ബ്രിട്ടനിലെ ഏറ്റവും വലിയ ശവസംസ്കാര സ്ഥാപനമായ ഫ്യൂണറല്‍കെയറിന്റെ സ്റ്റോര്‍റൂമില്‍ നൂറ് കണക്കിന് മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. മൃതദേഹങ്ങളോട് കടുത്ത അനാദരവ് പ്രകടിപ്പിക്കുന്ന ദൃശൃങ്ങള്‍ ചാനല്‍ ഫോറാണ് ഇന്നലെ സംപ്രേക്ഷണം ചെയ്തത്. മരിച്ചുപോയവരെ എല്ലാ ആദരവോടും കൂടി സംസ്കരിച്ചു എന്ന് കരുതിയ ബന്ധുക്കള്‍ക്ക് കനത്ത ആഘാതമായി ഇന്നലെ പുറത്തുവന്ന വാര്‍ത്ത. രഹസ്യ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോയില്‍ മൃതദേഹങ്ങള്‍ ടിവി സെറ്റുകള്‍
കൂട്ടിയിട്ടിരിക്കുന്ന പോലെ കൂട്ടിയിട്ടിരിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്.
കടുത്ത അനാദരവാണ് ഫ്യൂണറല്‍ കെയര്‍ അദികൃതര്‍ മൃതദേഹങ്ങളോട് കാണിക്കുന്നതെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. പല ശവപ്പെട്ടികളുടേയും മൂടികള്‍ തുറന്ന നിലയിലാണ്. നിരവധി പരാതികളാണ് ഫ്യൂണറല്‍ കെയര്‍ സ്റ്റാഫിനെതിരെ ഉയര്‍ന്നു വന്നിട്ടുളളത്. മുതദേഹങ്ങളോട് കടുത്ത അനാദരവ് പ്രകടമാക്കുന്ന രീതിയിലാണ് സ്റ്റാഫിന്റെ പെരുമാറ്റം. ചിലര്‍ സംസ്കാരത്തിന് ആവശ്യമായ സാധനങ്ങള്‍ക്ക് കനത്ത വില ഈടാക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് നിയമത്തിന് എതിരാണ്. അടുത്തയിടെ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം സംസ്കരിക്കാന്‍ കൊണ്ടുപോയ മൃതദേഹം മാറിപ്പോയതിനെ തുടര്‍ന്ന് സംസ്കാര നടപടികള്‍ പകുതിക്ക് വച്ച് നിര്‍ത്തേണ്ട അവസ്ഥയും വന്നിട്ടുണ്ട്.
ഒരു വര്‍ഷം ശരാശരി ഒരു ലക്ഷത്തിലധികം ശവസംസ്കാര ചടങ്ങുകളാണ് ഫ്യൂണറല്‍ കെയറില്‍ നടക്കാറുളളത്. ചാനല്‍ ഫോറിന്റെ പുതിയ കണ്ടെത്തെലുകള്‍ ഞെട്ടിക്കുന്നതാണന്നും സംഭവത്തെകുറിച്ച് അന്വേഷിക്കുമെന്നും കോ- ഓപ്പറേറ്റീവ് ഫ്യൂണറല്‍ കെയറിന്റെ മാനേജിങ്ങ് ഡയറക്ടര്‍ ജോര്‍ജ്ജ് ടിന്നിംഗ് പറഞ്ഞു. സംഭവത്തില്‍ സ്ഥാപനം ഖേദം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു സംഭവത്തെകുറിച്ച് അറിവില്ലായിരുന്നുവെന്ന് മുന്‍ ഫ്യൂണറല്‍ ഓംബുഡ്സ്മാന് പ്രൊഫസര്‍ ജിയോഫറി വുഡ്റോഫി പറഞ്ഞു. വാര്‍ത്ത ഞെട്ടിക്കുന്നതാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നാഴ്ച മുന്‍പാണ് ഹാംഷെയറിലുളള ചാനല്‍ ഫോര്‍ ലേഖകന്‍ ഫ്യൂണറല്‍ കെയറിന്റെ ഈ വെയര്‍ഹൗസിലെത്തി ചിത്രങ്ങള്‍ ഷൂട്ട് ചെയ്തത്. ഒരു ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് നടുവിലാണ് വിശാലമായ ഈ ഹബ്ബ്. ഒരു വിശാലമായ ഗാരേജും അതിന് തൊട്ടടുത്തായി ഒരു സ്ട്രോംഗ് റൂമുമാണ് ഇവിടുളളത്. സ്ട്രോംഗ് റൂമില്‍ ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ പെട്ടികളിലാക്കി സൂക്ഷിച്ചിരിക്കുന്നു. തൊട്ടടുത്ത് തന്നെ വിശാലമായ ശീതീകരിച്ച മോര്‍ച്ചറി. നിരവധി റാക്കുകളിലായിട്ടാണ് ഇവിടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. പ്രത്യേകിച്ച് പരിശീലനം ഒന്നും ലഭിക്കാത്ത തൊഴിലാളികളാണ് മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത്. പല മൃതദേഹങ്ങളും റാക്കില്‍ നിന്ന് തെന്നിമാറി പുറത്തേക്ക് വീഴാവുന്ന അവസ്ഥയിലാണ്. പലമൃതദേഹങ്ങളും നഗ്നമായ അവസ്ഥയിലാണ്. ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങളും മോശമാണന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല