കഥ
റോബിന്‍സ് പോള്‍
കാറ്റ് വീഴുന്ന ഇടവഴിയിലൂടെ നേര്‍ത്ത പകല്‍ കടന്നുപോയ്‌ക്കൊണ്ടിരുന്നു. തണുപ്പിറ്റ് വീഴുന്ന ഒരു കോണില്‍ വെറുതേ ഇരിക്കുകയാണ് ഞാന്‍. സ്വപ്‌നസഞ്ചാരികള്‍ (?) വഴിയിലൂടെ മെല്ലെ നടന്നു നീങ്ങുന്നു. ആലസ്യത്തിന്റെ പുകച്ചുരുളുകള്‍ പുകയ്ക്കുന്ന യൗവ്വനം.ഓര്‍മ്മകള്‍ അതുമാത്രമാവുമ്പോള്‍,അതില്‍ ജീവിക്കാന്‍ തന്നെ ഒരു സുഖമാണ്. കണ്ണുകളടച്ചു, വായില്‍ കുരുങ്ങിയ കരച്ചില്‍ നുണഞ്ഞ് വഴിമറയുന്ന ബാല്യം. സ്റ്റാര്‍ ബീക്‌സിന്റെ വലിയ കോപ്പയില്‍ നിന്നും ആവി പടര്‍ന്ന് പൊങ്ങുന്നു. ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ പിന്നോട്ടാക്കി.
തുറന്നു കിടക്കുന്ന ജനാലയിലൂടെ രാമനാമജപം ഒഴുകിയെത്തുന്നു. സോപ്പിന്‍കായകള്‍ കൊണ്ട് പുതപ്പ് കഴുകുന്ന മൂത്തപണിക്കത്തി. രാമനാമജപം തുടങ്ങിയാല്‍ അങ്ങോട്ട് പോകുന്നതു വിലക്കാണു. നര്‍ണ്ണസന്ധ്യക്ക് വെളളം തേവുവാന്‍ പോയ അമ്മയോട് മൂത്തപണിക്കത്തി കയര്‍ക്കുന്നതു ഞാന്‍ സ്ഥിരം കേള്‍ക്കാറുണ്ട്. കാരണം ആ സമയങ്ങളില്‍ ജലപാനം പോലും പാടില്ലത്രേ. ഒഴുകിവരുന്ന ജപം അവസാനിക്കുന്നില്ല.
‘ രാമരാമരാമരാമരാമരാമ പാഹിമാം
രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം’
പഠിക്കുവാന്‍ തുറന്നുവച്ച പുസ്തകം പതിയെ മടക്കി ഇന്നലെ വായിച്ചു തുടങ്ങിയ ഒ.വി. വിജയനെ മുന്നില്‍ പ്രതിഷ്ഠിച്ചു. ‘ എടാ റോബിയേ’ എവിടെനിന്നോ വിളിവന്നു, നോക്കുമ്പോള്‍ അമ്മയാണ്.
‘നിനക്ക് പഠിക്കാന്‍ ഒന്നുമില്ലല്ലോ അല്ലേ, അതോ ഇതും പഠിച്ചോണ്ടിരുന്നാല്‍ മതിയോ. അപ്പന്‍ ഇപ്പോ കയറിവരും.അങ്ങേരിതെങ്ങാനും കണ്ടാമതി നിന്റെ വായനശാലേലെ പോക്കും എന്റെ വല്ലപ്പോഴുമുളള വായനയും നില്‍ക്കും’
ഞാന്‍ ഒന്നും പറഞ്ഞില്ല, ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി. അമ്മ വീണ്ടും പറഞ്ഞു
‘ ദേ ഈ ചെക്കനെന്നാ പറ്റിയേ, പിന്നേ, എടാ തങ്കപ്പന്‍ പണിക്കന്‍ നിന്നെ തിരക്കിയിരുന്നു’
‘ ആണോ, എന്നാ ഞാനിപ്പവരാം’ അപ്പുറത്തെ തൊടിയിലാണ് തങ്കപ്പന്‍ പണിക്കന്റെ വീട്. പണിക്കനും പണിക്കത്തിക്കും പിന്നെ ചേച്ചിമാര്‍ക്കും എന്നെ വലിയകാര്യമാണ്. കാരണം സാധാരണ മാപ്പിള ചെറുക്കന്‍മാരെ പോലെയല്ല എനിക്ക് കുറച്ചൊക്കെ വൃത്തിയും വെടിപ്പുമുണ്ട്.
വെട്ടുകല്ലുകൊണ്ടുളള കയ്യാല ചാടിക്കടന്ന് ഞാന്‍ അപ്പുറത്തേക്കോടി. ‘ഭാഗ്യം നാമജപം തീര്‍ന്നെന്നു തോന്നുന്നു. ആ മൂത്ത പണിക്കത്തിയുടെ നോട്ടോം ചീത്തവിളിയും കേള്‍ക്കെണ്ടല്ലോ, പിന്നെ ചേച്ചിമാരോടു പുതിയ അമര്‍ചിത്രകഥ വല്ലതും വന്നോന്നു ചോദിക്കണം. ഒ.വി. വിജയനും അമര്‍ചിത്രകഥയും എന്തൊരു ചേര്‍ച്ച. ശരിക്കും പറഞ്ഞാല്‍ ഈ ഒ.വി.വിജയനെ എനിക്കങ്ങു ശരിക്കും മനസ്സിലായിട്ടൊന്നുമല്ല, പിന്നെ അമ്മ വായിക്കുന്ന പുസ്തകമല്ലേ, കൂടാതെ പതുക്കെ എല്ലാം മനസ്സിലായിക്കോളും എന്നു വായനശാലയിലെ പാര്‍ട്ടിക്കാരന്‍ ചേട്ടനും പറഞ്ഞുതന്നിട്ടുണ്ടല്ലോ’
പതുക്കെ ഇറയത്തേക്ക് കയറി. ഏതാണ്ട് തുറന്ന ഇറയവും അരപ്ലേസുമായിട്ടാണ് പണിക്കന്റെ വീട്. ഒരറ്റത്ത് മുറുക്കാനിടിക്കുന്ന കല്ലും മറ്റേയറ്റത്ത് തറയില്‍ നെടുകേയിട്ടിരിക്കുന്ന തഴപ്പായയും പതിവ് കാഴ്ചയാണ്. പായയുളള ഭാഗത്തേക്ക് ഞാന്‍ പോകാറില്ല. കാരണം പണിക്കന്റെ തളള ആ മൂത്തപണിക്കത്തി മിക്കപ്പോഴും അവിടെ കാണും. എന്തായാലും പുളളിക്കാരിയിന്നവിടെയില്ലെന്നു തോന്നുന്നു. ” ചേച്ചിയേ…’ ഞാനൊന്നൂടെ ഉറക്കെ വിളിച്ചു. ‘തങ്കപ്പന്‍ പണിക്കനെന്തിയേ?’ ഭാമേച്ചി ഇറങ്ങി വന്നു.
‘ എന്താടാ ഇന്നു നീ താമസിച്ചതു ഭയങ്കര പഠിത്തമായിരിക്കും അല്ലേ’
‘ചേച്ചീ…’ ഞാന്‍ നീട്ടിവിളിച്ചു. ‘ വായിക്കാനൊന്നുമില്ലേ’
‘പോടാ ചെറുക്കാ എനിക്കേ അടുത്താഴ്ച പരീക്ഷയാ, പിന്നാ കഥാപുസ്തക വായന’
‘ എന്നാ പിന്നെ എനിക്കാ രാമായണമിങ്ങുതാ’ ഞാന്‍ വെറുതേ ചോദിച്ചു.
‘ പോടാ, എന്നിട്ടുവേണം എനിക്ക് അമ്മൂമ്മേടെ കൈയ്യീന്നു വഴക്കുകിട്ടാന്‍, അതേ, ക്രിസ്ത്യാനികള്‍ രാമായണത്തില്‍ തൊടാന്‍ പോലും പാടില്ലത്രേ’
അപ്പോഴേക്കും പണിക്കന്‍ വായില്‍ മുറുക്കാന്‍ ചവച്ചുകൊണ്ടിറങ്ങി വന്നു.
‘കയറിയിരിക്കെടാ കൊച്ചേ, എന്നാ ഉണ്ട് വിശേഷം’ മുറുക്കാന്‍ തുപ്പല്‍ നീട്ടീ മുറ്റത്തേക്ക് തുപ്പി അരപ്ലേസിലിരുന്ന് പണിക്കന്‍ വീണ്ടും ചോദിച്ചു.
‘ പിന്നേയ്, എന്തായി ഞാന്‍ പറഞ്ഞ കാര്യം. നീ നിന്റെ പളളീലച്ചനോട് ചോദിച്ചോ’ തോളുകള്‍ കുലുക്കി ഇല്ല എന്നു ഞാന്‍ ആംഗ്യം കാട്ടി.’അതെങ്ങെനാടാ നിനക്കു ചോദിക്കാന്‍ പറ്റുമോ? എല്ലാവരും ഒന്നാണെന്നു പറഞ്ഞാ ഈ അച്ചന്‍മാരും, പളളിക്കാരും, പോറ്റിമാരും, അമ്പലക്കമ്മിറ്റികാരുമൊക്കെ എന്നാ ചെയ്യും അല്ലേ’
പണിക്കന്‍ കഴിഞ്ഞദിവസം പറഞ്ഞതു ഞാനോര്‍ത്തു. അവരുടെ ദൈവോം നമ്മുടെ കര്‍ത്താവും എല്ലാം ഒന്നാണെന്ന്, പത്ത് കല്പ്പനകളും, പത്ത് അവതാരങ്ങളും, ത്രിത്വവും, ബ്രഹ്മാവിഷ്ണുമഹേശ്വര സങ്കല്‍പ്പത്തിന്റെ സാദ്യശ്യവും നമ്മുടെ പിതാവും, പുത്രനും, പരിശുദ്ധാത്മാവും എല്ലാം അക്കമിട്ടു നിരത്തി പറഞ്ഞു പഠിപ്പിച്ചുതന്നു ഈ രണ്ടാം ക്ലാസ്സ് വരെ പഠിച്ച കല്‍പ്പണിക്കാരനായ തങ്കപ്പന്‍ പണിക്കന്‍.
അപ്പോഴേക്കും അമ്മ വീട്ടില്‍ നിന്നു വന്നു ‘ പണിക്കോ, ആ റേഡിയോ ഒന്നു വെച്ചേ, ഇന്നല്ലെ നാടകം ഉളളത്, സതീഷ് ചന്ദ്രനൊക്കെയുളളതാ…’
‘ ശരിയാണല്ലോ, എട്ടുമണിയാകുന്നു, റോബിടമ്മ ആ തിണ്ണേലേക്കിരി, ഞാന്‍ റേഡിയോ എടുത്തോണ്ടു വരാം’. അന്നു പണിക്കന്റെ വീട്ടില്‍ മാത്രമേ റേഡിയോ ഉളളു. അതിന് തടികൊണ്ടുളളൊരു പെട്ടിയൊക്കെ ഉണ്ടാക്കി നീലനിറം പൂശി സൂക്ഷിച്ചിരുന്നു. പണിക്കന്‍ റേഡിയോയുമായി വന്നു.കൂടെ പണിക്കത്തിയും മറ്റ് ചേച്ചിമാരും. ‘ ആകാശവാണി, തിരുവനന്തപുരം, ആലപ്പുഴ….’
ഓര്‍മ്മകള്‍ക്ക് മടക്കം
വെളിച്ചം കുറക്കാതെ
വെയില്‍ എവിടെയോ മറഞ്ഞിരിക്കുന്നു.
നിയോണ്‍ വസന്തത്തിന്റെ ചുന കുടിച്ച
ധൂര്‍ത്ത കൗമാരവും
ജലഗിത്താറിന്റെ ലൈലാകഗാനവും’
ചുളളിക്കാട് ഘനമുളള സ്വരത്തില്‍ എവിടെയോ പാടിനിര്‍ത്തി.
സ്വര്‍ണ്ണതലമുടിക്കാരി വെറുതേ പുഞ്ചിരിച്ചു.
അപരിചിതന്‍ നേരമുന്തിക്കാന്‍ എന്തോ പുലമ്പി…
കൈയ്യിലെരിഞ്ഞ സിഗരറ്റ് തീര്‍ന്നിരിക്കുന്നു. ഇനി തിരികെ പോണം. സ്റ്റാര്‍ബെക്‌സ് അടക്കാറായി. ഇനിയും ഒരു കാപ്പിക്കുളള സമയമില്ല. ഇവിടുത്തുകാര്‍ സമയനിഷ്ഠയുളളവരാണല്ലോ. പോയിട്ടുവേണം ഭാര്യയെ ഡ്യൂട്ടിയില്‍ നിന്ന വിളിച്ചോണ്ട് വരാന്‍. എന്തായാലും ഇന്നൊരു ടേക്ക് എവേ എടുക്കാം. ചെന്നിട്ട് വല്ലതും വച്ചുണ്ടാക്കാമെന്ന് പറഞ്ഞാല്‍ ഭാര്യ പിണങ്ങും. പിന്നെ ഇന്നലത്തെ പിണക്കവും എല്ലാം കൂടി എന്റെ തലയില്‍ അവള്‍ മറ്റൊരു നാടകം നടത്തും. അതിന് പഴകിയ ആ റേഡിയോ നാടകത്തിന്റെ സുഖം കാണില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല