ലണ്ടന്‍: ജി20രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് താമസിക്കാന്‍ ഏറ്റവും സുരക്ഷിതമായ സ്ഥലം കാനഡ. ഏറ്റവും മോശം സ്ഥലം ഇന്ത്യയും. ലിംഗ സമത്വം, അക്രമങ്ങളില്‍ നിന്നുളള സംരക്ഷണം, മികച്ച ആരോഗ്യ സംവിധാനങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് കാനഡയെ ലോകത്തെ മികച്ച സാമ്പത്തിക ശക്തികളായ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായി താമസിക്കാവുന്ന രാജ്യമാക്കി മാറ്റിയത്. എന്നാല്‍ ശിശുമരണ നിരക്ക്, ശൈശവ വിവാഹം, അടിമത്വം തുടങ്ങിയ കാര്യങ്ങളാണ് ഇന്ത്യയെ ഈ പട്ടികയില്‍ ഏറ്റവും പിന്നിലാകാന്‍ കാരണം.
ജര്‍മ്മിനി, ബ്രിട്ടന്‍, ആസ്‌ട്രേലിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ആദ്യത്തെ അഞ്ചില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ നടത്തുന്ന ട്രസ്റ്റ് ലോ എന്ന ലീഗല്‍ ന്യൂസ് സര്‍വ്വീസ് സ്ഥാപനമാണ് 370 ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റുകളില്‍ സര്‍വ്വേ നടത്തിയത്. അമേരിക്കയുടെ സ്ഥാനം പട്ടികയില്‍ ആറാമതാണ്. പ്രത്യുല്‍പ്പാദന നിയമങ്ങളും സാധാരണക്കാരന് താങ്ങാനാകാത്ത ചികിത്സാ ചെലവുമാണ് അമേരിക്കയെ ആറാം സ്ഥാനത്തേക്ക് തളളിയത്. സൗദി അറേബ്യയാണ് ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും മോശം രാജ്യം. സ്ത്രീകള്‍ക്ക് ഇവിടെ മികച്ച വിദ്യഭ്യാസം നല്‍കാറുണ്ടെങ്കിലും ഡ്രൈവ് ചെയ്യുന്നതിലും മറ്റും വിലക്കുണ്ട്. 2011ല്‍ മാത്രമാണ് സ്ത്രീകള്‍ക്കിവിടെ വോട്ടവകാശം ലഭിച്ചത്. സൗദിക്ക് തൊട്ടുമുകളിലുളള രാജ്യങ്ങള്‍ ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക, മെക്‌സിക്കോ എന്നിവയാണ്.
ജൂണ്‍ 18,19 തീയ്യതികളിലായി മെക്‌സികോയില്‍ നടക്കുന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പല രാജ്യങ്ങളിലും സ്ത്രീകള്‍ക്ക് വേണ്ടിയുളള നിയമങ്ങള്‍ ശരിയായി നടപ്പിലാക്കുന്നില്ലന്നതാണ് സത്യമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ പത്ത് വയസ്സിനുളളില്‍ വിവാഹിതരാകുന്നു, സ്ത്രീധനം പോലുളള കാര്യങ്ങള്‍ക്കായി പീഡിപ്പിക്കപ്പെടുന്നു, മാത്രമല്ല പലപ്പോഴും സ്ത്രീകളെ അടിമകളെ പോലെയാണ് കൈകാര്യം ചെയ്യുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല