കോഴിക്കോട് സമാപിച്ച 20- ാം പാര്‍ട്ടി കോണ്‍ഗ്രസ് മുന്നോട്ടുവച്ച നയസമീപനങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും വിജയിപ്പിക്കുക എന്ന തീരുമാനവുമായി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌സ് ജി ബി പതിനാറാമത് കോണ്‍ഫറന്‍സ് ലെസ്റ്ററില്‍ സമാപിച്ചു. 55 പ്രതിനിധികളും 8 നിരീക്ഷകരും രണ്ട് വിശിഷ്ടാതിഥികളും സമ്മേളനത്തിന്റെ സജീവസാന്നിധ്യമായി. ലെസ്റ്ററിലെ സഖാവ് ഹര്‍കിഷന്‍സിംഗ് സുര്‍ജിത് ഹാളില്‍ നടന്ന പരിപാടികളില്‍ ബ്രിട്ടനിലേയും അയര്‍ലന്റിലേയും 13 യുണിറ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നു. ദേശീയ അന്തര്‍ദേശീയരംഗത്ത് നടക്കുന്ന മാറ്റങ്ങളോട് ഇടതുപക്ഷം ഏതുരീതിയില്‍ സമീപിക്കണമെന്ന സമ്മേളനത്തില്‍ പങ്കെടുത്ത സിപിഎം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി വിശദീകരിച്ചു. ആഗോളതലത്തില്‍ മുതലാളിത്തം നേരിടുന്ന തകര്‍ച്ചയെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം സിപിഎം നയപരിപാടികള്‍ ഇതിലൂടെ വീണ്ടുംവീണ്ടുംശരിയാണെന്ന് തെളിയക്കപ്പെടുകയാണെന്ന് സമര്‍ത്ഥിച്ചു. ഇന്ത്യയില്‍ ഈ പ്രശ്‌നത്തെ ഫലപ്രദമായി നേരിടാന്‍ ഇടതുപക്ഷം ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയേയും അദ്ദേഹം ഓര്‍മിപ്പിച്ചു. ജൂണ്‍ 23, 24 തീയതികളില്‍ നടന്ന സമ്മേളനത്തിലെ ചര്‍ച്ചകളില്‍ 38 പ്രതിനിധികള്‍ സജീവമായി ഇടപെട്ടു. എഐസി സെക്രട്ടറി അവ്താര്‍ സിദ്ദിഖ് അസുഖബാധിതനായതിനാല്‍ ഹെര്‍സീവ് ബെയിന്‍സാണ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
ഉദ്ഘാടനദിവസം 3 മണിക്ക് രജിസ്‌ട്രേഷനോടെ സമ്മേളനം ആരംഭിച്ചു. 4 മണിക്ക് ഉദ്ഘാടനവും, രക്തസാക്ഷി അനുസ്മരണവും നടന്നു. തുടര്‍ന്നു 6.30ന് പൊതുറാലിയെ അഭിസംബോധന ചെയ്ത് സീതാറാം യെച്ചൂരി സംസാരിച്ചു. യെച്ചൂരിക്ക് ശേഷം റോബ് ഗ്രിഫിത്സും മറ്റു പ്രതിനിധികളും ചടങ്ങില്‍ സംസാരിച്ചു. പിബി അംഗം എം. എ. ബേബിയുടെ നിര്‍ദേശപ്രകാരം രൂപപ്പെടുത്തിയ എ. ഐ. സിയുടെ വികസനനയം സീതാറാം യെച്ചൂരി ചടങ്ങില്‍ അവതരിപ്പിച്ചു. സോഷ്യലിസ്റ്റ് ആശയങ്ങളുടെ വേദിയൊരുക്കുന്നതിന് എഐസി തയ്യാറാക്കിയ തയ്യാറാക്കിയ : www.indobrit.org എന്ന വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും സീതാറാം യെച്ചൂരി നിര്‍വഹിച്ചു.
പുതിയ ഭാരവാഹികളായി ഹര്‍സീവ് ബെയിന്‍സ് (സെക്രട്ടറി) അവതാര്‍ സിദ്ദിഖ്, ജോഗീന്ദര്‍ സിംഗ് ബെയിന്‍സ്, ഗുര്‍മെല്‍ സിംഗ്, ദയാല്‍ ബാഗ്‌രി (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. രാജീന്ദര്‍ ബെയിന്‍സ് (ട്രഷറര്‍) ബല്‍വന്ദ് ഹിരെയ്ന്‍, മൊഹിന്ദര്‍ സിംഗ്, മൊഹിന്ദര്‍ ഫാര്‍മ, കാര്‍മല്‍ മിരാണ്ട, മന്‍ജിത് ബോല എന്നിവരാണ് ഇ.സി അംഗങ്ങള്‍. കമ്മിറ്റിയിലെ പ്രത്യേകക്ഷണിതാക്കളായി മലയാളിയായ ബൈജു തിട്ടാല, സുഗതന്‍, ശ്രീകുമാര്‍, അജിത് നാരായണന്‍, എബി എബ്രഹാം എന്നിവരെ തെരഞ്ഞെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല