അങ്ങനെ തോമാച്ചനും നേഴ്‌സായി ;ജോഷി പുലിക്കൂട്ടില്‍ എഴുതുന്ന നോവല്‍
തോമാച്ചന്‍.വയസ്സ്17.പി.ഡി.സി. തോററ് പിന്നീട് പട്ടണത്തിലെ സ്വകാര്യ സ്ഥാപനം വഴി ഭോപ്പാലിലെത്തി HSC എഴുതാന്‍ നില്‍ക്കുന്ന കാലം.
PDC തോററ തോമാച്ചന്‍ തനിക്ക് പട്ടണത്തിലെ പാരലല്‍ കോളേജില്‍ ചേരണമെന്ന് പിതാവ് വര്‍ക്കിച്ചേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു.’മോനെ, ഈ കേരളത്തില്‍ 3rd ഗ്രൂപ്പ് മലയാളത്തില്‍ പാസാകാത്ത നീ ഇനി ഭോപ്പാലില്‍ ചെന്നാല്‍ എന്താണ് എഴുതുക.അതുക്കൊണ്ട് ഉളള റബ്ബര്‍ ഒക്കെയായി നീ ഇനി അപ്പന്റെ കൂടെ കൂടിക്കോ.’
അപ്പച്ചന്റെ മറുപടിയില്‍ നിരാശനായി അടുക്കളയിലെത്തിയ തോമാച്ചന്‍ അമ്മച്ചിയുടെ ചട്ടയുടെ തുമ്പില്‍ എന്താ പററിയത് എന്ന് ചോദിച്ചപ്പോഴെ മേരിച്ചേടത്തി പറഞ്ഞു’.മോനെ തോമാച്ചാ നിന്റെ ഈ സോപ്പീടില്‍ എനിക്ക് മനസ്സിലായി.മോന്‍ ഉളള കാര്യം വേഗം പറഞ്ഞാല്‍ അതാണ് നല്ലത്.എനിക്ക് അടുക്കളേല്‍ നൂറുക്കൂട്ടം പണികളുണ്ട്. കൂടാതെ ഇന്ന് പറമ്പില്‍ ഇട കിളയ്ക്കാന്‍ അഞ്ചാറു പണിക്കാരും കൂടിയുണ്ട്.’
‘അമ്മച്ചി എനിക്കും പട്ടണത്തില്‍പ്പോയി പഠിച്ച് ഭോപ്പാല്‍ HSC എഴുതണം.അത് അമ്മച്ചി അപ്പച്ചനെക്കൊണ്ട് ഒന്ന് സമ്മതിപ്പിക്കണം.’ ‘അത് എന്നതാടാ ഈ ഭോപ്പാല്‍ HSC’?മേരിച്ചേടത്തി ചോദിച്ചു.’അമ്മച്ചി ഭോപ്പാല്‍ Higher Secondary Course എന്നാല്‍ എളുപ്പത്തില്‍ പാസാകാവുന്ന ഒരുതരം PDC ആണ’ ‘.അത് പാസാകുമെന്ന് നിനക്ക് എന്നാ ഉറപ്പ?മേരിച്ചേടത്തിയുടെ ചോദ്യം ഉളളില്‍ ദേഷ്യം വരുത്തിയെങ്കിലും പുറമെ കാണിക്കാതെ തനിക്ക് അതിനു ശേഷം നഴ്‌സിങ്ങിനു ചേര്‍ന്ന് എങ്ങനെയും വിദേശത്ത് പോകാനാണ് മോഹം എന്നുണര്‍ത്തിച്ചു.ഇനിയുളള കാലം അമ്മച്ചി ഈ കരിപിടിച്ച അടുക്കളയില്‍ കിടന്ന് കഷ്ടപ്പെടാതെ ഞാന്‍ നോക്കിക്കൊളളാം എന്ന തോമാച്ചന്റെ വാചകത്തില്‍ വീണ മേരിച്ചേടത്തി നിന്നെ അവിടെ ചേര്‍ക്കാന്‍ ഞാന്‍ അപ്പച്ചനോടു പറയാം എന്ന് പറഞ്ഞു കേട്ടതിനു ശേഷമെ തോമാച്ചന്‍ അടുക്കള വിട്ടു പോയുളളു.
15000 രൂപ കൊടുത്ത് മകനെ പട്ടണത്തിലെ കോളേജില്‍ ഭോപ്പാല്‍ HSC യ്ക്ക് ചേര്‍ത്തപ്പോള്‍ വര്‍ക്കിച്ചേട്ടന്‍ പറഞ്ഞു.
‘ഈ തുകയും കൊണ്ടുപ്പോയി തുലയ്ക്കരുത് കേട്ടോ’?
‘ഈ അപ്പച്ചന്റെ ഒരു കാര്യം,കോളേജ് പ്രിന്‍സിപ്പാള്‍ സത്യന്‍ സാര്‍ പറഞ്ഞതു കേട്ടില്ലെ? 15000 രൂപ തന്ന് ഇവിടെ ചേര്‍ന്ന ഒരുകുട്ടിയും ഇതുവരെ തോററ ചരിത്രമില്ലെന്ന്’.
‘മോനെ, നീ ചരിത്രം തിരുത്താനുളള ജന്മമാണെന്ന് എനിക്കല്ലെ അറിയൂ.നിന്റെ സത്യന്‍ സാറിന് അത് അറിയില്ല.അതാണ് പുളളി അങ്ങനെ പറഞ്ഞത്.’വര്‍ക്കിച്ചേട്ടന്‍ തിരിച്ചടിച്ചു.
ഈ അപ്പച്ചന്റെ ഒരു തമാശയെന്നു പറഞ്ഞ് തോമാച്ചന്‍ തത്ക്കാലം വിഷയം മാററിയെങ്കിലും ചരിത്രം തിരുത്തുമെന്നുളള അപ്പച്ചന്റെ വാചകത്തില്‍ അവന്‍ തന്റെ ചരിത്രം തിരുത്തിയ ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നോക്കി.
വികാരിയച്ചന്റെ കാലുപിടിച്ചും,അപ്പച്ചന്‍ കൈക്കാര്യന്‍ എന്ന നിലയില്‍ വളരെക്കാലം പ്രവര്‍ത്തിച്ചതുകൊണ്ടും,സാമാന്യം ഭേദപ്പെട്ട ഒരു തുക കോളേജ് കെട്ടിട ഫണ്ടിലേക്ക് നല്‍കിയതുക്കൊണ്ടുമാണ് PDC ക്ക് മാനേജ്‌മെന്റെ് ക്വാട്ടയില്‍ എസ്തപ്പാന്‍ കോളേജില്‍ പ്രവേശനം ലഭിച്ചത്. യൂണിഫോമിന്റെ തടവറയില്‍ നിന്നും രക്ഷപ്പട്ടുവെന്ന് കരുതിയ തനിക്ക് ‘പട പേടിച്ച് പന്തളത്തു ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട ഇങ്ങോട്ട് ‘എന്ന സ്ഥിതി വിശേഷമാണ് അവിടെയെന്ന് പ്രിന്‍സിപ്പാളച്ഛന്‍ പറഞ്ഞു തന്നതില്‍ നിന്നും മനസിലായി.ബോയ്‌സ് ഹൈസ്‌ക്കുളില്‍ തന്നെ ചേര്‍ത്ത അപ്പച്ഛനെ ശപിച്ചിരുന്ന പഴയ കാലത്തു നിന്നുളള മോചനം കാത്ത തനിക്ക് പെണ്ണുങ്ങള്‍ക്കും ആണുങ്ങള്‍ക്കും പ്രത്യേകം വരാന്തയും സ്റെറയര്‍കേസുംകോളേജില്‍ ഉണ്ട് എന്നത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ അതിരു കെട്ടാന്‍ വെമ്പുന്ന അമേരിക്കയെപ്പോലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയിലെ വന്‍ മതിലായിരുന്നു ‘പരുന്ത്’ എന്ന ഇരട്ടപേരിലറിയപ്പെട്ടിരുന്ന പ്രിന്‍സിപ്പാളച്ചന്‍.ഉയരങ്ങളില്‍ വട്ടമിട്ടു പറക്കുന്ന പരുന്തിനെപ്പോലെ ആണ്‍-പെണ്‍ കുട്ടികളുടെ സംഗമത്തിന് മുന്നില്‍ വട്ടമിട്ടു നടന്നതിനാല്‍ ഏതോ പൂര്‍വ്വ വിദ്യാര്‍ത്ഥിയോ അല്ലെങ്കില്‍ സഹപ്രവര്‍ത്തകരോ കൊടുത്ത ആ പേര് അച്ഛന് ഒരിക്കലും കൈമോശം വരാതെ സൂക്ഷിച്ചു.എന്തായാലും കോളേജ് അല്ലെ ചെത്തി നടക്കാന്‍ തന്നെ തോമാച്ഛന്‍ തീരുമാനിച്ചു.
കൗമാരത്തിന്റെ തിളപ്പില്‍ ഒരു ദിവസം പെണ്‍കുട്ടികളുടെ സ്ററയര്‍കേസില്‍ കൂടി നടക്കാനുളള ആഗ്രഹത്താല്‍ ,ക്ലാസ്‌മേററ് സിനിമയില്‍ ഇന്ദ്രജിത്ത് പറഞ്ഞതുപ്പോലെ എത്രയോ സുന്ദരിമാരുടെ പാദസ്പര്‍ശമേററ ആ കല്‍പ്പടവുകളില്‍ ഒന്നുനടക്കാന്‍ ശ്രമിച്ചപ്പോള്‍ ‘പരുന്ത് ‘കാണുകയും ചൂരല്‍ കഷായം തന്റെ പുറത്ത് പുരട്ടി തടവിയിട്ടും മതിവരാത്ത ”പരുന്ത് ഇനി അപ്പച്ഛനെയും കൂട്ടി വന്നിട്ട് ക്ലാസില്‍ കയറിയാല്‍ മതി എന്നു പറയുകയും ചെയ്തു.അപ്പച്ഛനെ എങ്ങനെയെങ്കിലും പറഞ്ഞ് പററിച്ച് കോളേജില്‍ എത്തിക്കാനുളള ബുദ്ധി തരണെയെന്ന് പ്രാര്‍ത്ഥിച്ചുക്കൊണ്ട് തോമാച്ചന്‍ വീട്ടിലേക്കു നടന്നു.
നോവലിന്റെ അടുത്ത ഭാഗം അടുത്ത ഞായറാഴ്ച NRI മലയാളിയില്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല