അസ്സമില്‍ ഗുവഹട്ടിയിലെ ചച്ചാല്‍ മേഖലയിലെ ചെറുതടാകത്തില്‍ തിങ്കളാഴ്ച മീന്‍പിടിയ്ക്കാനെത്തിയവര്‍ക്ക് കിട്ടിയത് ലക്ഷങ്ങളുടെ നോട്ട് ചാകര.ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് മീന്‍പിടുത്തക്കാരുടെ വലയില്‍ കുരുങ്ങിയത്.
തടാകത്തില്‍ മീന്‍പിടുത്തത്തിനു പോയ പ്രദേശവാസികളിലൊരാളാണ് ജലാശയത്തില്‍ കൂട്ടത്തോടെ ഒഴുകി നടക്കുന്ന നോട്ടുകള്‍ കണ്ടത്. നോട്ടുകെട്ടുകള്‍ ആദ്യംകണ്ണില്‍പ്പെട്ടയാള്‍ക്ക് കിട്ടിയത് ഏതാണ്ട് ഒന്നരലക്ഷത്തോളം രൂപയാണ്.
തടാകത്തില്‍ ഇന്ത്യന്‍ റുപ്പിയുടെ ചാകരയുണ്ടെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നതോടെ നാട്ടുകാര്‍ ഒന്നടങ്കം വെള്ളത്തിലിറങ്ങി ഭാഗ്യപരീക്ഷണം തുടങ്ങി. വെള്ളം അലര്‍ജിയായവര്‍ പോലും ഭാഗ്യം പരീക്ഷിക്കാന്‍ തടാകത്തില്‍ മുങ്ങിത്തപ്പി. കുറഞ്ഞത് ഒരാള്‍ക്ക് ആയിരത്തിന്റെ രണ്ട് നോട്ടുകളെങ്കിലും കിട്ടിയിട്ടുണ്‌ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മറ്റു ജോലികളെല്ലാം നിര്‍ത്തിവെച്ച് നോട്ടുവാരാങ്ങാനിറങ്ങിയ ചച്ചാല്‍ പ്രദേശവാസികള്‍ക്ക് നിരാശപ്പെടേണ്ടി വന്നില്ലെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാം കഴിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് നോട്ടിന്റെ പൊടിപോലും കണ്ടെത്താനുമായില്ല. തടാകത്തില്‍ ഒഴുകി നടന്ന നോട്ടുകള്‍ ഒറിജിനലാണെന്ന് സംഭവം കീശയിലാക്കിയവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഏറെ വൈകി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇത്രയധികം നോട്ടുകള്‍ തടാകത്തില്‍ വന്നതെങ്ങനെയെന്ന ചോദ്യം ദുരൂഹമായി തുടരുകയാണ്. കള്ളപ്പണം കടത്തുന്നതിനിടെ ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഇവ തടാകത്തില്‍ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നാണ് പോലീസിന്റെ സംശയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല