യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന് തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ റഫറണ്ടം ആകാമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ഇതോടെ യൂറോപ്പില്‍ ബ്രിട്ടന്റെ പങ്ക് എന്താകണമെന്ന് ഇനി ബ്രിട്ടനിലെ ജനങ്ങള്‍ക്ക് തീരുമാനിക്കാനുളള വഴി തെളിഞ്ഞു. എന്നാല്‍ ഉടനെയൊന്നും റഫറണ്ടം അനുവദിക്കുമെന്ന് കരുതാനാകില്ല. 2015ലെ പൊതുതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചോ അല്ലെങ്കില്‍ അതിനുശേഷമോ ആകും റഫറണ്ടം നടപ്പിലാക്കുന്നത്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ജയിച്ചാല്‍ റഫറണ്ടം അനുവദിക്കുമെന്ന് കാമറൂണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോള്‍ ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വോട്ട് ചെയ്യാനുളള അവകാശം നല്‍കാനാകില്ലെന്നാണ് കാമറൂണിന്റെ പക്ഷം. യൂറോസോണ്‍ പ്രതിസന്ധിക്ക് പരിഹാരം കാണാതെ റഫറണ്ടം അനുവദിക്കുന്നത് കൊണ്ട് കാര്യമായ പ്രയോജനം ലഭിക്കില്ലെന്ന പക്ഷക്കാരനാണ് കാമറൂണ്‍. യൂറോപ്യന്‍ യൂണിയനില്‍ തുടരണോ എന്നത് ചര്‍ച്ച ചെയ്യാനുളള സമയമായെന്നും അതിനാല്‍ തന്നെ റഫറണ്ടത്തെ കുറിച്ച് ചിന്തിക്കാവുന്നതാണെന്നും പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. ചിലപ്പോള്‍ ഇത് സ്വതന്ത്രമായ ഒരു റഫറണ്ടമോ അല്ലെങ്കില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മാനിഫെസ്റ്റോയിലെ ഒരു പ്രഖ്യാപനമോ ആയിരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തി.
എന്നാല്‍ റഫറണ്ടം എന്നുണ്ടാകുമെന്ന കാര്യത്തില്‍ പ്രധാനമന്ത്രി കൃത്യമായ ഒരുത്തരം നല്‍കാത്തത് എന്തെന്ന ചോദ്യത്തിന് യൂറോപ്പ് ഇപ്പോള്‍ ഗുരുതരമായ പ്രതിസന്ധിയില്‍ കൂടി കടന്നുപോവുകയാണന്നും ഇപ്പോഴെടുക്കുന്ന തീരുമാനങ്ങള്ളുടെ പ്രത്യഘാതം മുഴുവന്‍ യൂറോപ്യന്‍ രാജ്യങ്ങളേയും ബാധിക്കുമെന്നും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. യൂറോപ്യന്‍ യൂണിയന്റെ കാര്യത്തില്‍ ബ്രട്ടീഷ് ജനത തീരുമാനമെടുക്കുന്നതിന് മുന്‍പ് യൂറോസോണ്‍ പ്രതിസന്ധി അവസാനിക്കണമെന്നാണ് ഗവണ്മെന്റിന്റെ ആഗ്രഹം.
എന്നാല്‍ റഫറണ്ടം ആകാമെന്ന തീരുമാനം വരുംവര്‍ഷങ്ങളില്‍ കനത്ത വിലപേശലിന് വഴിവെക്കുമെന്നാണ് ബ്രിട്ടന് കരുതുന്നത്. ഗവണ്മെന്റിന്റെ നയങ്ങളില്‍ നിന്നുളള പിന്നോക്കം മറിച്ചിലാണ് റഫറണ്ടം അനുവദിച്ചതെന്ന് വിമര്‍ശകര്‍ പറയുന്നു. അടുത്ത കാലത്തായി കാമറൂണിന്റെ നീക്കങ്ങള്‍ ഭരണത്തിന് ശേഷവും തന്റെ രാഷ്ട്രീയഭാവി സുരക്ഷിതമാക്കാന്‍ തീരുമാനിച്ചുളളതാണ് വിമര്‍ശകരുടെ ആരോപണം. കാമറൂണ്‍ റഫറണ്ടം അനുവദിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ സഖ്യകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റുകള്‍ റഫറണ്ടം വേണ്ടയെന്ന നിലപാടിലാണ്. അടുത്തിടെ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ ബ്രിട്ടനിലെ ഭൂരിഭാഗം ജനങ്ങളും റഫറണ്ടം വേണമെന്ന അഭിപ്രായക്കാരാണ്. ഇതില്‍ തന്നെ നല്ലൊരു പങ്ക് ജനങ്ങളും ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങണമെന്ന ആവശ്യക്കാരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല