ടിപി ചന്ദ്രശേഖരന് വധത്തിന്റെ ആസൂത്രണത്തിനായി ഉപയോഗിച്ച ഫോണാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി മോഹനനെ കുടുക്കിയത്.ടിപി വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കുന്നുമ്മക്കര ലോക്കല്‍കമ്മിറ്റിയംഗം കെസി രാമചന്ദ്രന് സ്വന്തം ഫോണ്‍ ഒഴിവാക്കി 9747170471 എന്ന നമ്പറിലുള്ള മൊബൈല്‍ഫോണാണ് ഉപയോഗിച്ചു വന്നത്. ചന്ദ്രശേഖരന് വധത്തിന് ശേഷം ഈ ഫോണ്‍ പുഴയിലെറിഞ്ഞ് ഉപേക്ഷിക്കുകയും ചെയ്തു. കണ്ണൂര്‍ കരിയാടിന് സമീപമുള്ള മോന്തല്കടവ്പുഴയിലാണ് ഈ ഫോണ്‍ ഉപേക്ഷിച്ചത്.
ഈ ഫോണില്‍ നിന്ന് മോഹനന്റെ ഫോണിലേയ്ക്ക് വന്ന കോളുകളെ പറ്റി ചോദിച്ചപ്പോള്‍ തന്നെ പല പാര്‍ട്ടിനേതാക്കളും വിളിക്കാറുണ്ടെന്നും അവരുടെ നമ്പറിനെ പറ്റി അറിയില്ലെന്നുമായിരുന്നു മോഹനന്റെ പ്രതികരണം.
കുഞ്ഞനന്തന്റെ പാറാട്ടെ വീട്ടില്‍ നിന്ന് രാമചന്ദ്രന് ഇതേ ഫോണ്‍ ഉപയോഗിച്ച് മോഹനനെ വിളിച്ചിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ കൊടിസുനിയും സംഘവും കുഞ്ഞനന്തന്റെ വീട്ടില്‍ ഒത്തുചേര്‍ന്ന സമയത്തായിരുന്നു ഈ ഫോണ്‍കോള്‍ വന്നത്. കുഞ്ഞനന്തന്റെ വീട് സ്ഥിതി ചെയ്യുന്ന പാറാട്ടെ ടവറില്‍ നിന്ന് തന്നെയാണ് കോള്‍ വന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചതോടെ മോഹനന് ഉത്തരംമുട്ടി.
ചന്ദ്രശേഖരനെ വധിക്കാന്‍ പാര്‍ട്ടി തീരുമാനമുണ്ടോ എന്ന് ഉറപ്പിക്കാന്‍ വേണ്ടിയാണ് ഈ ഫോണ്‍കോള്‍ നടത്തിയത്. കുഞ്ഞനന്തന് രാമചന്ദ്രനെ അറിയില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് മോഹനനെ വിളിച്ചത്. ടിപിയെ വധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടോ എന്നാണ് കുഞ്ഞനന്തന് മോഹനനോട് ചോദിച്ചത്. ഇല്ല എന്ന ഒരു വാക്ക് അന്ന് മോഹനന് പറഞ്ഞിരുന്നെങ്കില്‍ ടിപി കൊല്ലപ്പെടില്ലായിരുന്നുവെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. എന്നാല്‍ കൃത്യം നടത്തിയ ശേഷം ഉപേക്ഷിച്ച ഫോണ്‍ പുഴയില്‍ നിന്ന് ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല