ഇന്ധന നികുതി മൂന്ന് പെന്നി വര്‍ദ്ധിപ്പിക്കാനുളള തീരുമാനം മരവിപ്പിച്ചതായി ചാന്‍സലര്‍ ജോര്‍ജ്ജ് ഒസ്ബോണ്‍. ഈ ആഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍ വരാനിരുന്ന ഇന്ധന നികുതി വര്‍ദ്ധനവാണ് അടുത്ത ഒരു വര്‍ഷത്തേക്ക് ചാന്‍സലര്‍ ജോര്‍ജ്ജ് ഒസ്ബോണ്‍ മരവിപ്പിച്ചിരിക്കുന്നത്. നികുതി വര്‍ദ്ധനവ് വഴി 500 മില്യണ്‍ പൗണ്ടിന്റെ അധികവരുമാനമായിരുന്നു ഖജനാവിലേക്ക് ലഭിക്കേണ്ടിയിരുന്നത്. വാഹന ഉടമകള്‍ ഒസ്ബോണിന്റെ തീരുമാനത്തില്‍ ആഹ്ലാദം രേഖപ്പെടുത്തി.
ഒളിമ്പിക്സിന്റെ സമയത്ത് നികുതി വര്‍ദ്ധിപ്പിക്കാനുളള തീരുമാനം .യുകെയില്‍ കരിനിഴല്‍ പടര്‍ത്തുമെന്ന് മുന്‍പ് എഎ അഭിപ്രായപ്പെട്ടിരുന്നു. നിലവില്‍ ഇന്ധന നികുതി പത്ത് പെന്നിയാണ്. ഇത് ലേബര്‍പാര്‍ട്ടി ഏര്‍പ്പെടുത്തിയതില്‍ നിന്നും കുറവാണന്നും ഒസ്ബോണ്‍ അഭിപ്രായപ്പെട്ടു. ഗവണ്മെന്റ് സാധാരണക്കാരന്റെ പക്ഷത്താണന്നും ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ഒരു നികുതി വര്‍ദ്ധന സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്നതാണന്നും അതിനാലാണ് തീരുമാനം മരവിപ്പിച്ചതെന്നും ഒസ്ബോണ്‍ അറിയിച്ചു.
ഗവണ്മെന്റിന്റെ തീരുമാനത്തെ ആര്‍എസി ഫൗണ്ടേഷന് ഡയറക്ടര്‍ സ്റ്റീഫന്‍ ഗ്ലാസ്റ്റെര് സ്വാഗതം ചെയ്തു. നികുതി വര്ദ്ധിപ്പിച്ചിരുന്നെങ്കില് രാജ്യത്തെ പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ് ഉണ്ടായേനെ. രാജ്യന്തര വിപണിയില്‍ ഇന്ധനത്തിന് വില കുറയുന്നതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിക്കാതിരിക്കാനെ വിലവര്‍ദ്ധന ഉപകരിക്കുമായിരുന്നുളളുവെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ ഇന്ധന വിലയില്‍ സുതാര്യത ഉറപ്പാക്കണമെന്നും വിലക്കുറവിന്റെ ആനുകൂല്യം യഥാര്‍ത്ഥത്തില്‍ വാഹന ഉടമകള്‍ക്ക് ലഭിക്കുന്നുണ്ടോയെന്നും പരിശോധിക്കണമെന്നു എഎയുടെ പ്രസിഡന്റ് എഡ്മണ്ട് കിംഗ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല