കാനഡയിലെ യോക്ടണ്‍ സിറ്റിയില്‍ നിന്ന് 100 കി.മീ. അകലെ ഹൈവേയിലുണ്ടായ കാറപകടത്തില്‍ കൂത്താട്ടുകുളം സ്വദേശികളായ അമ്മയും രണ്ട് മക്കളും മരിച്ചു. കൂത്താട്ടുകുളം പൈറ്റക്കുളം മാളിയേയ്ക്കല്‍ ജേക്കബിന്റെ ഭാര്യ സീത്താ ജാക്വിലിന്‍ (ജാക്കി-44), മക്കള്‍: മന്ന ജേക്കബ് (10), മാനുവല്‍ ജേക്കബ് (മോനച്ചന്‍-ഏഴ്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം.വാഹനത്തിലുണ്ടായിരുന്ന ജേക്കബ് (50), റജിന കത്തീഡ്രല്‍ വികാരി ഫാ. ജോര്‍ജ് തട്ടുപറമ്പില്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ ആസ്പത്രിയിലാണ്.
ജേക്കബ്-സീത്താ ജാക്വിലിന്‍ കുടുംബത്തിന്റെ അടുത്ത സുഹൃത്തായ ഒരു മലയാളിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള യാത്രയ്ക്കിടയിലായിരുന്നു അപകടം. താമസ സ്ഥലമായ റിജെനെയില്‍ നിന്ന് കാറില്‍ 200 കിലോമീറ്റര്‍ അകലെയുള്ള യോക്ടണ്‍ സിറ്റിയിലേക്കായിരുന്നു യാത്ര.
പിക്കപ്പ് ട്രക്ക് ഇടിച്ച് കാറിന്റെ പിന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പിന്‍സീറ്റിലുണ്ടായിരുന്ന സീത്തയും രണ്ട് മക്കളും അപകടസ്ഥലത്ത് തന്നെ മരിച്ചു. മലയാളിയും ജേക്കബ്-സീത്താ കുടുംബത്തിന്റെ സുഹൃത്തുമായ മാത്യു ഇവരുടെ വാഹനത്തിന് പിന്നിലായി യാത്ര ചെയ്തിരുന്നു. മാത്യുവും കുടുംബവും യോക്ടണിലെ ചടങ്ങിലേക്ക് പങ്കെടുക്കാനാണ് മറ്റൊരു വാഹനത്തിലെത്തിയത്. ദൃക്‌സാക്ഷിയായ മാത്യുവാണ് വിവരങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയത്. മൃതദേഹങ്ങള്‍ പാസ്‌ക്വയിലെ ആസ്പത്രി മോര്‍ച്ചറിയിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി കാനഡയില്‍ നിന്ന് മാത്യു പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര വിദേശകാര്യമന്ത്രാലയം വഴി വേണ്ട സഹകരണം ലഭ്യമാക്കിയിട്ടുണ്ടെന്ന് മാത്യു പറഞ്ഞു.
കോട്ടയം പൂഞ്ഞാര്‍ പാതാമ്പുഴയിലെ മാളിയേയ്ക്കല്‍ നിന്നാണ് ജേക്കബും കുടുംബവും കൂത്താട്ടുകുളത്തെത്തിയത്.കൂത്താട്ടുകുളത്തിന് സമീപം പൈറ്റക്കുളത്ത് വീട് വാങ്ങിയിട്ട് ആറ് വര്‍ഷമായി. കാനഡയിലെ റിജെനെയിലുള്ള തോമസ് കുക്ക് റസ്റ്റോറന്‍റിലാണ് ജേക്കബ് ജോലി ചെയ്യുന്നത്.
കൂത്താട്ടുകുളം പാറപ്പുറത്ത് പുത്തന്‍പുരയില്‍ (ആപ്പാഞ്ചിറ) ബേബിയുടേയും ബ്രജിത്തയുടെയും മകളാണ് സീത്ത ജാക്വിലിന്‍. കുവൈത്തില്‍ നഴ്‌സായിരുന്ന സീത്ത രണ്ട് വര്‍ഷമായി കാനഡയിലെത്തിയിട്ട്. റിജെനെയിലെ ജനറല്‍ ആസ്പത്രിയിലെ നഴ്‌സാണ്. മന്നയും മാനുവലും റിജെനെയിലെ സെന്‍റ് പീറ്റേഴ്‌സ് എലിമന്‍ററി സ്‌കൂളില്‍ യഥാക്രമം നാല്, ഒന്ന് ക്ലാസ്സുകളിലാണ് പഠിക്കുന്നത്. കൂത്താട്ടുകുളത്ത് താമസിച്ചിരുന്ന കാലത്ത് മേരിഗിരി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു.സീത്തയുടെ സഹോദരനും സെക്രട്ടേറിയറ്റില്‍ മുതിര്‍ന്ന സെക്യൂരിറ്റി ഓഫീസറുമായ ജോസഫ് സാര്‍ത്തോ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
സീത്തയുടെ മറ്റ് സഹോദരങ്ങള്‍: രാജമ്മ (റിട്ട. അസി. മാനേജര്‍ ആര്‍എല്‍ഒ ആലുവ), ടോമി (റിട്ട. എഎസ്‌ഐ), ബന്നി (കൂത്താട്ടുകുളം), ബിജിലി (നഴ്‌സ് കുവൈത്ത്), കുസുമം (ചങ്ങനാശ്ശേരി), മരിയ ഗൊരോത്തി (മേയിക്കല്‍ പൈറ്റക്കുളം ദിവ്യ സ്റ്റുഡിയോ), ഓസ്റ്റിന്‍ കെന്നഡി (ഡല്‍ഹി), ജമ്മ ഷാജി.അപകടത്തില്‍ പരിക്കേറ്റ ഫാ. ജോര്‍ജ് തട്ടുപറമ്പില്‍ കണ്ണൂര്‍ സ്വദേശിയാണ്. തൊടുപുഴ പെരുമാംകണ്ടത്തു നിന്നാണ് കുടുംബം കണ്ണൂരില്‍ താമസമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല