ആരോഗ്യത്തില്‍ ബദ്ധശ്രദ്ധരായവര്‍ക്കായി… കൊളസ്ട്രോള്‍ കുറക്കാനായി കാര്‍ബോഹൈഡ്രറ്റ് അടങ്ങിയ ഭക്ഷണം കുറച്ച് പ്രോട്ടീനടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുന്നവരെ കാത്തിരിക്കുന്നത് ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങളെന്ന് വിദഗ്ദ്ധര്‍. കാര്‍ബോഹൈഡ്രറ്റ് അടങ്ങിയ ഭക്ഷണം ദിവസവും 20ഗ്രാമില്‍ കുറക്കുകയും പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങള്‍ അഞ്ച് ഗ്രാം കൂട്ടുകയും ചെയ്യുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ അഞ്ച് ശതമാനം വരെ കൂട്ടാന്‍ കാരണമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
എന്നാല്‍ ഭക്ഷണത്തിന്റെ അളവ് കൂടുന്നതിന് അനുസരിച്ച് ഹൃദ്രാഗം, സ്ട്രോക്ക് തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകാനുളള ചാന്‍സ് 60 ശതമാനം വരെ ഉയരുന്നതായിയും ഗവേഷകര്‍ കണ്ടെത്തി. ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഡയറ്റ് ചെയ്യുന്ന യുവതികളിലാണ് ഇത്തരം അസുഖങ്ങളുണ്ടാകാനുളള സാധ്യത ഏറെയുളളത്. ദീര്‍ഘകാലം കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞതും പ്രോട്ടീന്‍ കൂടുതലുളളതുമായ ഭക്ഷണം കഴിക്കേണ്ടി വരുന്നതാണ് ഇത്തരക്കാരില്‍ അസുഖമുണ്ടാകാന് കാരണമാകുന്നത്. ജര്‍മ്മന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ ന്യൂട്രീഷനിലെ ഡോ. അന്നാ ഫ്ളോജെലും ബെര്‍ലിനിലെ മാക്സ് ഡെല്ബ്രക്ക് സെന്റര്‍ ഫോര്‍ മോളിക്കുലാര്‍ മെഡിസിനിലെ തോബിയാസ് ഫിസ്കണുമാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്. ഇത്തരം ഭക്ഷണങ്ങളുടെ ജനപ്രീയതക്കൊപ്പം തന്നെ ഇവ ദീര്‍ഘകാലം കഴിച്ചാലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും വേണമെന്ന് ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാലന്‍സ്ഡ് ഡയറ്റിന്റെ ആവശ്യകതയാണ് പുതിയ പഠനം സൂചിപ്പിക്കുന്നതെന്ന് ബ്രട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനിലെ വിക്ടോറിയ ടെയ്ലര് പറഞ്ഞു. ഏതെങ്കിലുമൊരു ന്യുട്രിയന്റ് കുറച്ചോ കൂട്ടിയോ ശരീരഭാരം ക്രമീകരിക്കുന്നതിന് പകരം ബാലന്‍സ്ഡ് ആയുളള ഒരു ഭക്ഷണ രീതിയാണ് ദീര്‍ഘകാലത്തേക്കുളള ആരോഗ്യത്തിന് നല്ലതെന്നും വിക്ടോറിയ കൂട്ടിച്ചേര്‍ത്തു. കാര്‍ബോ ഹൈഡ്രേറ്റ് കൂടുതലുളള ഭക്ഷണങ്ങളെ ഒഴിവാക്കി പ്രോട്ടീന്‍ കൂടുതലുളള ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ആട്കിന് ഡയറ്റ് എന്ന പേരില്‍ അറിയപ്പെടുന്നത്. 2003ലാണ് അട്കിന്‍ ഡയറ്റ് ഒരു ഫാഷനായി മാറുന്നത്.ബ്രിട്ടനില്‍ മാത്രം ഇക്കാലയളവില്‍ ശരീരഭാരം കുറക്കാനായി മൂന്ന് മില്യണ്‍ ആളുകള്‍ അട്കിന്‍ ഡയറ്റ് സ്വീകരിച്ചിരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അട്കിന്‍ ഡയറ്റ് 15 വര്‍ഷമായി ശീലമാക്കിയ 39നും 49നും ഇടയില്‍ പ്രായമുളള 43,000 സ്വീഡിഷ് സ്ത്രീകളിലാണ് ഇത് സംബന്ധിച്ച പരീക്ഷണം നടന്നത്. ഇവരില്‍ 1,270 പേര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായതായി ഗവേഷകര്‍ കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല