1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2012

സ്‌കൂളുകളിലേക്ക് ഒ – ലെവല്‍ വിദ്യാഭ്യാസം തിരികെ കൊണ്ടുവരാനുളള ടോറി വിദ്യാഭ്യാസ സെക്രട്ടറി മൈക്കല്‍ ഗോവിന്റെ പദ്ധതിക്കെതിരെ സഖ്യകക്ഷികളുടെ കടുത്ത എതിര്‍പ്പ്. ഉന്നത വിദ്യാഭ്യാസ നിരീക്ഷകര്‍ പദ്ധതിയെ സ്വാഗതം ചെയ്തിട്ടുണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മഹത്തായ വിദ്യാഭ്യാസ പരിഷ്‌കാരം എന്നാണ് ഡേവിഡ് കാമറൂണ്‍ പദ്ധതിയെ വിശേഷിപ്പിച്ചത്. എന്നാല്‍ തങ്ങളോട് കൂടിയാലോചിക്കാതെയാണ് പദ്ധതി നടപ്പിലാക്കിയതെന്ന ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു.

എന്നാല്‍ പഴയകാല വിദ്യാഭ്യാസ നയങ്ങളിലേക്ക് തിരിച്ചുപോകാനുളള ശ്രമങ്ങളെ ഏത് വില കൊടുത്തും തടയുമെന്ന് ഉപപ്രധാനമന്ത്രിയും ലിബറല്‍ ഡെമോക്രാറ്റിക് നേതാവുമായ നിക്ക് ക്ലെഗ്ഗ് പറഞ്ഞു. പുതിയ പദ്ധതികള്‍ ഗവണ്‍മെന്റിന്റെ നയമല്ലെന്നും ഇതിനെ പറ്റി സഖ്യകക്ഷികള്‍ക്കിടയില്‍ ചര്‍ച്ച ചെയ്ത് സമവായമുണ്ടാക്കിയിട്ടില്ലെന്നും ബ്രസീലിലെ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കവേ ക്ലെഗ്ഗ് വ്യക്തമാക്കി. പരീക്ഷാസമ്പ്രദായം സ്ഥിരമായി പരിഷ്‌കരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇത്തരമൊരു നീക്കം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണന്നും വിദ്യാഭ്യാസത്തെ രണ്ടാംതരത്തിലേക്ക് മാറ്റുന്ന ഒന്നിനും താന്‍ കൂട്ടുനില്‍ക്കില്ലന്നും ക്ലെഗ്ഗ് വ്യക്തമാക്കി.

പദ്ധതിക്കെതിരേ ടീച്ചിംഗ് യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ വിദഗ്ദ്ധാഭിപ്രായം ലഭിച്ചതിന് ശേഷമേ പരീക്ഷാസമ്പ്രദായത്തില്‍ മാറ്റം വരുത്തു എന്ന് ഡൗണിങ്ങ് സ്ട്രീറ്റ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഒ- ലെവല്‍ തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് വിശദീകരണം ലഭിച്ചിട്ടില്ല. വിദ്യാഭ്യാസം കുറവുളള കുട്ടികള്‍ക്ക് പഴയ രീതിയിലുളള സിഎസ്ഇക്ക് സമാനമായ പരീഷയെഴുതി യോഗ്യത നേടുകയും ഒ – ലെവല്‍ വിദ്യാര്‍ത്ഥിക്ക് ഓരോ വിഷയത്തിനും എക്‌സാം ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന ഗോള്‍ഡ് സ്റ്റാന്റേര്‍ഡ് പരീക്ഷ പാസ്സാകുകയും ചെയ്യുന്ന തരത്തിലാണ് പരിഷ്‌കാരം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. 2014 മുതല്‍ പദ്ധതി നടപ്പിലാക്കാനാണ് നീക്കം. പല സ്‌കൂളുകളിലേയും എക്‌സാം ബോര്‍ഡുകള്‍ പരീക്ഷ ലളിതമാക്കി വിജയ ശതമാനം കൂട്ടാന്‍ ശ്രമിക്കുന്നതിന് ഇതോടെ അന്ത്യമാകുമെന്നാണ് കരുതുന്നത്.

പുതിയ പദ്ധതിക്ക് ഡേവിഡ് കാമറൂണ്‍ പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്. ജീ 20 ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയതിനാല്‍ താന്‍ ഇതുവരെ മൈക്കല്‍ ഗോവുമായി ചര്‍ച്ച നടത്തിയില്ലെന്നും അതിനാല്‍ വിശദാംശങ്ങളിലേക്ക് കടക്കാനാകില്ലെന്നും കാമറൂണ്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. എന്നാല്‍ ഇതിനിടയില്‍ പദ്ധതിയുടെ കരട് ചോര്‍ന്നത് സങ്കടകരമാണന്നും ഇത് ലിബറല്‍ ഡെമോക്രാറ്റുകളില്‍ നീരസം ഉണ്ടാക്കിയിട്ടുണ്ടെന്നും അവരോട് ആലോചിക്കാതെയാണ് പദ്ധതി തയ്യാറാക്കിയതെന്ന് കരുതാന്‍ കാരണമായിട്ടുണ്ടെന്നും കാമറൂണ്‍ അറിയിച്ചു. എന്നാല്‍ പദ്ധതിയുടെ കരട് മാത്രമേ തയ്യാറായിട്ടുളളുവെന്നും ഇത് സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്തശേഷമേ അന്തിമരൂപം പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയുളളുവെന്നും ഗവണ്‍മെന്റിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.