റസ്റ്റോറന്റുകളില്‍ നിന്നും പബ്ബുകളില്‍ നിന്നും കുട്ടികള്‍ക്കായി പാര്‍സല്‍ ചെയ്ത് വാങ്ങുന്ന ഭക്ഷണസാധനങ്ങളില്‍ ഉപ്പിന്റെ അളവ് അമിതമാണന്ന് കണ്ടെത്തല്‍. കുട്ടികള്‍ ദിവസവും കഴിക്കേണ്ടതിലധികം അളവില്‍ ഉപ്പ് ഈ ആഹാരസാധനങ്ങളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷണ ഫലം വ്യക്തമാക്കുന്നത്. നിലവില്‍ കുട്ടികള്‍ ഒരു ദിവസം കഴിക്കാവുന്ന പരമാവധി ഉപ്പിന്റെ അളവ് 4 ഗ്രാം ആണ്. എന്നാല്‍ പല റസ്റ്റോറന്റുകളിലും പബ്ബുകളിലും കുട്ടികള്‍ക്കായി നല്കുന്ന മീലുകളില്‍ ഉപ്പിന്റെ അംശം അപകടകരമാം വിധം ഉയര്ന്നതാണന്നാണ് കോണ്സെന്സ് ആക്ഷന്‍ ഓണ്‍ സാള്‍ട്ട് ആന്‍ഡ് ഹെല്‍ത്ത് നടത്തിയ സര്‍വ്വേയില്‍ വ്യക്തമായത്.
കുട്ടികളുടെ ഭക്ഷണസാധനങ്ങളിലാണ് ഉയര്‍ന്ന ഉപ്പിന്റെ അംശമുളളത്. മെനുവില്‍ ന്യട്രീഷ്യന്‍ വിവരങ്ങള്‍ നല്കിയിട്ടില്ലാത്തതിനാല് മാതാപിതാക്കള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കാനും കഴിയില്ല. ചെറുപ്പത്തില്‍ തന്നെ അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് ഭാവിയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കും. ഇത്തരം കുട്ടികളില്‍ ഭാവിയില്‍ രക്തസമ്മര്‍ദ്ദം, പക്ഷാഘാതം, ഹൃദ്രോഗങ്ങള്‍, ഓസ്റ്റിയോപോറസിസ് , കിഡ്നി സംബന്ധമായ അസുഖങ്ങള്‍ എന്നിവയുണ്ടാകാം.
കുട്ടികളുടെ ആഹാരം തെരഞ്ഞെടുക്കുമ്പോള്‍ മെനു കാര്‍ഡില്‍ അതിന്റെ ന്യുട്രീഷന്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. പല റസ്റ്റോറന്റ് ചെയിനുകളും കുട്ടികളുടെ ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് പുനപരിശോധിക്കാന്‍ തയ്യാറായിട്ടുണ്ട്. വെതര്‍സ്പൂണ്‍സ് , സിസ്ലിങ്ങ് പബ്ബ് കോ എന്നീ റസ്റ്റോറന്റ് ചെയിനുകള്‍ തങ്ങളുടെ കുട്ടികളുടെ മീലിലെ ഉപ്പിന്റെ അളവ് പുനപരിശോധിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. അടുത്തമാസം അവസാനത്തോടെ നാന്‍ഡോ കുട്ടികള്‍ക്കുളള ആരോഗ്യപ്രദമായ ഒരു കൂട്ടം ഭക്ഷണസാധനങ്ങള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല