കോതമംഗലത്തെ ബസേലിയോസ് ഹോസ്പ്പിറ്റല്‍ വനിത ഹോസ്റ്റലില്‍ അധികൃതരുടെ ഗുണ്ടാവിളയാട്ടം .കഴിഞ്ഞ രണ്ടു മാസത്തോളമായി ന്യായമായ വേതനത്തിന് വേണ്ടി സമരം നടത്തുന്ന വനിത നഴ്സുമാരുടെ ഹോസ്റ്റല്‍ ആശുപത്രി അധികൃതരുടെ നേതൃത്വത്തില്‍ ഇടിച്ചു തകര്‍ക്കാന്‍ ശ്രമം.നിലവും ചുമരും കുത്തി പൊളിച്ച നിലയിലും വാതിലിന്റെയും ജനലിന്റെയും ചില്ലുകള്‍ തല്ലി പൊട്ടിച്ച നിലയിലും ആണുള്ളത്.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സമരക്കാരുടെ പന്തല്‍ പൊളിച്ചു മാറ്റാനും ശ്രമം നടന്നിരുന്നു.
കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സമരത്തെ പരാജയപ്പെടുത്താന്‍ നടത്തിയ എല്ലാ നീക്കങ്ങളും പാളിയതിനെ തുടര്‍ന്നാണ് മാനേജ്മെന്റ് ഇപ്പോള്‍ ബലപ്രയോഗത്തിലേക്ക് കടന്നിരിക്കുന്നത്.
അതേസമയം ബസിനുള്ളില്‍ വച്ച് ഒരു സ്ത്രീയുടെ ദേഹത്ത് അറിയാതൊന്നു തൊട്ടാല്‍ അത് പീഡനമാക്കി ചിത്രീകരിക്കുന്ന കേരളത്തിലെ മാധ്യമങ്ങള്‍ ഈ വാര്‍ത്ത അപ്പാടെ തമസ്ക്കരിച്ചിരിക്കുകയാണ്.സ്ത്രീകളുടെ അവകാശങ്ങള്‍ 100% ശതമാനം സംരക്ഷിക്കപ്പെടണം എന്ന് വാദിക്കുന്ന മഹിളാ സംഘടനകളും ഈ വാര്‍ത്ത കണ്ട മട്ടില്ല.സ്ത്രീകള്‍ക്കെതിരെ ചെറിയൊരു വാര്‍ത്ത കേട്ടാല്‍ പോലും സ്വന്തം നിലയില്‍ കേസെടുക്കുന്ന മഹിളാ കമ്മീഷനും ഇക്കാര്യത്തില്‍ മിണ്ടാട്ടമില്ല.
യാക്കോബായ സഭ നടത്തുന്ന ഈ ആശുപത്രിയിലെ സമരം സഭാ നേതൃത്വം കണ്ടിലെന്ന് നടിക്കുകയാണ്.തികച്ചും ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന ഈ സഹോദരിമാരുടെ രോദനം ഒരു രാഷ്ട്രീയക്കാരന്റെയും കര്ണപുടങ്ങളില് പതിയുന്നില്ല.ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് (INA) ആണ് ഇവിടുത്തെ സമരത്തിന് നേതൃത്വം നല്‍കുന്നത്.ആത്മഹത്യ ചെയ്യാന്‍ ഞങ്ങള്‍ക്ക് മനസില്ലെന്നും സമരം കൂടുതല്‍ ശകതമാക്കുമെന്നുമുള്ള ഉറച്ച തീരുമാനത്തിലാണ് സമരം ചെയ്യുന്ന നഴ്സുമാര്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല