കൊലപാതകങ്ങളും മോഷണങ്ങളും നടത്തി അതിവിഗദ്ധമായി രക്ഷപ്പെടുന്ന പ്രതികളെ പിടികൂടിയ ചരിത്രം നമ്മുടെ പോലീസിനുണ്ട്.പക്ഷേ ഈ ഉശിരന്‍ പ്രകടനം രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ നമ്മുടെ പോലീസ് കാണിച്ചിരുന്നില്ല.പേരിനൊരു പ്രതിയെ കിട്ടുന്നതും രാഷ്ട്രീയ സമ്മര്‍ദവും തുടങ്ങി പല കാരണങ്ങളും ഇതിനു പിന്നിലുണ്ട്.എന്നാല്‍ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ചന്ദ്രശേഖരന്റെ അരുംകൊലയ്ക്ക് നേതൃത്വം നല്‍കിയ ആറു പേരെ കൃത്യം നടന്നതിന്റെ 41-ാം നാള്‍ തന്നെ പിടികൂടാന്‍ കഴിഞ്ഞത് പ്രത്യേകാന്വേഷണസംഘത്തിന്റെ മികവാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ നല്‍കുന്ന പട്ടികയെ ആശ്രയിക്കുന്ന പതിവ് പിന്തുടരാതെ യഥാര്‍ഥ പ്രതികളെ കണ്ടെത്താനാണ് സംഘം ആദ്യം മുതലേ ശ്രമിച്ചത്.
കൊലപാതകം നടന്ന് മൂന്നാം ദിവസം തന്നെ ആരൊക്കെയാണ് കൊലയാളികളെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. പക്ഷേ പാര്‍ട്ടി സംരക്ഷണയിലും സംസ്ഥാനത്തിന് പുറത്തെ ഒളിത്താവളങ്ങളിലും കഴിഞ്ഞിരുന്ന പ്രതികളെ കണ്ടെത്താനുള്ള വഴികള്‍ ഏറെ ദുര്‍ഘടമായിരുന്നു.
ഒരാളും എത്തിപ്പെടാന്‍ സാധ്യതയില്ലാത്ത കൊങ്കണ്‍മേഖലയിലെ കുഗ്രാമത്തില്‍ വെച്ചാണ് ടി.പി വധത്തിന്റെ മുഖ്യആസൂത്രകനായ ടി.കെ.രജീഷിനെ പിടികൂടിയത്. ഒരിക്കലും മറികടക്കാനാവില്ലെന്ന് കരുതിയ പാര്‍ട്ടിഗ്രാമങ്ങളിലെ സംരക്ഷണത്തിന്റെ കോട്ടകള്‍ തകര്‍ത്ത് ഒടുവില്‍ കൊടിസുനിയിലേക്കും കിര്‍മാണി മനോജിലേക്കും മുഹമ്മദ് ഷാഫിയിലേക്കും പോലീസ് എത്തി. പ്രതികളെ പിടികൂടാനായി ബേക്കറി പണിക്കാരുടെയും ചെങ്കല്ലു കൊണ്ടു പോവുന്ന ലോറിത്തൊഴിലാളികളുടെയും വേഷമണിഞ്ഞു. ദിവസങ്ങളോളം പലയിടങ്ങളിലും തിരഞ്ഞു.
പ്രതികള്‍ക്ക് പരിചയമുള്ളവരെയും ഏതെങ്കിലും തരത്തില്‍ സഹായം നല്‍കിയവരെയെല്ലാം കണ്ടെത്തി. ഇവരില്‍ ചിലരെ അറസ്റ്റ് ചെയ്തു. അങ്ങനെ ലഭിച്ച മൊഴികളില്‍ നിന്ന് ഈ കൊലയാളിസംഘം പോവാനിടയുള്ള സ്ഥലങ്ങളിലെല്ലാം പോലീസുമെത്തി. അന്വേഷണ സംഘം പിന്നാലെയുണ്ടെന്ന് മനസ്സിലാക്കി ഓരോ ദിവസവും താവളങ്ങള്‍ മാറിയെങ്കിലും ഒടുവില്‍ ഇവരുടെ അവസാനത്തെ അഭയകേന്ദ്രവും പോലീസ് കണ്ടുപിടിച്ചു. ഓര്‍ക്കാത്ത നേരത്ത് തങ്ങളുടെ കേന്ദ്രങ്ങളിലെത്തിയ പോലീസുകാര്‍ക്ക് നേരെ ഒന്നു ചെറുത്ത് നില്‍ക്കാന്‍ പോലും കഴിയാതെ പലരും കീഴടങ്ങി. മൂന്ന് വര്‍ഷം മുമ്പ് നടന്ന ഗൂഢാലോചനയുടെ തുടക്കം മുതല്‍ കൊലപാതകം വരെയുള്ള എല്ലാ കഥകളും ഇവര്‍ തുറന്നു പറഞ്ഞു. ‘പോയി കൊല്ലെടാ’ എന്ന് പറഞ്ഞ നേതാക്കളുടെ പേര് മറച്ചു വെക്കാന്‍ പോലും പിടിയിലായവര്‍ക്കു കഴിഞ്ഞില്ല.
വിന്‍സന്‍ എം പോള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മികവ് അന്വേഷണത്തിലെ വഴിത്തിരിവുകള്‍ക്ക് അടിവരയിടുന്നു. ഒപ്പം കേരളപോലീസിന് ചരിത്രമാകാവുന്ന ഈ നേട്ടത്തിന്റെ ക്രെഡിറ്റ് പല വേഷങ്ങള്‍ കെട്ടി ദിവസങ്ങളോളം അലഞ്ഞുനടന്ന് പ്രതികളെ കണ്ടെത്തിയ എസ്.ഐ.മാരും കോണ്‍സ്റ്റബിള്‍മാരുമടക്കമുള്ള അണിയറക്കാര്‍ക്കു കൂടിയുള്ളതാണ്. ഫയല്‍ മടക്കി അന്വേഷണം അവസാനിപ്പിച്ച ജയകൃഷ്ണന്‍ വധമുള്‍പ്പെടെയുള്ള പല അരുംകൊലകളുടെയും ഉള്ളറകള്‍ തുറക്കാന്‍ ഈ കേസ് കാരണമായതും അന്വേഷണോദ്യോഗസ്ഥരുടെ മികവ് തന്നെയാണ്.
കൊലയ്ക്കുപയോഗിച്ച വാഹനം കണ്ടെത്തിയതില്‍ തുടങ്ങി വഴികാട്ടിയവരെയും പണം കൊടുത്തവരെയും കാട്ടിക്കൊടുത്തവരെയുമൊക്കെ പിടിച്ചാണ് അന്വേഷണസംഘം നേതാക്കളിലേക്കും കൊലയാളിയിലേക്കുമെത്തിയത്. പോലീസിന്റെ ശക്തമായ മുന്നേറ്റത്തിനെതിരെ സി.പി.എം. പ്രതിരോധം തീര്‍ത്തു. ഒരുപാട് രാഷ്ട്രീയ കോലാഹലങ്ങള്‍ ഇതിന്റെ പേരില്‍ ഉണ്ടായി. ഒരു കൊടുങ്കാറ്റിലും പേമാരിയിലും ആടിയുലയാതെ അന്വേഷണസംഘം മുന്നോട്ടു പോകുന്നു. ചില ഉന്നതരുടെ പങ്കുണ്ടെന്ന് കണ്ടെത്തി. കൊലയാളികളില്‍ പ്രധാനികളായ ആറു പേരെ പിടികൂടി. ഇത് ആസൂത്രണം ചെയ്ത സി.പി.എം. പാനൂര്‍ ഏരിയാകമ്മിറ്റി അംഗം കുഞ്ഞന്തനു വേണ്ടിയും പോലീസ് വലയൊരുക്കി. ഇനി ചന്ദ്രശേഖരനെ ഇല്ലാതാക്കാന്‍ വിധി പുറപ്പെടുവിച്ചവരിലേക്കാണ് പോലീസിന് എത്താനുള്ളത്. അവരുടെ കൈകളില്‍ വിലങ്ങു വീഴുമോയെന്നാണ് ഇനി അറിയാനുള്ളത്.
പ്രത്യേകാന്വേഷണ സംഘം
ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി.വിന്‍സന്‍ എം.പോള്‍, ഹെഡ് ക്വാര്‍ട്ടേഴ്‌സ് എ.ഐ.ജി.അനൂപ്കുരുവിള ജോണ്‍, തലശ്ശേരി ഡിവൈ.എസ്.പി. എ.പി.ഷൗക്കത്തലി, വടകര ഡിവൈ.എസ്.പി. ജോസി ചെറിയാന്‍, ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വി.സന്തോഷ് കുമാര്‍, കുറ്റിയാടി സി.ഐ. ബെന്നി. ഇവരോടൊപ്പം എസ്.ഐ., എ.എസ്.ഐ. മാരും സിവില്‍ പോലീസ് ഓഫീസര്‍മാരുമുള്‍പ്പെടെ മുപ്പത്തിയഞ്ചോളം പേര്‍ നേരിട്ട് അന്വേഷണ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല