അറുപത്തി ഒന്‍പത് ദിവസത്തിനുളളില്‍ ഗവണ്‍മെന്റിന്റെ 39 മില്യണ്‍ വെട്ടിച്ച കേസില്‍ മൂന്ന് പേര്‍ക്ക് 35 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. സന്ദീപ് സിംഗ് ദോസാന്‍ജ് (30), രണ്‍ജത് സിംഗ് ചാഹല്‍(35), നവദീപ് സിംഗ് ഗില്‍ (31) എന്നിവരാണ് തട്ടിപ്പ് നടത്തി ജയിലിലായത്. കാര്‍ബണ്‍ ട്രേഡിങ്ങ് നടത്തിയിരുന്ന ഇവര്‍ വാറ്റ് നികുതി ഗവണ്‍മെന്റിലേക്ക് അടയ്ക്കാതെയാണ് തട്ടിപ്പ് നടത്തിയത്. സന്ദീപ് സിംഗ് ദോസാന്‍ജാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. മുപ്പത് ഒന്‍പത് മില്യണ്‍ പൗണ്ടാണ് ഇവര്‍ ഗവണ്‍മെന്റിലേക്ക് അടയ്‌ക്കേണ്ടിയിരുന്നത്. തട്ടിപ്പ് നടത്തിയ തുക കൊണ്ട് സന്ദീപ് സിംഗ് ലണ്ടനിലലെ ബേസ് വാട്ടറിനടുത്ത് ഒരു മില്യണ്‍ ചെലവാക്കി വീട് വാങ്ങുകയും ഒരു റോള്‍സ് റോയിസ് കാര്‍ വാങ്ങുകയും ചെയ്തതായി പോലീസ് പറഞ്ഞു.
യുകെയില്‍ നിരവധി കമ്പനികള്‍ നടത്തിയിരുന്ന മൂന്ന് പേരും വാറ്റിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്ന ഉയര്‍ന്ന വിലയുളള കാര്‍ബണ്‍ ക്രഡിറ്റ് സാധനങ്ങള്‍ ഇറക്കുമതി ചെയ്ത് വില്‍ക്കുകയായിരുന്നു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് വിടുന്ന സാധനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ഗവണ്‍മെന്റ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് കാര്‍ബണ്‍ ക്രഡിറ്റ്‌സ്. മൂന്നുപേരും കൂടി കാര്‍ബണ്‍ ക്രഡിറ്റ് സാധനങ്ങള്‍ മറ്റ് കമ്പനികള്‍ക്ക് വില്‍ക്കുകയും അവരില്‍ നിന്ന് വാറ്റ് ഈടാക്കിയ ശേഷം അത് ഗവണ്‍മെന്റിലേക്ക് അടയ്ക്കാതിരിക്കുകയും ചെയതു എന്നതാണ് ഇവര്‍ ചെയ്ത കുറ്റം.
മൂന്ന് കമ്പനികളും കൂടി ലയിക്കുകയും വീണ്ടും കാര്‍ബണ്‍ ക്രഡിറ്റ് മറ്റ് മൂന്ന് കമ്പനികള്‍ക്ക് കൂടി വില്‍ക്കുകയും ചെയ്തു. ലെജിറ്റ്‌മേറ്റ് കമ്പനികള്‍ക്ക് കാര്‍ബണ്‍ ക്രഡിറ്റ് വില്‍ക്കുന്നതിന് മുന്‍പ് ആയതിനാല്‍ ആര്‍ക്കും ഒരു സംശയവും തോന്നിയിരുന്നില്ല. ലഭിച്ചിരുന്ന വാറ്റ് തുക മൂന്നുപേരും കൂടി വീതിച്ച് എടുക്കുകയായിരുന്നു. കമ്പ്യൂട്ടര്‍ വഴിയാണ് ഇവര്‍ ഈ തിരിമറി നടത്തിയിരുന്നത്. ഉപഭോക്താവ് നല്‍കുന്ന വാറ്റ് തുക ഇവര്‍ മിനിട്ടുകളുടെ വ്യത്യാസത്തില്‍ യുഎഇയിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും പിന്നീട് അത് പിന്‍വലിച്ച് സ്വന്തം പണമായി ഉപയോഗിക്കുകയുമായിരുന്നു ചെയ്തിരുന്നത്.
ലണ്ടനിലെ കിംഗ്‌സ്റ്റണില്‍ താമസിക്കുന്ന ദോന്‍സാന്‍ജിനെ 16 വര്‍ഷത്തേക്കാണ് ശിക്ഷിച്ചത്. ബെര്‍ക്ക്‌ഷെയറില്‍ താമസിക്കുന്ന ഗില്ലിനെ 11 വര്‍ഷത്തേക്കും മിഡില്‍സെക്‌സില്‍ താമസിക്കുന്ന ചാഹലിനെ ഒന്‍പത് വര്‍ഷത്തേക്കുമാണ് ശിക്ഷിച്ചത്. 2008 സെപ്റ്റംബറിനും 2009 ജൂലൈക്കുമിടയില്‍ ഗവണ്‍മെന്റിനെ പറ്റിച്ച് മൂന്നുപേരും തട്ടിപ്പ് നടത്തിയതായി സൗത്ത് വാര്‍ത്ത് ക്രൗണ്‍ കോര്‍ട്ട് കണ്ടെത്തി. പതിനാല് ആഴ്ചത്തെ വിചാരണയ്ക്ക് ശേഷമാണ് മൂന്നുപേരെയും ശിക്ഷിക്കാന്‍ കോടതി വിധിച്ചത്. 2009ലാണ് മൂന്നുപേരേയും അറസ്റ്റ് ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല