ടിപി ചന്ദ്രശേഖരന് വധക്കേസില്‍ അറസ്റ്റിലായ കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടി ഹാജരാകുന്നതു സിപിഎമ്മിന്റെ പ്രമുഖ നേതാവ് കൂടിയായ അഭിഭാഷകന്. പുതുച്ചേരിയില്‍നിന്നു പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും മാഹി മുനിസിപ്പാലിറ്റിയിലേക്കും സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച അഡ്വ ടി അശോകനാണു കൊടി സുനിയ്ക്കും കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കിര്‍മാണി മനോജിനും മുഹമ്മദ് റാഫിയ്ക്കും വേണ്ടി ഹാജരാവുന്നത്.
ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രധാന പ്രതികളായ കൊടി സുനി, കിര്‍മാനി മനോജ്, മുഹമ്മദ് ഷാഫി എന്നിവരെ ഇരിട്ടി മുഴിക്കലില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവിടെ ആരുടേയും ശ്രദ്ധയില്‍പ്പെടാത്ത പ്രദേശത്ത് ഷെഡ് കെട്ടി താമസിക്കുകയായിരുന്നു ഇവര്‍. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ആറ് പേരും ഇതോടെ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.
ടിപിയെ വധിയ്ക്കാനുള്ള ഗൂഢാലോചനയില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും പങ്കുണ്ടെന്ന് കൊടി സുനി മൊഴി നല്‍കിയിട്ടുണ്ട്. സിപിഎമ്മിന്റെ തലശ്ശേരി ഏരിയാകമ്മിറ്റി ഓഫീസില്‍ വച്ചാണ് ഇതിനായുള്ള ചര്‍ച്ച നടന്നത്. പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പികെ കുഞ്ഞനന്തനാണ് തന്നെ അവിടെ എത്തിച്ചതെന്നും കൊടി സുനി പൊലീസിനോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല