമ തീയേറ്ററിലെത്തുന്നതെങ്കിലും പ്രേക്ഷകരുടേയും കച്ചവടക്കാരുടേയും താത്പര്യം മുന്‍നിര്‍ത്തി തീയേറ്ററുകാര്‍ തന്നെ ഇംഗ്ലീഷ് ചിത്രങ്ങളിലും ഇടവേള സൃഷ്ടിക്കാറുണ്ട്.
മലയാള സിനിമ മാറുകയാണ്. കെട്ടിലും മട്ടിലും അവതരണത്തിലും എന്തിന് മാര്‍ക്കറ്റിങ്ങില്‍ വരെ പുതുമ തേടുന്ന ഇക്കാലത്ത് ഒരു മലയാള ചിത്രം ഇടവേളയില്ലാതെ പ്രദര്‍ശനത്തിനെത്തുകയാണ്. ലിജന്‍ ജോസിന്റെ ഫ്രൈഡേയാണ് ഇടവേളയില്ലാത്ത ആദ്യ മലയാള ചിത്രമെന്ന പേരുമായി തീയേറ്ററുകളിലെത്തുന്നത്.
ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവം അതിഭാവുകതയില്ലാതെ അവതരിപ്പിക്കുകയാണ് ഫ്രൈഡേ. സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ ഇടവേളകളില്ല. അതുകൊണ്ടു തന്നെ ചിത്രത്തിനും ഇടവേള വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു-ഫ്രൈഡേയുടെ നിര്‍മ്മാതാവായ സാന്ദ്ര തോമസ് പറയുന്നു.
ഡാന്‍സും ഫൈറ്റുമില്ലാത്ത ചിത്രം ഒറ്റ ദിവസം കൊണ്ട് ആലപ്പുഴ പട്ടണത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്. പലയിടങ്ങളില്‍ നിന്നായി ആലപ്പുഴയിലെത്തിച്ചേരുന്ന ഒരു കൂട്ടം ആളുകളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഫഹദ് നായകനാവുന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിന്, മനു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല